2013-08-27 14:03:35

പുതിയ നിയമബലിക്ക് നാന്ദിയായി
പഴയനിയമത്തിലെ ബലികള്‍ (52)


RealAudioMP3
പുറപ്പാടു ഗ്രന്ഥത്തിന്‍റെ രചനയില്‍ മൂന്നു ശൈലികളുണ്ടെന്ന് നാം മനസ്സിലാക്കി. യാവേയിസ്റ്റ്, ഇലോഹിസ്റ്റ്, പ്രീസ്റ്റിലി പാരമ്പര്യങ്ങളാണ് അവ. അതില്‍ ദൈവിക പാരമ്പര്യങ്ങളെന്നു വിളിക്കപ്പെടുന്ന യാവേയിസ്റ്റ്, ഇലോഹിസ്റ്റ് ശൈലികള്‍ ഉപയോഗിച്ചിരിക്കുന്നത് പുറപ്പാടിന്‍റെ ആദ്യഭാഗത്തും, മരുഭൂമിയിലൂടെയുള്ള യാത്രയിലുമാണ്. ഈ രണ്ടു ശൈലികളും ഇസ്രൈയേലിന്‍റെ വിമോചന കഥ വ്യാഖ്യാനിക്കുന്നതില്‍ ഇടകലര്‍ന്നു കിടക്കുമ്പോള്‍, പൗരോഹിത്യ പാരമ്പര്യം സീനായ് ഉടമ്പടിക്കുശേഷമുള്ള പത്തുടമ്പടികളുടെ വ്യാഖ്യനവും ഇസ്രായേല്യരുടെ ജീവിതാനുഷ്ഠാനവും മതാത്മക ജീവിതവുമായും ബന്ധപ്പെട്ടുകിടക്കുന്നു. അഹറോനെയും കുടുംബത്തെയും കേന്ദ്രീകരിച്ച് വിവരിക്കുന്ന അഭിഷേക ക്രമങ്ങളെക്കുറിച്ചാണ് തുടര്‍ന്നുള്ള വിവരണങ്ങള്‍.

അഹറോന്‍ വിശുദ്ധ സ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ കൊത്തിയിട്ടുള്ള ന്യായവിധിയുടെ ഉരസ്ത്രാണം ധരിച്ചിരിക്കണം. അങ്ങനെ, കര്‍ത്താവിന്‍റെ സന്നിധിയില്‍ അവര്‍ നിരന്തരം സ്മരിക്കപ്പെടട്ടെ. ന്യായവിധിയുടെ ഉരസ്ത്രാണത്തില്‍ തൊങ്ങലും, പട്ടകളും
പിടിപ്പിക്കണം. അഹറോന്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ പ്രവേശിക്കുമ്പോള്‍ അവ അവന്‍റെ മാറില്‍ വിരിഞ്ഞുനില്ക്കട്ടെ. അങ്ങനെ അവര്‍ കര്‍ത്താവിന്‍റെ സന്നധിയില്‍ ഇസ്രായേലിന്‍റെ ന്യായവിധി നിരന്തരം സംവഹിക്കട്ടെ.

