2013-08-16 17:57:24

മറിയത്തിന്‍റെ സ്തോത്രഗീതം
വേദിനിക്കുന്ന മനുഷ്യന്‍റെ പ്രത്യാശഗീതം


ആഗസ്റ്റ് 15-ാം തിയതി സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗം:

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ‘ജനതകള്‍ക്കു പ്രകാശം’ (Lumen Gentium) എന്ന സഭയെക്കുറിച്ചുള്ള പ്രബോധനം യേശുവിന്‍റെ അമ്മയായ മറിയത്തെക്കുറിച്ച് മനോഹരമായി പ്രസ്താവിക്കുണ്ട്.
“ആത്മശരീരങ്ങളില്‍ ക്രിസ്തുവിന്‍റെ അമ്മയായ മറിയം ഉള്‍ക്കൊള്ളുന്ന സ്വര്‍ഗ്ഗീയ മഹത്വം വരാനിരിക്കുന്ന ലോകത്തില്‍ നാം ആര്‍ജ്ജിക്കേണ്ടതും പൂര്‍ത്തീകരിക്കേണ്ടതുമായ സഭയുടെ പ്രതിരൂപവും തുടക്കവുമാണ്” (ജനതകള്‍ക്കു പ്രകാശം 68). മറിയത്തെക്കുറിച്ച് സഭ പ്രഘോഷിക്കുന്ന ഈ ആത്മീയ പ്രതിരൂപത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ വചനചിന്തകള്‍ പങ്കുവയ്ക്കുന്നത്. ജീവിത വൈഷമ്യം, ഉത്ഥാനം, പ്രത്യാശ എന്നീ മൂന്നു വാക്കുകളില്‍ ഈ ചിന്തകളെ നമുക്ക് സമാഹരിക്കാം.

1. ജീവിത പ്രതിസന്ധികളിലെ ആത്മീയശക്തി
ഒരു സ്ത്രീയും സര്‍പ്പവും തമ്മിലുള്ള സംഘട്ടനത്തിന്‍റെ വിവരണം വെളിപാടു ഗ്രന്ഥം രേഖപ്പെടുത്തുന്നു (വെളിപാട് 12, 1) . സഭയെ പ്രതിനിധീകരിക്കുന്ന സ്ത്രീരൂപം മഹത്വപൂര്‍ണ്ണയും വിജയശ്രീലാളിതയും മാണെങ്കിലും, ഇനിയും ഈറ്റുനോവ് അനുഭവിക്കുന്നവളാണ്. സഭയുടെ അസ്തിത്ത്വം ഇപ്രകാരം തന്നെയാണ്. സ്വര്‍ഗ്ഗീയ മഹത്വത്തില്‍ അവള്‍ കര്‍ത്താവിന്‍റെ മഹത്വത്തിലും സന്തോഷത്തിലുമാണെങ്കില്‍, ഭൗമിക വിപ്രവാസത്തില്‍, നന്മയുടെ ബദ്ധശത്രുവായ പിശാചിനെതിരെയുള്ള നിരന്തരമായ പോരാട്ടത്തിന്‍റെയും വെല്ലുവിളികളുടെയും മദ്ധ്യേയാണ് അവള്‍ ജീവിക്കുന്നത്. ജീവിതയാത്രയില്‍ ഈ സംഘട്ടനം മനുഷ്യര്‍ അനുഭവിക്കുമ്പോള്‍ മറിയം അവരെ കൈവിടുന്നില്ല. സഭയുടെ മാതാവായ ക്രിസ്തുവിന്‍റെ അമ്മ എന്നും അവരോടൊപ്പമുണ്ട്. ആത്മീയതയുടെയും ഭൗമികതയുടെയും ദ്വിമാനങ്ങള്‍ ഇന്നും മറിയം നമ്മോടൊപ്പം പങ്കുവയ്ക്കുന്നുണ്ട്. ജീവിതാന്ത്യത്തില്‍ മറിയം സ്വര്‍ഗ്ഗാരോപണത്തിലൂടെ ദൈവികമഹത്വം പ്രാപിച്ചുകഴിഞ്ഞു. എന്നാല്‍ അതോടെ മറിയം നമ്മെ കൈവെടിഞ്ഞതായി കണക്കാക്കരുത്. അവള്‍ ഇന്നും നമ്മെ അനുധാവനംചെയ്യുന്നുണ്ട്. നമ്മുടെ യാതനകളില്‍ മറിയം പങ്കുചേരുന്നുണ്ട്. തിന്മയുടെ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ പരിശുദ്ധ കന്യകാനാഥാ നമ്മെ പിന്‍തുണയ്ക്കുന്നുണ്ട്. മറിയത്തോടൊപ്പമുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍, വിശിഷ്യാ ജപമാല ജീവിത പ്രതിസന്ധികളില്‍, തിന്മയുടെ ശക്തികളെ ചെറുത്തുനില്ക്കാന്‍ കരുത്തുനല്കി, നമ്മെ പിന്‍തുണയ്ക്കുന്ന ശക്തമായ പ്രാര്‍ത്ഥനയാണ്.

