2013-08-17 16:10:39

ഈജിപ്തിനുവേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന


16 ആഗസ്റ്റ് 2013, വത്തിക്കാന്‍
ഈജിപ്ഷ്യന്‍ ജനതയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നു. മറിയത്തിന്‍റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ദിനത്തില്‍ കാസില്‍ ഗണ്‍ഡോള്‍ഫോയില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനാ ജപത്തിനു മുന്‍പ് നല്‍കിയ ഹ്രസ്വസന്ദേശത്തിലാണ് ഈജിപ്തിനെക്കുറിച്ചുള്ള തന്‍റെ ഉത്കണ്ഠ മാര്‍പാപ്പ വെളിപ്പെടുത്തിയത്. “നിര്‍ഭാഗ്യവശാല്‍, ഈജിപ്തില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ വേദനാജനകമാണ്. ആക്രമണങ്ങള്‍ക്കിരയായവര്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കും സംഘട്ടനത്തിന്‍റെ യാതനകള്‍ അനുഭവിക്കുന്ന മറ്റെല്ലാവര്‍ക്കും എന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്‍കുന്നു. ലോകം മുഴുവനും പ്രിയങ്കരമായ ആ രാജ്യത്തില്‍ സമാധാനവും, സംവാദവും, അനുരജ്ഞനവും ഉണ്ടാകുന്നതിനുവേണ്ടി നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം”എന്നു പറഞ്ഞ മാര്‍പാപ്പ, “സമാധാനത്തിന്‍റെ റാണിയായ പരിശുദ്ധ മറിയമേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ..” എന്ന പ്രാര്‍ത്ഥനയും ജനങ്ങള്‍ക്കൊപ്പം ചൊല്ലി.


***************************************************************************

ഈജിപ്തുകാര്‍ കാത്തിരുന്ന സന്ദേശമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേതെന്ന് ഈജിപ്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവ് ഫാ.റഫീക്ക് ഗ്രെയ്ക്ക് പ്രസ്താവിച്ചു. കത്തോലിക്കരും ഓര്‍ത്തഡോക്സ് സഭാംഗങ്ങളും ചില മുസ്ലീം സംഘടനകളും മാര്‍പാപ്പയുടെ സന്ദേശം അതിശീഘ്രം രാജ്യമെങ്ങും പ്രസിദ്ധീകരിച്ചുവെന്ന് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫാ.റഫീക്ക് ഗ്രെയ്ക്ക് വെളിപ്പെടുത്തി.
സമാധാനത്തിനും സംവാദത്തിനുമായുള്ള മാര്‍പാപ്പയുടെ ആഹ്വാനം വാര്‍ത്താമാധ്യമങ്ങളും സോഷ്യല്‍ നെറ്റുവര്‍ക്കുകളും അതീവ പ്രാധാന്യത്തോടെ പ്രക്ഷേപണം ചെയ്തു.
അതേസമയം, ഈജിപ്തിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. വ്യാഴാഴ്ചരാത്രിയും മുസ്ലീം ബ്രദര്‍ഹുഡ് പ്രകടനങ്ങള്‍ നടത്തി. ദേവാലയങ്ങള്‍ക്കും ഇതര സഭാസ്ഥാപനങ്ങള്‍ക്കും പുറമേ പൊതുമേഖലാ സ്ഥാപനങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കുന്നുണ്ട്. 30 ഓര്‍ത്തഡോക്സ് ദേവാലയങ്ങളും 10 കത്തോലിക്കാ ദേവാലയങ്ങളുമടക്കം നാല്‍പതോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ അഗ്നിക്കിരയായി.
മുസ്ലീം ബ്രദര്‍ഹുഡും അവരുടെ സഹകാരികളായ രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയപരമായ പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതിനാല്‍ അനുരജ്ഞന ചര്‍ച്ചകളിലൂടെ സംഘര്‍ഷം അവസാനിക്കാന്‍ എളുപ്പമല്ലെന്നും കത്തോലിക്കാ മെത്രാന്‍സമിതിയുടെ വക്താവ് ഖേദപൂര്‍വ്വം വിശദീകരിച്ചു. പൊതുജനം സമാധാനം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അക്രമവും ഭീകരതയും അഴിച്ചുവിടുന്ന ചെറിയൊരു വിഭാഗം രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണെന്ന് ഫാ.റഫീക്ക് ഗ്രെയ്ക്ക് പരിതപിച്ചു.

വാര്‍ത്താ സ്രോതസ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.