2013-08-20 16:46:59

ഈജിപ്തില്‍ ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു


20 ആഗസ്റ്റ് 2013, കെയ്റോ
ഈജിപതില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി ഈജിപ്തിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവ് ഫാ.റഫീക്ക് ഗ്രെയ്ക്ക് ഫീദെസ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. 58 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് പ്രക്ഷോഭകര്‍ തീവച്ചു. അവയില്‍ 14 എണ്ണം കത്തോലിക്കാ ദേവാലയങ്ങളും മറ്റുള്ളവ കോപ്ടിക് ഓര്‍ത്തഡോക്സ്, ഗ്രീക്ക് ഓര്‍ത്തഡോക്സ്, ആഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് എന്നീ ക്രൈസ്തവ വിഭാഗങ്ങളുടേതുമാണ്. രാജ്യവ്യാപകമായി ക്രൈസ്തവ ആരാധനാലായങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജിഹാദികളുടെ കേന്ദ്ര ആസ്ഥാനമായ അല്‍ മിന്യെയിലും അസിയുത്തിലുമാണ് ആക്രമണം രൂക്ഷമായിരിക്കുന്നതെന്നും ഫാ.ഗ്രെയ്ക്ക് വെളിപ്പെടുത്തി. പ്രക്ഷോഭകര്‍ തീവെച്ച ആരാധനാലയങ്ങളിലെ തീകെടുത്താന്‍ വൈദികരേയും സന്ന്യസ്തരേയും സഹായിച്ചത് സമീപവാസികളായ മുസ്ലീം സഹോദരങ്ങളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഫാ.ഗ്രെയ്ക്ക് ക്രൈസ്തവരും മുസ്ലീമുകളും തമ്മിലുള്ള യുദ്ധമല്ല ഈജിപ്തില്‍ നടക്കുന്നതെന്നും വിശദീകരിച്ചു. “ഇവിടെ നടക്കുന്നത് ആഭ്യന്തര യുദ്ധമല്ല, ഭീകരവാദത്തിനെതിരേയുള്ള യുദ്ധമാണ്” – ഫാ.റഫീക്ക് ഗ്രെയ്ക്ക് പറഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഭീകരവാദത്തിനും മതതീവ്രവാദത്തിനും എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താ സ്രോതസ്സ്: Fides








All the contents on this site are copyrighted ©.