ഈ വിവരണങ്ങളില്‍നിന്നും ഇസ്രായേലില്‍ വളരെ വിചിത്രവും വൈവിദ്ധ്യവുമാര്‍ന്ന പൂജാവസ്തുക്കള്‍ ഉപോയോഗിച്ചിരുന്നു എന്നു മനസ്സിലാക്കാം. അവയുടെ നിര്‍മ്മിതിയിലും ഉപയോഗത്തിലും ഏറെ നിഷ്ഠയുണ്ടായിരുന്നെന്നും കാണാം. എഫോദിന്‍റെ നിലയങ്കി നീല നിറമായിരിക്കട്ടെ. തല കടത്താന്‍ അതിനു നടുവില്‍ ദ്വാരമുണ്ടായിരിക്കണം. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍, നെയ്തെടുത്ത നാട ദ്വാരത്തിനു ചുറ്റും തുന്നിച്ചേര്‍ക്കണം. നിലയങ്കിയുടെ വിളുമ്പിനു ചുറ്റും നീലം, ധൂമ്രം കടുചെമപ്പ് എന്നീ നിറങ്ങളില്‍ നെയ്തുണ്ടാക്കിയ മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കണം. അവയ്ക്കിടയില്‍ സ്വര്‍ണ്ണമണികള്‍ ബന്ധിക്കണം. പുരോഹിത ശുശ്രൂഷ ചെയ്യുമ്പോള്‍ അഹറോനിതു ധരിക്കട്ടെ. അവന്‍ വിശുദ്ധ സ്ഥലത്ത് കര്‍ത്താവിന്‍റെ സന്നിധയില്‍ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തു വരുമ്പോഴും ആ സ്വര്‍ണ്ണമണികള്‍ കിലുങ്ങട്ടെ. പിന്നെ തനിസ്വര്‍ണ്ണംകൊണ്ട് ഒരു തകിടുണ്ടാക്കി അതിന്മേല്‍ മുദ്രയെന്നപോലെ ‘കര്‍ത്താവിന്‍റെ സമര്‍പ്പിതന്‍’ എന്നു കൊത്തിവയ്ക്കുക. നീലച്ചരടുകൊണ്ട് അത് തലപ്പാവിന്‍റെ മുന്‍‍വശത്ത് ബന്ധിക്കണം. അഹറോന്‍ അതു നെറ്റിയില്‍ ധരിക്കണം. അങ്ങനെ ഇസ്രായേല്‍ക്കാര്‍ വിശുദ്ധ വസ്തുക്കള്‍ കാഴ്ച സമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ അവന്‍ വഹിക്കട്ടെ. കാണിക്കകള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ സ്വീകാര്യമാകേണ്ടതിന് തകിട് അഹറോന്‍റെ നെറ്റിയില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. നേര്‍മ്മയായി പരിച്ചെടുത്ത ചണംകൊണ്ട് ഒരു അങ്കിയുണ്ടാക്കി അതു ചിത്രത്തുന്നലാല്‍ അലങ്കരിക്കണം. നേര്‍മ്മയായി പിരിച്ചെടുത്ത ചണംകൊണട് തലപ്പാവും ചിത്രാലംകൃതമായ അരപ്പട്ടയുമുണ്ടാക്കണം.

ഇനിയുള്ള ഭാഗത്ത് ഇസ്രായേലിലെ പൂജാവസ്ത്രങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തിലുള്ള ചിട്ടകളെയും കുറിച്ചാണ് വിവരിക്കുന്നത്. അഹറോന്‍റെ പുത്രന്മാര്‍ക്കു മഹിമയും അഴകും ഉണ്ടാകേണ്ടതിന് അവര്‍ക്കായി അങ്കികളും അരപ്പട്ടകളും തൊപ്പികളും നിര്‍മ്മിക്കണം. ഇവയെല്ലാം നിന്‍റെ സഹോദരനായ അഹറോനെയും അവന്‍റെ പുത്രന്മാരെയും അണിയിക്കണം. അവര്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് നീ അവരെ അഭിഷേചിച്ചു നിയോഗിക്കുകയും, വിശുദ്ധീകരിക്കുകയും ചെയ്യണം. അവരുടെ നഗ്നത മറയ്ക്കാന്‍ ചണത്തുണികൊണട് അരമുതല്‍ തുടവരെയത്തുന്ന കാല്‍ച്ട്ടകളുണ്ടാക്കണം. അഹറോനും പുത്രന്മാരും സമാഗമ കൂടാരത്തില്‍ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷ ചെയ്യുകയോ, ബലിപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോള്‍ അവര്‍ അതു ധരിക്കട്ടെ. ഇല്ലെങ്കില്‍ അവര്‍ അതിന് കുറ്റക്കാരായിത്തീരും, ശിക്ഷിക്കപ്പെടും. ഇത് അഹറോനും തലമുറകള്‍ക്കുമായുള്ള ശാശ്വത നിയമമാണിത്.

ദൈവം മോശയ്ക്കു നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കണക്കെ ഈ ചിട്ടകളില്‍ അഹറോനും പുത്രന്മാരും പുരോഹിതരായി അഭിഷേകം ചെയ്യപ്പെടുന്ന ഭാഗം. തുടര്‍ന്നു കേള്‍ക്കാം.: 29 എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ ചെയ്യേണ്ടതിതാണ്. ഒരു കാളക്കുട്ടിയെയും ഈനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക. പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്ത് മയം വരുത്തിയ പുളിപ്പിള്ളാത്ത അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പുമാവുകൊണ്ടുണ്ടാക്കണം. അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക.

