2013-08-27 17:37:02

സാമൂഹ്യവും ആത്മീയവുമായ അപചയത്തിന്‍റെ അടയാളം


26 ആഗസ്റ്റ് 2013, മുംബൈ
സാമൂഹ്യവും ആത്മീയവുമായ അപചയത്തിന്‍റെ അടയാളമാണ് മുംബൈയില്‍ നടന്ന കൂട്ടബലാത്സംഗമെന്ന് മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടേയും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടേയും അദ്ധ്യക്ഷനായ കര്‍ദിനാള്‍ ഗ്രേഷ്യസ് ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.

ദക്ഷിണ മുംബൈയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതി ഇപ്പോള്‍ മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതികളായ അഞ്ചുപേരും പൊലീസിന്‍റെ പിടിയിലായി.
കൂട്ടബലാത്സംഗത്തിന്‍റെ വാര്‍ത്ത നഗരത്തെ മുഴുവന്‍ നടുക്കിയെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അഭിമുഖത്തില്‍ പ്രസ്താവിച്ചു. ശാരീരികവും മാനസികവുമായ ഭീകരാക്രമണമാണിത്, ഒരു സ്ത്രീയുടെ അന്തസ് നശിപ്പിക്കുന്ന ഏറ്റവും നീചമായ ആക്രമണം.
സ്ത്രീകളും കുട്ടികളും സ്വന്തം കുടുംബത്തില്‍ പോലും സുരക്ഷിതരല്ലെന്നും കുടുംബാംഗങ്ങളില്‍ നിന്നു തന്നെ പീഢനമേല്‍ക്കേണ്ടി വരുന്നവരുണ്ടെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.
ധാര്‍മ്മിക അധഃപതനം നമ്മുടെ മൂല്യബോധത്തേയും കാര്‍ന്നുതിന്നുകയാണ്. രാജ്യത്ത് ധാര്‍മ്മിക മൂല്യബോധം വളര്‍ത്തുന്നതില്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച കര്‍ദിനാള്‍, നീതി, പരസ്പരാദരവ്, ബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളിലെന്ന പോലെ മാതാപിതാക്കളിലും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് കത്തോലിക്കാ വിദ്യാലയ അധികൃതരോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവിച്ചു. സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെ ആദരിക്കുന്ന, നീതിപൂര്‍ണ്ണവും, സമത്വസുന്ദരവുമായ സമൂഹവും മഹത്തായ സംസ്ക്കാരവും പടുത്തുയര്‍ത്താന്‍ ഭാരതത്തിലെ കത്തോലിക്കാസഭ നിരന്തരം പ്രോത്സാഹനമേകുന്നുണ്ടെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ്‍ പ്രസ്താവിച്ചു.
വാര്‍ത്താ സ്രോതസ്സ്: Asia News








All the contents on this site are copyrighted ©.