2013-08-27 17:37:32

യേശുക്രിസ്തു, എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്ന രക്ഷയുടെ വാതില്‍


27ആഗസ്റ്റ് 2013, വത്തിക്കാന്‍
എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്ന രക്ഷയുടെ കവാടമാണ് യേശുക്രിസ്തുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ്. ആഗസ്റ്റ് 27നാണ് പാപ്പ ഈ സന്ദേശം ട്വിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ത്തത്. “രക്ഷയിലേക്കുള്ള പ്രവേശന കവാടമാണ് യേശു ക്രിസ്തു, എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്ന കവാടം. നമ്മുടെ സ്വാര്‍ത്ഥതയും നിസംഗതയും ഇടുങ്ങിയ മനോഭാവവും ഉപേക്ഷിച്ച് യേശുവിനെ നമ്മുടെ ജീവിതത്തിലേക്കു സ്വീകരിക്കാം.” എന്നാണ് @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ മാര്‍പാപ്പ കുറിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച നല്കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ പാപ്പ പ്രതിപാദിച്ച വിഷയമാണിത്. “നമ്മുടെ രക്ഷാമാര്‍ഗമാണ്, യേശുവാകുന്ന വാതില്‍. യേശുക്രിസ്തു തന്‍റെ പിതാവിന്‍റെ പക്കലേക്ക് നമ്മെ ആനയിക്കുന്നു. ഒരിക്കലും അടയ്ക്കാത്ത വാതിലാണത്. ഒരിക്കലും അടയ്ക്കാതെ, എല്ലായ്പ്പോഴും തുറന്നിരിക്കുന്ന ഒരു വാതില്‍. എല്ലായ്പ്പോഴും എല്ലാവര്‍ക്കും വേണ്ടി തുറന്നിരിക്കുന്ന ഒരു വാതിലാണ് യേശു. ആരേയും അവഗണിക്കാത്ത, ആര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാത്ത വിവേചനരഹിതമായ ഈ വാതില്‍ക്കല്‍കൂടി ആര്‍ക്കുവേണമെങ്കിലും കടന്നുപോകാം. കാരണം യേശു ആരേയും ഒഴിവാക്കില്ല. ഒരുപക്ഷേ ആരെങ്കിലും പറഞ്ഞേക്കാം, “പിതാവേ, എന്നെ തീര്‍ച്ചയായും യേശു ഒഴിവാക്കും. കാരണം ഞാന്‍ വലിയൊരു പാപിയാണ്. ഗുരുതരമായ അനേകം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.” ഇല്ല, യേശു നിന്നെ ഒഴിവാക്കില്ല! അത് നിന്നെ യേശുവിന് പ്രിയപ്പെട്ടവനാക്കുന്നു. കാരണം പാപികള്‍ യേശുവിന് പ്രിയങ്കരരാണ്. പാപികളെ സ്നേഹിക്കുകയും അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്നവനാണ് യേശു. നിന്നെ സ്നേഹപൂര്‍വ്വം ആശ്ലേഷിച്ച് നിന്‍റെ പാപങ്ങള്‍ മോചിക്കാനായി യേശു നിന്നെയും കാത്തിരിക്കുന്നു.
ഭയപ്പെടേണ്ട, നിന്നെയും കാത്തിരിക്കുകയാണ് യേശു. ധൈര്യപൂര്‍വ്വം ഈ വാതിലിലൂടെ പ്രവേശിക്കുവിന്‍. വിശ്വാസത്തിന്‍റെ കവാടത്തിലൂടെ ക്രിസ്തുവിന്‍റെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നവരാണ് നാമെല്ലാവരും. ക്രിസ്തു നമ്മുടെ ജീവിതത്തിലേക്കു പ്രവേശിക്കാനും നാം അനുവദിക്കണം. നമ്മെ രൂപാന്തരീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ക്രിസ്തു നമുക്കു ശാശ്വത സമാധാനം പ്രദാനം ചെയ്യു”മെന്നും ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ പാപ്പ പ്രസ്താവിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.