2013-08-20 16:57:02

പരിഷ്ക്കരണം പ്രാദേശിക തലത്തില്‍ നടപ്പിലാക്കണമെന്ന് കത്തോലിക്കാ ഐക്യവേദി


20 ആഗസ്റ്റ് 2013, കൊല്‍ക്കത്ത
സഭാജീവിതത്തില്‍ അല്‍മായരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് അഖിലഭാരത കത്തോലിക്കാ ഐക്യവേദി (All India Catholic Union AICU). കല്‍ക്കട്ടയില്‍ നടന്ന ദ്വിദിന സമ്മേളനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്. സാര്‍വ്വത്രിക സഭയ്ക്ക് പുത്തനുണര്‍വേകിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ മുക്തകണ്ഠം പ്രശംസിച്ച അഖിലഭാരത കത്തോലിക്കാ ഐക്യവേദി, ഭാരതസഭയില്‍ അല്‍മായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍മാരോടഭ്യര്‍ത്ഥിച്ചു. സഭാസ്ഥാപനങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ അല്‍മായ പങ്കാളിത്തത്തെക്കുറിച്ചുള്ള കാനോനിക നിയമസംഹിതകള്‍ പ്രാദേശിക മെത്രാന്‍മാര്‍ നടപ്പിലാക്കണമെന്നും കത്തോലിക്കാ ഐക്യവേദി ആവശ്യപ്പെട്ടു. ഓരോ രൂപതയിലും ഇടവകയിലും പാസ്റ്റ്റല്‍ കൗണ്‍സിലിനു പുറമേ ഒരു അല്‍മായ സംഘടനയെങ്കിലും രൂപീകരിക്കണമെന്നും, അവ സുതാര്യവും സത്യസന്ധവുമായി മുന്നോട്ടു നയിക്കാന്‍ വൈദികരെ സഹായിക്കാന്‍ കഴിവുള്ള അല്‍മായര്‍ ഇടകവകകളില്‍ ഉണ്ടെന്നും അഖിലഭാരത കത്തോലിക്കാ ഐക്യവേദി പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കി.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.