2013-08-29 18:05:21

വാഴ്ത്തപ്പെട്ട വ്ലാഡിമീര്‍ ഗീക്കാ
വിശ്വാസത്തിന്‍റെ രക്തസാക്ഷി


29 ആഗസ്റ്റ് 2013, വത്തിക്കാന്‍
ക്രൈസ്തവൈക്യത്തിന്‍റെ ധീരനായ രക്തസാക്ഷി വാല്‍ഡിമീര്‍ ഗീക്കാ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും. കിഴക്കെ യൂറോപ്പിന് വിശ്വാസവെളിച്ചം പകര്‍ന്ന റൊമേനിയായുടെ രക്തസാക്ഷി ഫാദര്‍ വാല്‍ഡിമീര്‍ ഗീക്കാ ആഗസ്റ്റ് 31-ാം തിയതിയാണ് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്. കമ്യൂണിസ്റ്റ് ഭരണകാലത്ത് കിഴക്കെ യൂറോപ്പില്‍ ക്രൈസ്തവ കൂട്ടായ്മയെ ബലപ്പെടുത്താന്‍ പരിശ്രമിച്ച വിശ്വാസത്തിന്‍റെ ധീരനായ രക്തസാക്ഷിയെ 2013 മാര്‍ച്ച് 27-ന് പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച ഔദ്യോഗിക പ്രബോധന പ്രകാരമാണ് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്.

പാപ്പായുടെ പ്രതിനിധിയായെത്തുന്ന വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാല്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മിത്വത്തിലുള്ള തിരുക്കര്‍മ്മങ്ങിളിലായിരിക്കും ധന്യനായ വാല്‍ഡിമീര്‍ ഗീക്കായെ വാഴ്ത്തെപ്പട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതെന്ന് വത്തിക്കാന്‍ റേഡിയോ റൊമേനിയാ വിഭാഗത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ഫാദര്‍ ഡാങ്കാ ഏഡ്രിയന്‍ അറിയിച്ചു.

റോമേനിയായിലെ ബുക്കാറെസ്റ്റ് തൂപതയാണ ഫാദര്‍ വാല്‍ഡിമീറിന്‍റെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനകര്‍മ്മങ്ങളുടെ സംഘാടകര്‍. ആഗസ്റ്റ് 31-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ബുക്കാറെസ്റ്റിലെ റോമെക്സ് മൈതാനിയില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തെപ്പെടുന്നതെന്ന് വത്തിക്കാന്‍ റേഡിയോയുടെ ഫാദര്‍ എഡ്രിയന്‍ അറിയിച്ചു.
........
1873 ഡിസംബര്‍ 25-ന് പ്രഭുകുടുംബത്തിലാണ് ജനനം. പിതാവ് റൊമേനിയായുടെ നയതന്ത്ര പ്രതിനിധിയായിരുന്നു. യുവാവായിരുന്നപ്പോള്‍ത്തന്നെ ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസത്തില്‍നിന്നും മാറി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. സാഹിത്യകാരനും രചയിതാവുമായിരുന്ന അദ്ദേഹം റോമില്‍ വന്ന് പഠിച്ച് 1923 വൈദികനായി. ഉപവി പ്രവര്‍ത്തനങ്ങളില്‍ സജീവമായി വ്യാപൃതനായിരുന്ന ഫാദര്‍ ഗീക്കാ, ക്രൈസ്തവ ഐക്യമായിരുക്കും സഭയുടെ വളര്‍ച്ചയെന്ന് അന്നേ വിശ്വസിച്ചത് പലര്‍ക്കും മനസ്സിലായില്ല. അദ്ദേഹം എല്ലാ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരെയും സാഹോദര്യത്തില്‍ വീക്ഷിക്കുകയും കൂട്ടായ്മയ്ക്കായി പരിശ്രമിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പീഡനകാലത്താണ് ഫാദര്‍ ഗീക്കാ ബന്ധിയാക്കപ്പെട്ടത്. പീഡനമേറ്റ ഗീക്കാ 1954 മെയ് 16-ാം തിയതി ഷിലാവിലെ ജയിലില്‍ രക്തസാക്ഷിത്വം വരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.