2. കുരിശോളം കൂട്ടായവള്‍ ഉത്ഥാനത്തിന്‍റെ പങ്കാളി
‘ഉത്ഥാനത്തിന്‍റെ ജനത’യെന്ന് ക്രൈസ്തവരെ വിശേഷിപ്പിക്കാറുണ്ട് (കൊളോ. 1, 15). ക്രിസ്തു സത്യമായും ഉയര്‍ത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരെന്ന് പൗലോസ് അപ്പസ്തോലന്‍ കൊറിന്തിയര്‍ക്കെഴുതിയ ലേഖനത്തില്‍ രേഖപ്പെടുത്തതിയിരിക്കുന്നു (1 കൊറി. 15, 12). നമ്മുടെ വിശ്വാസത്തിന്‍റെ അടിത്തറയാണിത്. അതൊരു ആശയമല്ല, മറിച്ച് സംഭവമാണ്. ആത്മശരീരങ്ങളോടെയുള്ള മറയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ അധിഷ്ഠിതമായ സംഭവമാണ്. മകന്‍റെ ഉത്ഥാന മഹത്വത്തിലേയ്ക്ക് അമ്മയുടെ മാനുഷികത ആകര്‍ഷിക്കപ്പെട്ടതും ഉയര്‍ത്തപ്പെട്ടതുമാണ് മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം. ഈ ഭൂമിയില്‍വച്ച് മറിയത്തില്‍നിന്നു സ്വീകരിച്ച മാനുഷികതയോടെയാണ് ക്രിസ്തു ഉത്ഥാനംചെയ്ത് സ്വര്‍ഗ്ഗീയ മഹത്വം പ്രാപിച്ചത്. ഈ ഭൂമിയില്‍ ക്രിസ്തുവിനെ ഹൃദയപൂ‍ര്‍വ്വവും വിശ്വസ്തതയോടെയും അനുധാവനംചെയ്ത അമ്മ, നാം പറുദീസയെന്നും, സ്വര്‍ഗ്ഗമെന്നും, പിതൃസന്നിധിയെന്നും വിളിക്കുന്ന നിത്യജീവനിലേയ്ക്ക് ജീവിതാന്ത്യത്തില്‍ ആനയിക്കപ്പെട്ടതാണ് സ്വര്‍ഗ്ഗാരോപണം.

ക്രിസ്തുവിനെ ഏറ്റവും അടുത്ത് അനുഗമിച്ച മറിയം അവിടുത്തെ കുരിശു യാതനയിലും പങ്കാളിയായെന്നു പറയാം. കാരണം, അവള്‍ ക്രിസ്തുവിന്‍റെ പീഡകളോടും കുരിശുമരണത്തോടും പൂര്‍ണ്ണമായും ആത്മാനാ സാരൂപ്യപ്പെട്ടവളാണ്. സുവിശേഷങ്ങളില്‍ മറിയത്തെ അവസാനമായി നാം കാണുന്നത് കാല്‍വരിയില്‍ ക്രിസ്തുവിന്‍റെ കുരിശിന്‍ ചുവട്ടിലാണ്. ക്രിസ്തുവിന്‍റെ പീഡകളോടും മരണത്തോടും അനുരൂപപ്പെട്ടവള്‍ക്കാണ് ദൈവം പുനരുത്ഥാനത്തിന്‍റെ സ്വര്‍ഗ്ഗീയ മഹത്വത്തില്‍ പങ്കാളിത്തം നല്കിയത്. അങ്ങനെ മരിച്ചവരില്‍നിന്നുള്ള ആദ്യഫലം ക്രിസ്തുവാണെങ്കില്‍, ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമായ രക്ഷയുടെ ആദ്യഫലം മറിയവുമാണ്.

