2013-08-27 17:36:35

പാപ്പാ ഫ്രാന്‍സിസ് റോമിലെ അഭയാര്‍ത്ഥി സേവനകേന്ദ്രം സന്ദര്‍ശിക്കും


27ആഗസ്റ്റ് 2013, വത്തിക്കാന്‍
റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ചെന്ത്രോ അസ്താലി (Centro Astalli) അഭയാര്‍ത്ഥി സേവനകേന്ദ്രത്തിലേക്ക് സെപ്തംബര്‍ 10ന് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നു. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സേവനകേന്ദ്രം സന്ദര്‍ശിക്കാനുള്ള ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതില്‍ തങ്ങള്‍ ഏറെ കൃതാര്‍ത്ഥരാണെന്ന് കേന്ദ്രത്തിന്‍റെ ചുമതല നിര്‍വ്വഹിക്കുന്ന ഈശോസഭാ വൈദികന്‍ ഫാ.ജൊവാന്നി മന്ന വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈശോസഭ നേതൃത്വം നല്‍കുന്ന അഭയാര്‍ത്ഥി സേവനകേന്ദ്ര ശൃംഖലയുടെ (Jesuit Refugee Service, JRS) ഭാഗമാണ് റോമിലെ ചെന്ത്രോ അസ്താലി. പ്രതിദിനം 450 ലേറെ അഭയാര്‍ത്ഥികള്‍ സഹായം തേടി സേവനകേന്ദ്രത്തിലെത്തുന്നുണ്ടെന്ന് ഫാ.മന്ന വെളിപ്പെടുത്തി. ആഹാരം, വസ്ത്രം, വ്യക്തിശുചിത്വത്തിനുള്ള സൗകര്യം, വൈദ്യസഹായം, മരുന്ന്, നിയമസഹായം തുടങ്ങിയ വിവിധ ആവശ്യങ്ങളുമായാണ് അഭയാര്‍ത്ഥികള്‍ തങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സെപ്തംബര്‍ 10ാം തിയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചെന്ത്രോ അസ്താലി അഭയാര്‍ത്ഥി കേന്ദ്രത്തിലെത്തും. അഭയാര്‍ത്ഥി സേവനകേന്ദ്രത്തിലേക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തുന്നത് ഒരു സ്വകാര്യ സന്ദര്‍ശനമാണെന്നും, സന്ദര്‍ശനത്തിന്‍റെ കാര്യക്രമം ഇതുവരെ നിശ്ചയിച്ചു കഴിഞ്ഞിട്ടില്ലെന്നും ഫാ.മന്ന അറിയിച്ചു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.