2013-08-14 18:35:54

‘വത്തിക്കാന്‍ ബാങ്ക്’ബാങ്കല്ലെന്ന്
സാമ്പത്തിക വിദഗ്ദ്ധന്‍


14 ആഗസ്റ്റ് 2013, വത്തിക്കാന്‍
‘വത്തിക്കാന്‍ ബാങ്ക്’ ബാങ്കല്ലെന്ന്, വത്തിക്കാന്‍റെ Financial Informaion Authority, സാമ്പത്തിക വിവരങ്ങള്‍ക്കായുള്ള സംഘത്തലവന്‍, റെനേ ബ്രൂള്‍ഹാര്‍ട്ട് പ്രസ്താവിച്ചു. ആഗസ്റ്റ് 13-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ബ്രൂള്‍ഹാര്‍ട്ട് ഇങ്ങനെ പ്രസ്താവിച്ചത്. Institute for the Works of Religion എന്നു നാമകരണം ചെയ്യപ്പെട്ട സഭയുടെ സാമ്പത്തിക സ്ഥാപനം കാലക്രമത്തില്‍ ജനങ്ങള്‍ വത്തിക്കാന്‍ ബാങ്കെന്ന് വിളിക്കാന്‍ തുടങ്ങിയെങ്കിലും, സ്വഭാവത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ മാത്രം സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള
സ്വകാര സ്ഥാപനമാണിതെന്നും, ഒരു ദേശവത്കൃതമോ സ്വകാര്യമോ ആയ ബാങ്കിന്‍റെ ക്രമീകരണങ്ങളൊന്നും പ്രവര്‍ത്തന ശൈലിയിലോ സാങ്കേതികതയോ വത്തിക്കാന്‍റെ ഈ സാമ്പത്തിക പ്രസ്താനത്തിനില്ലെന്നും ബ്രൂള്‍ഹാര്‍ട്ട് അഭിമുഖത്തില്‍ പ്രസ്താവിച്ചു. വത്തിക്കാന്‍റെയും അതിന്‍റെ കീഴില്‍ വരുന്ന ഇതര സ്ഥാപനങ്ങളുടെയും, ആശ്രിതരായ വ്യക്തികളുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലളിതമായ സംവിധാനമാണിതെന്നും ബ്രൂള്‍ഹാര്‍ട്ട് വ്യക്തമാക്കി.

വത്തിക്കാന്‍റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ തിരുത്തുവാനും തക്കവിധത്തില്‍ വളരെ പ്രായോഗികമായ അധികാരവും നടപടിക്രമങ്ങളും നിര്‍ദ്ദേശിക്കുന്നതാണ് പാപ്പാ ഫ്രാന്‍സിസ് പുതുതായി പുറപ്പെടുവിച്ച വത്തിക്കാന്‍റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച സ്വാധികാര പ്രബോധനം motu proprio എന്ന് ബ്രൂള്‍ഹാര്‍ട്ട് അഭിപ്രായപ്പെട്ടു.
വത്തിക്കാന്‍റെയും അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുക മാത്രമല്ല, പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃകമായിട്ടുള്ള സ്വത്തും വസ്തുവകകളും സംരക്ഷിക്കുക ഈ സാമ്പത്തിക സംവിധാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നും ബ്രൂള്‍ഹാര്‍ട്ട് അഭിപ്രായപ്പെട്ടു.

പണമിടപാടുകളിലും മൂലധന ക്രയവിക്രയങ്ങളിലും സംഭവിക്കാന്‍ പാടില്ലാത്ത – കുഴല്‍പ്പണം, പണംവെളുപ്പിക്കല്‍, ബിനാമി പ്രവര്‍ത്തനങ്ങള്‍ - സഭാ സ്ഥാപനത്തില്‍ സംഭവിച്ചതാണ് അപകീര്‍ത്തിക്കും ഉതപ്പുകള്‍ക്കും കാരണമെന്നും, എന്നാല്‍ ഇനി പുതിയ സംഭവങ്ങള്‍ പൊന്തിവന്നാലും, അവ നിയന്ത്രിക്കാനുള്ള കൃത്യമായ രൂപരേഖകളും പ്രതിരോധ സംവിധാനങ്ങളും പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബ്രൂള്‍ഹാര്‍ട്ട് വ്യക്തമാക്കി.
സാമ്പത്തിക ഇടപാടുകളില്‍ എവിടെയും സത്യസന്ധതയും സുതാര്യതയും അനിവാര്യമാണെന്ന് വത്തിക്കാന്‍റെ സാമ്പത്തിക വിവരങ്ങള്‍ക്കായുള്ള സംഘത്തിലവന്‍, റെനേ ബ്രൂള്‍ഹാര്‍ട്ട് പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.