2013-08-20 12:33:09

പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിച്ച ക്ലാരമഠം


16 ആഗസ്റ്റ് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ കാസില്‍ഗണ്‍ഡോള്‍ഫോയിലെ ക്ലാരമഠത്തിലേക്ക് അനൗപചാരിക സന്ദര്‍ശനം നടത്തി. ആഗസ്റ്റ് 15ന് മറിയത്തിന്‍റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ദിവ്യബലി അര്‍പ്പിക്കാനായി കാസില്‍ ഗണ്‍ഡോള്‍ഫോയിലെത്തിയപ്പോഴാണ് സമീപത്തുള്ള ക്ലാരമഠം പാപ്പ സന്ദര്‍ശിച്ചത്. ഏകദേശം ഒരുമാസം മുന്‍പ് ജൂലൈ 14നും പാപ്പ ഈ മഠം സന്ദര്‍ശിച്ചിരുന്നു.
പാപ്പായുടെ സന്ദര്‍ശനം തങ്ങള്‍ക്ക് സന്തോഷവും ഉത്സാഹവും നല്‍കിയെന്നു മാത്രമല്ല, തങ്ങള്‍ സ്വീകരിച്ചിരിക്കുന്ന വിളിയെക്കുറിച്ച് ധ്യാനിക്കാനും അതില്‍ ആഴപ്പെടാനും പ്രചോദനമേകിയെന്ന് മഠാധിപയായ മദര്‍ മരിയ അസുന്ത ഫോക്കോ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. മാര്‍പാപ്പയുടെ ലാളിത്യം അദ്ദേഹത്തിന്‍റെ ആഴമാര്‍ന്ന ആത്മീയതയുടെ ഫലമാണെന്നും മദര്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ ക്ലാരയുടെ ദാരിദ്ര്യാരൂപിയിലും ആത്മീയതയിലും അടിയുറച്ചു ജീവിക്കാന്‍ പാപ്പ സന്ന്യാസിനിമാരെ ഉത്ബോധിപ്പിച്ചു.

വാര്‍ത്താ സ്രോതസ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.