3. പ്രത്യാശ – പ്രതിസന്ധികളിലെ ജീവിതപുണ്യം
ജീവിത പ്രതിസന്ധികളില്‍ മനുഷ്യന്‍ ആര്‍ജ്ജിക്കുന്ന പുണ്യമാണ് പ്രത്യാശ.
ജീവന്‍റെയും മരണത്തിന്‍റെയും മദ്ധ്യേ, നന്മ-തിന്മകള്‍ക്കിടയില്‍, ദാരിദ്ര്യത്തിന്‍റെയും രോഗങ്ങളുടെയും ക്ലേശങ്ങള്‍ക്കിടയില്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള വിശ്വാസംവഴി മനുഷ്യന്‍ സ്നേഹത്തോടെ ആര്‍ജ്ജിക്കുന്ന പുണ്യമാണത്. ഈ കാഴ്ചപ്പാടില്‍ ജീവിതയാതനകളുടെമദ്ധ്യേ ചരിക്കുന്ന മനുഷ്യന്‍ ഏറ്റുപാടേണ്ട പ്രത്യാശയുടെ ഗീതമാണ് മറിയത്തിന്‍റെ സ്തോത്രഗീതം.
എളിമയും ലാളിത്യവുമുള്ള ധാരാളം വിശുദ്ധാത്മാക്കളും, പ്രശസ്തരും എന്നാല്‍ അത്ര പ്രശസ്തരല്ലാത്തവരും, ദൈവത്തിനുമാത്രം അറിയാവുന്ന ആത്മീയതയുള്ള മാതാപിതാക്കളും, മതാദ്ധ്യാപകരും, മിഷണറിമാരും, വൈദികരും, സന്ന്യസ്തരും യുവജനങ്ങളും, എന്തിന് കുഞ്ഞുങ്ങള്‍ പോലും അവരുടെ ജീവിതയാതനകളുടെമദ്ധ്യേ ഏറ്റുപാടുന്ന സുന്ദരഗീതമാണ് ‘മാഞ്ഞീഫിക്കാത്ത്,’ (Magnificat) മറിയത്തിന്‍റെ സ്തോത്രഗീതം!

സ്വര്‍ഗ്ഗാരോപണനാളില്‍ സഭ മറിയത്തൊടൊപ്പം ഈ സ്തോത്രഗീതം ഏറ്റുപാടുകയാണ്, പ്രത്യേകിച്ച് ക്രിസ്തുവിന്‍റെ മൗതികശരീരം പീഡിപ്പിക്കപ്പെടുന്ന സ്ഥലങ്ങളില്‍. പീഡനങ്ങള്‍ അനുഭവിക്കുന്ന സമൂഹങ്ങളുടെയും സഹോദരങ്ങളുടെയും മദ്ധ്യേ മറിയം സന്നിഹിതയാണ്. അവരുടെ വേദനകളില്‍ പങ്കുചേരുകയും, അവരോടൊപ്പം തേങ്ങുകയും, അവരെ തുണയ്ക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗീയ അമ്മ പ്രത്യാശയുടെ സ്തോത്രഗീതം ഇന്നുമെന്നും അവര്‍ക്കുവേണ്ടി സ്വര്‍ഗ്ഗപിതാവിന്‍റെ സന്നിധിയില്‍ ആലപിക്കുന്നുണ്ട്, എന്നു പ്രസ്താച്ചുകൊണ്ടാണ് തന്‍റെ പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്.

പ്രിയ സഹോദരങ്ങളേ, ഭൂമിയിലെ തീര്‍ത്ഥാടക സഭയെ സ്വര്‍ഗ്ഗീയ മഹത്വത്തിലെ വിജയസഭയോടും,
ഈ ലോകത്തെ സ്വര്‍ഗ്ഗത്തോടും, ചരിത്രത്തെ നിത്യതയോടും ഒന്നിപ്പിക്കുന്ന മറിയത്തിന്‍റെ സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും വിജയഗീതി നമ്മുടെ അനുദിന ജീവിതത്തിലെ ആത്മഗീതമാക്കി മാറ്റാം.
Translated from the Original Text : nellikal, Radio Vatican








All the contents on this site are copyrighted ©.