2013-08-27 17:36:41

വി.അഗസ്റ്റിന്‍റെ തിരുന്നാളില്‍ മാര്‍പാപ്പ അഗസ്റ്റീനിയന്‍ സഭാംഗങ്ങള്‍ക്കൊപ്പം


27ആഗസ്റ്റ് 2013, വത്തിക്കാന്‍
വി.അഗസ്റ്റിന്‍റെ തിരുന്നാള്‍ ദിനമായ ആഗസ്റ്റ് 28ന് റോമിലെ സെന്‍റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ നടക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് തിരുന്നാള്‍ ദിവ്യബലി. മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ അഗസ്റ്റീനിയന്‍ സന്ന്യസ്ത സഭയുടെ ജനറല്‍ ചാപ്റ്ററിനും തുടക്കം കുറിക്കും. അഗസ്റ്റീനിയന്‍ സന്ന്യസ്തസമൂഹത്തിന്‍റെ 184ാമത് ജനറല്‍ ചാപ്റ്ററാണിത്. അഗസ്റ്റീനിയന്‍ സഭയുടെ പ്രിയോര്‍ ജനറലായി രണ്ടു വട്ടം തിരഞ്ഞെടുക്കപ്പെട്ട ഫാ. റോബര്‍ട്ട് എഫ്.പ്രെവൊസ്റ്റ് ശുശ്രൂഷാകാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നതിനാല്‍, പുതിയ പ്രിയോര്‍ ജനറലിന്‍റെ തിരഞ്ഞെടുപ്പും ഈ ജനറല്‍ ചാപ്റ്ററില്‍ ഉണ്ടായിരിക്കും.

അതേസമയം, സെന്‍റ് അഗസ്റ്റിന്‍ ദേവാലയത്തിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം അനൗപചാരികമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 31ന് റോമിലെ ജെസു ദേവാലയത്തില്‍ നടന്ന വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ തിരുന്നാളാഘോഷത്തിലും ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികനായിരുന്നു. ആഗസ്റ്റ് 28ന് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന തിരുന്നാള്‍ ദിവ്യബലിയുടെ തത്സമയ സംപ്രേക്ഷണം http://www.vatican.va/video/ എന്ന ലിങ്കില്‍ ലഭ്യമാണ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.