2013-08-23 17:16:43

ആത്മീയ ക്ഷേമത്തിന് ഉപകരിക്കുന്ന വിനോദയാത്ര


23 ആഗസ്റ്റ് 2013, വത്തിക്കാന്‍
ഭൗതികവും ആത്മീയവുമായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് തനതായ സംഭാവന നല്‍കാന്‍ വിനോദസഞ്ചാര മേഖലയ്ക്കു കഴിയണമെന്ന് കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോ. വിനോദസഞ്ചാര മേഖലയിലെ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് അര്‍ജന്‍റീനയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ സമ്മേളനത്തിനു നല്‍കിയ സന്ദേശത്തിലാണ് കര്‍ദിനാള്‍ വെല്യോ ഇപ്രകാരം പ്രസ്താവിച്ചത്. ഭൗതികവും ആത്മീയവുമായ ദാരിദ്ര്യത്തിനെതിരേ പടപൊരുതുവാന്‍ ഫ്രാന്‍സിസ് പാപ്പ നിരന്തരം ആഹ്വാനംചെയ്യുന്നുണ്ട്. പാപ്പായുടെ ഈ ആഹ്വാനം വിനോദസഞ്ചാരമേഖലയിലും യാഥാര്‍ത്ഥ്യമാക്കണമെന്ന് കര്‍ദിനാള്‍ വെല്യോ അഭിപ്രായപ്പെട്ടു. നവസുവിശേഷവല്‍ക്കരണ മേഖലയായി വിനോദസഞ്ചാരമേഖലയെ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജീവിത പ്രശ്നങ്ങളുമായി യാത്രചെയ്യുന്ന മനുഷ്യനെ ക്രിസ്തുവാകുന്ന പരിഹാരമാര്‍ഗത്തിലേക്ക് ആനയിക്കണം. വെല്ലുവിളി നിറഞ്ഞ ഈ അജപാലന ദൗത്യം ഫലമണിയുന്നതിന് ദേശീയ മെത്രാന്‍ സമിതിയുടേയും രൂപതകളുടേയും ഇടവകകളുടേയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും കര്‍ദിനാള്‍ വെല്യോ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച സാമ്പത്തിക - സാമൂഹ്യവികസനത്തിനുള്ള ഒരു നല്ല മാര്‍ഗമായി പരിഗണിക്കപ്പെടുന്നുണ്ട്. സാമൂഹ്യക്ഷേമത്തിന് സഹായകരമായ വിനോദസഞ്ചാര പദ്ധതികളെ പ്രശംസിച്ച കര്‍ദിനാള്‍ വെല്യോ, വിനോദസഞ്ചാര മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരേ പ്രതികരിക്കണമെന്നും ഈ മേഖലയില്‍ അജപാലന ശുശ്രൂഷചെയ്യുന്നവരെ ആഹ്വാനം ചെയ്തു.
*അര്‍ജന്‍റീനയിലെ വില്ല കാര്‍ലോ പാസില്‍ ആഗസ്റ്റ് 21ന് ആരംഭിച്ച സമ്മേളനം 23ന് സമാപിച്ചു.


വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.