2013-08-29 17:29:34

ആത്മീയ അസ്വസ്ഥതകളെ
അവഗണിക്കരുതെന്ന് പാപ്പാ


29 ആഗസ്റ്റ് 2013, റോം
ജീവിതത്തിലുണ്ടാകുന്ന ആത്മീയ അസ്വസ്ഥതയെ അവഗണിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ആഗസ്റ്റ് 28-ാം തിയതി ബുധനാഴ്ച വൈകുന്നേരം വിശുദ്ധ അഗസ്റ്റിന്‍റെ തിരുനാളില്‍ നടത്തിയ വചനപ്രഘോഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അടിസ്ഥാനമായി വിശുദ്ധന്‍റെ ജീവിതത്തെ മാറ്റിമറിച്ച ആത്മീയ അസ്വസ്ഥതയാണ് ഇന്നും മനുഷ്യഹൃദയങ്ങളെ മഥിക്കുന്നതെന്ന്, റോമിലെ വിശുദ്ധ അഗസ്റ്റിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ പ്രസ്താവിച്ചു.

വിജയത്തിന്‍റെയും സമ്പത്തിന്‍റെയും അധികാരന്‍റെയും പ്രമത്തതയില്‍ മനുഷ്യന്‍ സംതൃപ്തനാകില്ലെന്നും, അവ ഉയര്‍ത്തുന്ന ആത്മാവിന്‍റെ അസ്വസ്ഥതയില്‍ ഊന്നിക്കൊണ്ട്, നമ്മെ കാത്തിരിക്കുന്ന ദൈവത്തിങ്കലേയ്ക്കു തിരിയാന്‍ വിശുദ്ധ അഗസ്റ്റിന്‍റെ ഓര്‍മ്മ ഏവര്‍ക്കും പ്രചോദനമാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ആത്മീയ അസ്വസ്ഥതയില്‍നിന്നുമാണ് ദൈവാന്വേഷണം ഉയരുന്നതെന്നും. അങ്ങനെ ദൈവത്തെ തേടുന്നവന്‍റെ ഹൃദയത്തില്‍ ഉതര്‍ക്കൊള്ളുന്ന അസ്വസ്ഥത ആത്മീയ വളര്‍ച്ചയുടെ രണ്ടാം ഘട്ടമാണെന്നും പാപ്പാ വ്യക്തമാക്കി. അവിടെയും നില്ക്കാതെ തുടരുന്ന ആത്മീയ യാത്രയാണ് അവസാനം യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ തീവ്രതയിലും അസ്വസ്ഥതയിലും ഒരാത്മാവിനെ കൊണ്ടെത്തിക്കുന്നതെന്നും പാപ്പാ വിവരിച്ചു.

നിര്‍മ്മല സ്നേഹത്തിന്‍റെ സാക്ഷാത്തായ തീവ്രത ഒരാത്മാവിനെ ദൈവത്തിങ്കലേയ്ക്കും സഹോദരങ്ങളിലേയ്ക്കും ഒരുപോലെ അടുപ്പിക്കുമെന്നും, ജീവിതം പ്രഘോഷണമായും സമര്‍പ്പണമായും വളരുന്നത് ഈ ഘട്ടത്തിലാണെന്നും പാപ്പാ സമര്‍ത്ഥിച്ചു. ഉള്ളിരിലെരിയുന്ന സ്നേഹത്തിന്‍റെ തീവ്രതയും അസ്വസ്ഥതയും അറിഞ്ഞിട്ടും നിസ്സംഗഭാവം പുലര്‍ത്തുന്നവരാണ് സഭയിലും സമൂഹത്തിലും സ്വസ്തതയും സുഖലോലുപതയും തേടി ജീവിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അങ്ങനെ സ്വസ്ഥത മാത്രം തേടുന്നവരുടെ ജീവിതങ്ങള്‍ എവിടെയായിരുന്നാലും ഫലശൂന്യവും വ്യര്‍ത്ഥവുമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവം അവിടുത്തേയ്ക്കായ് സൃഷ്ടിച്ച ജീവിതങ്ങള്‍, അവിടുത്തെ പ്രാപിക്കുംവരെ അസ്വസ്ഥമായിരിക്കുമെന്ന വിശുദ്ധ അഗസ്റ്റിന്‍റെ ഉള്‍ക്കാമ്പായ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ വചനപ്രഘോഷണം ഉപസംഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.