2013-08-19 17:11:34

സത്യത്തിന്‍റെ ഇടനാഴികളില്‍
ക്രിസ്തു കാരണമാക്കുന്ന വിഭജനം


RealAudioMP3
ആഗസ്റ്റ് 18-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍

1. ഞായറാഴ്ച ആരാധനക്രമത്തില്‍ ഉപയോഗിച്ച ഹെബ്രായരുടെ ലേഖന ഭാഗത്തെക്കുറിച്ചുള്ള വചനസമീക്ഷയോടെയാണ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണം ആരംഭിച്ചത്: “നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ ഓടിത്തീര്‍ക്കാം. വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം ഓടാന്‍. അവിടുന്ന് തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ചും അപമാനം വകവയ്ക്കാതെയും കുരിശ് ക്ഷമയോടെ സ്വീകരിച്ചു. അങ്ങനെ ദൈവിക സിംഹാസനത്തിന്‍റെ വലത്തുഭാഗത്തേയ്ക്ക് അവരോധിക്കപ്പെടുകയും ചെയ്തു” (ഹെബ്രായര്‍ 12, 1-2). വിശ്വാസവത്സരത്തില്‍ നാം ഏറെ ഊന്നല്‍കൊടുക്കേണ്ട ചിന്തയാണിത്. ക്രിസ്തുവില്‍ ദൃഷ്ടിപതിപ്പിച്ച് വിശ്വാസപൂര്‍വ്വം നാം മുന്നോട്ടു ചരിക്കണം. കാരണം ദൈവത്തോടുള്ള നമ്മുടെ പുത്രസഹജമായ ബന്ധത്തില്‍നിന്നും ഉതിരുന്ന സമ്മതമാണ് വിശ്വാസം. സ്വര്‍ഗ്ഗീയ പിതാവുമായുള്ള നമ്മുടെ പാരസ്പര്യത്തിന്‍റെ അല്ലെങ്കില്‍ ബന്ധത്തിന്‍റെ ഏകമദ്ധ്യസ്ഥന്‍ ക്രിസ്തുവാണ്. ഈ ലോകത്ത് മനുഷ്യരുടെമദ്ധ്യേ വസിച്ച ക്രിസ്തു ദൈവപുത്രനാകയാലാണ് നാം ദൈവമക്കളായി തീരുന്നത്.

2. ലൂക്കായുടെ സുവിശേഷത്തില്‍നിന്നും മനസ്സിലാക്കാന്‍ അല്പം കഠിനമായ വചനഭാഗത്തെക്കുറിച്ചാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്:
വിശദീകരിച്ചില്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെടാവുന്നതാണ് ഇന്നത്തെ സുവിശേഷ ഭാഗം. ക്രിസ്തു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു. “ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ. അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (ലൂക്കാ 12, 51..) ഇതിന്‍റെ അര്‍ത്ഥമെന്താണ്? വിശ്വാസം ജീവിതത്തിന് മോടിയോ അലങ്കാരമോ, അല്ല. വലിയ കേക്കുണ്ടാക്കി അതിന്‍റെ പുറമേ ക്രീംകൊണ്ട് അലങ്കരിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തെ മതാത്മകതകൊണ്ട്, അല്ലെങ്കില്‍ കുറെ മതാനുഷ്ഠാനങ്ങള്‍കൊണ്ട് അലങ്കരിക്കുന്നതാണ് വിശ്വാസമെന്നു ധരിക്കരുത്. അല്ല! ജീവിതത്തില്‍ സകലത്തിനും മാനദണ്ഡമായി ദൈവത്തെ സ്വീകരിക്കുന്നതാണ് വിശ്വാസം. എന്നാല്‍ ദൈവം ശൂന്യതയോ, നിസ്സംഗതയോ അല്ല, മറിച്ച് അവിടുന്ന് നന്മയും സ്നേഹവുമാണ്. ആ സ്നേഹം വളരെ ക്രിയാത്മകവുമാണ്. ക്രിസ്തു ഈ ലോകത്ത് അവതരിച്ച് നമ്മൊടൊത്തു വസിച്ചതിനാല്‍, ഇനി നമുക്ക് ദൈവത്തെ അറിയില്ല എന്നു പറയുവാനോ, ദൈവത്തെ അറിയാത്തതുപോലെ ജീവിക്കുവാനോ സാദ്ധ്യമല്ല. ദൈവം അമൂര്‍ത്തമോ, ശൂന്യമോ, നാമമാത്രമോ ആയ ഒരാളല്ല. അവിടുന്ന് സ്നേഹത്തിന്‍റെയും, കാരുണ്യത്തിന്‍റെയും മൂര്‍ത്തീഭാവമാണ്. അവിടുന്ന് എന്നും വിശ്വസ്തനാണ്. നമ്മുടെ ജീവന്‍ അവിടുത്തെ ദാനമാണ്. ആകയാല്‍ നാം ആ ദൈവസ്നേഹത്തിന് അനുസൃതമായ വിധത്തില്‍ ജീവിക്കണം. അതുകൊണ്ടാണ് ക്രിസ്തു പറയുന്നത്, സമാധനമല്ല ഭിന്നത ഉളവാക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.