നീ അഹറോനെയും അവന്‍റെ പുതന്മാരെയും സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക. അങ്കി, എഫോദിന്‍റെ നിലയങ്കി, എഫോദ്, ഉരസ്ത്രണം, എഫോദിന്‍റെ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ അഹറോനെ അണിയിക്കണം. അവന്‍റെ തലയിലെ തലപ്പാവും തലപ്പാവിന‍്മേല്‍ വിശുദ്ധ കിരീടവും വയ്ക്കണം. അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക. അവന്‍റെ പുത്രന്മാരെ കൊണ്ടുവന്ന് അങ്കികള്‍ ധരിപ്പിക്കുക. നീ അവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായ നിയമമനുസരിച്ച് പൗരോഹിത്യം അവരുടേതായിരിക്കും. നീ അഹറോനെയും അവന്‍റെ പുത്രന്മാരെയും പുരോഹിതരായി അവരോധിക്കണം.
ഇനി ബലിയര്‍പ്പണത്തിന്‍റെ തന്നെ വിവരണം കേള്‍ക്കാം:
29,10 അനന്തരം, കാളക്കുട്ടിയെ സമാഗമകൂടാരത്തിനു മുന്‍പില്‍കൊണ്ടുവരണം. അഹറോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വയ്ക്കണം. കര്‍ത്താവിന്‍റെ സന്നിധിയില്‍ സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍വച്ചു കാളക്കുട്ടിയെ കൊല്ലണം. അതിന്‍റെ രക്തത്തില്‍നിന്നു കുറെയെടുത്ത് വിരല്‍കൊണ്ടു ബലീപിഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം ബലിപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം. കുടല്‍ പൊതിഞ്ഞുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും ഇരുവൃക്കകളും അവയിന്മേലുള്ള മേദസ്സുമെടുത്ത് ബലപീഠത്തന്മേല്‍വച്ച് ദഹിപ്പിക്കട്ടെ. എന്നാല്‍ കാളക്കുട്ടിയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയില്‍വച്ച് അഗ്നിയില്‍ ദഹിപ്പിക്കണം. ഇത് പാപപരിഹാര ബലിയാണ്.

15. മുട്ടാടുകളില്‍ ഒന്നിനെ മാറ്റി നിര്‍ത്തണം. അഹറോനും പുത്രന്മാരും അതിന്‍റെ തലയില്‍ കൈകള്‍ വയ്ക്കട്ടെ. അതിനെകൊന്ന് രക്തമെടുത്ത് ബലിപീഠത്തിനു ചുറ്റും ഒഴിക്കണം. അതിനെ കഷ്ണങ്ങളായി മുറിച്ചതിനുശേഷം അതിന്‍റെ ആന്തരികാവയവങ്ങളും കാലുകുളും കഴുകണം. ഇവ മറ്റു കഷ്ണങ്ങളുടെയും തലയുടെയും കൂടെ വയ്ക്കണം മുട്ടാടിനെ മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ്.കര്‍ത്താവിനു പ്രസാദകരമായ ഇസ്രായേലിന്‍റെ ബലബലിയാണിത്.

പുതിയ നിയമത്തില്‍ ക്രിസ്തുവിലൂടെ ആവര്‍ത്തിക്കപ്പെടാന്‍ പോകുന്ന നിസ്തുല ബിലിയുടെ പ്രാക് രൂപമായി നാം പുറപ്പാടില്‍ പഠിച്ച ഇസ്രായേലിലെ ബിലികളെയും അതുമായി ബന്ധപ്പെട്ട ബലിപീഠം, കൂടാരം, കൂടാരാങ്കണം പുരോഹിതര്‍, പുരോഹിത വസ്ത്രം എന്നിവയെ പണ്ഡിതന്മാര്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെ ക്രിസ്തുവിന്‍റെ ജീവിതത്തെ ഇസ്രായേലിന്‍റെ ജീവിതാനുഭവങ്ങളുടെ തനയാവര്‍ത്തനമായി നമുക്ക് കാണാവുന്നതാണ്. അവിടുത്തെ പീഡാനുഭവം, മരണം, ഉത്ഥാനം എന്നീ രക്ഷാകര രഹസ്യങ്ങളെത്തന്നെയും ‘പുതിയ നിയമത്തിലെ പുറപ്പാടെ’ന്ന് ബൈബിള്‍ നിരൂപകന്മാര്‍ വിവരിക്കാറുണ്ട്. ക്രിസ്തുവില്‍ പൂര്‍ത്തികരിക്കപ്പെടുന്ന നവമായ സത്യങ്ങളുടെ നാന്നിയായി ഇനിയും പൗരോഹിത്യ പാരമ്പര്യത്തിലെ സംഭവങ്ങളെ നമുക്ക് പഠിക്കാം.
Presented : nellikal, Radio Vatican
RealAudioMP3







All the contents on this site are copyrighted ©.