2013-08-23 17:16:55

അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് സുസ്ഥിര പരിഹാരം: ബിഷപ്പ് കളത്തിപ്പറമ്പില്‍


23 ആഗസ്റ്റ് 2013, വത്തിക്കാന്‍
അഭയാര്‍‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് സുസ്ഥിര പരിഹാരമാര്‍ഗം കണ്ടെത്തണമെന്ന് കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍. വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വാത്തോരെ റൊമാനയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് അഭയാര്‍ത്ഥികളുടേയും രാഷ്ട്രീയാഭയം തേടുന്നവരുടേയും പ്രശ്നങ്ങള്‍ക്ക് സുസ്ഥിര പരിഹാരമാര്‍ഗ്ഗം അനിവാര്യമാണെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ആന്‍ ഫ്രാങ്ക്, വിക്ടര്‍ ഹ്യൂഗോ, മിറിയം മാകെബേ, ഫ്രെഡെറിക് ചോപിന്‍, തുടങ്ങിയ വിശ്വപ്രസിദ്ധ വ്യക്തികള്‍, സഹനത്തിന്‍റെ പാതയിലൂടെ പ്രശസ്തിയിലേക്ക് സഞ്ചരിച്ചവരാണ്. അഭയാര്‍ത്ഥികളുടെ ഇടയില്‍ ഉദയം ചെയ്ത താരങ്ങളായിരുന്നുവെന്ന് അവരെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.

ജീവിതയാതനകള്‍ക്കു നടുവിലും ധൈര്യത്തോടും ക്രിയാത്മകതയോടും കൂടി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവരാണ് അഭയാര്‍ത്ഥികളും രാഷ്ട്രീയ അഭയം തേടുന്നവരും. തങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ക്കു മാറ്റം വരുമെന്നും പുതിയ സാധ്യതകള്‍ തുറന്നുകിട്ടുമെന്നും അങ്ങനെ ജീവിതം പുനര്‍നിര്‍മ്മിക്കാമെന്നും അവര്‍ സ്വപ്നം കാണുന്നു.
തീരാദുരിതത്തില്‍ നിന്ന് മോചനം നേടാന്‍ വേണ്ടിയുള്ള പലായനം വേദനാജനകമായ ഒരു പ്രക്രിയയുടെ ആരംഭം മാത്രമാണ്. അഭയം തേടിയെത്തുന്ന ജനതയ്ക്ക് ആദ്യം വേണ്ടത് മനുഷ്യവ്യക്തികളെ നിലയില്‍ അവര്‍ അര്‍ഹിക്കുന്ന അന്തസും ആദരവുമാണ്. അവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ ലഭ്യമാക്കണം. അതേസമയം, അഭയാര്‍ത്ഥിക്യാമ്പില്‍ എന്നും കഴിയേണ്ടവരല്ല അവരെന്നും ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സമര്‍ത്ഥിച്ചു. അഭയാര്‍ത്ഥിപ്രശ്നങ്ങള്‍ക്ക് മൂന്ന് വിധത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. മാതൃരാജ്യത്തേക്ക് സ്വയം മടങ്ങിപ്പോകുന്നത്, പ്രാദേശിക സമൂഹത്തില്‍ ഭാഗഭാക്കാകുന്നത്, മൂന്നാമതൊരു രാജ്യത്ത് സ്ഥിരതാമസ സൗകര്യം എന്നിവയാണവ. അഭയം തേടിയെത്തുന്നവരുടെ യഥാര്‍ത്ഥ ക്ഷേമത്തിന് ഉതകുന്ന മാര്‍ഗമാണ് ഉത്തരവാദിത്വപ്പെട്ടവര്‍ തിരഞ്ഞെടുക്കേണ്ടതെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.