നമ്മെ പരസ്പരം ഖണ്ഡിക്കാനോ ഭിന്നിപ്പിക്കാനോ ക്രിസ്തു ആഗ്രഹിക്കുന്നില്ല, മറിച്ച് നമ്മില്‍ സമാധാനവും അനുരഞ്ജനവും വളര്‍ത്തുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ ക്രിസ്തു വിഭാവനംചെയ്യുന്ന സമാധാനം സ്മശാന മൂകതയോ, നിസ്സംഗതയുടെ നിര്‍വ്വികാരതയോ, നിഷ്പക്ഷതയുടെ സമതുലിതാവസ്ഥയോ അല്ല. ക്രിസ്തു തരുന്ന സമാധാനം വെല്ലുവിളികളിലെ വിട്ടുവീഴ്ചയും അല്ല. വലിയ ത്യാഗം ആവശ്യപ്പെടുമ്പോഴും, എന്‍റേതായ താല്പര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നാലും ജീവിതത്തിലെ തിന്മയും സ്വാര്‍ത്ഥതയും അകറ്റി, നല്ലതും സത്യമായതും നീതിയുള്ളതും തിരഞ്ഞെടുക്കുന്നതാണ് ക്രിസ്ത്വാനുകരണം, ക്രിസ്തുവിലുള്ള വിശ്വാസം. അങ്ങനെ വരുമ്പോഴാണ് ഭിന്നിപ്പുണ്ടാകുന്നത്. അത് അടുത്ത ബന്ധങ്ങളെയും ചലപ്പോള്‍ അയല്‍പക്കങ്ങളെയും ചിതറിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട വസ്തുത ഇതാണ്: വിഭജനത്തിന്‍റെ മൂലകാരണം ക്രിസ്തുവാണ്. വിഭജിക്കുന്നത് ക്രിസ്തുവാണ്! വിഭജനത്തിനുള്ള മാനദണ്ഡം ക്രിസ്തുവിന്‍റേതായിരിക്കണം : നാം ആര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്?ദൈവത്തിനും മറ്റുള്ളവര്‍ക്കും വേണ്ടിയാണോ ഞാന്‍ ജീവിതം സമര്‍പ്പിക്കുന്നത്? സേവിക്കുവാനാണോ, സേവിക്കപ്പെടുവാനാണോ
നാം ആഗ്രഹിക്കുന്നത്? തന്നെത്തനെ ഉയര്‍ത്തുന്നതിലോ, അതോ, ദൈവഹിതം നിറവേറ്റുന്നതിലോ....? ഏതു വിധത്തിലാണ് നമ്മുടെ ജീവിതത്തില്‍ ക്രിസ്തു ‘വീഴ്ചയ്ക്കും ഇടര്‍ച്ചയ്ക്കും കാരണമാകുന്നത്, വിവാദവിഷയമായ അടയാളമാകുന്നത്’? എന്നു നാം മനസ്സിലാക്കേണ്ടതാണ് (ലൂക്കാ 2, 34).

3. തുടര്‍ന്ന് വചനധ്യാനത്തിലൂടെ വിശ്വാസത്തിന്‍റെ വളരെ പ്രായോഗിക തലങ്ങളിലേയ്ക്കാണ് പാപ്പാ കടന്നത്: വിശ്വാസപ്രചരണത്തിന് ബലപ്രയോഗം ഒരിക്കലും യുക്തമായ മാര്‍ഗ്ഗമല്ല. മറിച്ചാണ് : അക്രമത്തിന്‍റെ എല്ലാ മാര്‍ഗ്ഗങ്ങളും പരിത്യജിക്കുന്ന സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ശക്തിയാണ് വിശ്വാസ ജീവിതത്തില്‍ ക്രൈസ്തവന്‍റെ കരുത്ത്. വിശ്വാസവും അധിക്രമവും ഒരിക്കലും പൊരുത്തപ്പെടുകയില്ല! എന്നാല്‍ വിശ്വാസവും ധീരതയും പൊരുത്തപ്പെടുന്നവയുമാണ്. ക്രിസ്ത്യാനി ഒരിക്കലും അക്രമിയല്ല, എന്നാല്‍ ധൈര്യശാലിയാണ്. ആ ധൈര്യം എളിമയുടെയും, സൗമ്യതയുടെയും, സ്നേഹത്തിന്‍റെയും കരുത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്.

ക്രിസ്ത്വാനുകരണത്തില്‍ മറിയത്തിന്‍റെ മാതൃക മഹനീയമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി: ക്രിസ്തുവിന്‍റെ സ്വന്തക്കാരില്‍ പലരും അവിടുത്തെ ജീവിതശൈലിയെയും പരസ്യജീവിതത്തെയും അംഗീകരിച്ചില്ലെന്ന് സുവിശേഷങ്ങളില്‍ വായിക്കുന്നു (മാര്‍ക്ക് 3, 20-21). എന്നാല്‍ അവിടുത്തെ അമ്മയായ മറിയം, അത്യുന്നതനായ തന്‍റെ പുത്രനില്‍ എന്നപോലെ, അവിടുത്തെ ദിവ്യരഹസ്യങ്ങളില്‍ എന്നും ഹൃദയം ഉറപ്പിച്ചുകൊണ്ട് ക്രിസ്തുവിനെ അനുഗമിച്ചു. ഒപ്പം അവിടുത്തെ പ്രവൃത്തികളെ അംഗീകരിച്ചു. മറിയത്തിന്‍റെ വിശ്വാസത്തിന് നമുക്ക് നന്ദിപറയാം, കാരണം മറിയത്തിലൂടെയും അവിടുത്തെ സ്നേഹസാന്നിദ്ധ്യത്തിലൂടെയുമാണ് ആദിമ ക്രൈസ്തവ സമൂഹം ഉടലെടുത്തത്. വിശ്വാസജീവിതത്തിന്‍റെ വെല്ലുവിളികള്‍ ഉയരുമ്പോള്‍ ക്രിസ്തുവില്‍ ദൃഷ്ടിപതിപ്പിച്ചുകൊണ്ട് മുന്നോട്ടു ചരിക്കാനുള്ള അനുഗ്രഹം തരണമേ എന്ന് പരിശുദ്ധ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാം.

പാപ്പാ സന്ദേശസൂക്തി ഇങ്ങനെ അവര്‍ത്തിച്ചു : ഇതു നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം. വിശ്വാസം വ്യക്തിജീവിതത്തിന്‍റെ വെറും അലങ്കാരമല്ല, മറിച്ച് ഊര്‍ജ്ജമാണത്. ആത്മാവിനെ ചിലപ്പിക്കുന്ന ക്രിയാത്മകമായ സ്നേഹോര്‍ജ്ജമാണത്!
Narrated : nellikal, sedoc








All the contents on this site are copyrighted ©.