2013-08-14 16:55:42

ആര്‍ച്ചുബിഷപ്പ് ഓസ്ക്കാര്‍ റൊമേരോയുടെ വിശുദ്ധപദപ്രഖ്യാപനത്തിന് കര്‍ദിനാള്‍ ഒര്‍ത്തേഗയുടെ പ്രാര്‍ത്ഥന


13 ആഗസ്റ്റ് 2013, സാന്‍ സാല്‍വദോര്‍
എല്‍ സാല്‍വദോര്‍ മെത്രാപ്പോലിത്താ ഓസ്ക്കര്‍ റൊമേരോ അള്‍ത്താര വണക്കത്തിനു യോഗ്യനായി പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയോടെ ക്യൂബന്‍ കര്‍ദിനാള്‍ ഹൈമെ ഓര്‍ത്തേഗ. 5ാമത് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി എല്‍ സാല്‍വദോറിലെത്തിയ കര്‍ദിനാള്‍ ഓര്‍ത്തേഗ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ സമാപന ദിവ്യബലിയില്‍ ആര്‍ച്ചുബിഷപ്പ് റൊമേരയുടെ വിശുദ്ധ പദപ്രഖ്യാപനത്തിനായി മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി. ആര്‍ച്ചുബിഷപ്പ് റൊമേരോ വധിക്കപ്പെട്ട സാന്‍ സാല്‍വദോറിനു സമീപത്തുള്ള സെന്‍റ് തെക്ലാ കായിക മൈതാനത്ത് അര്‍പ്പിക്കപ്പെട്ട സമൂഹദിവ്യബലിയില്‍ ക്യൂബന്‍ മെത്രാപ്പോലീത്താ കര്‍ദിനാള്‍ ഓര്‍ത്തേഗ നടത്തിയ ഈ പ്രാര്‍ത്ഥനയ്ക്ക് ആയിരക്കണക്കിനു വിശ്വാസികള്‍ക്കുപുറമേ എല്‍ സാല്‍വദോറിലെ നിരവധി മെത്രാന്‍മാരും വൈദികരും ഹോണ്ടുറാസിലെ കര്‍ദിനാള്‍ ഓസ്കാര്‍ റോഡ്രിഗസ് മറാഡിയാഗയും സാക്ഷൃം വഹിച്ചു.

എല്‍ സാല്‍വദോര്‍ മെത്രാപ്പോലിത്താ ഓസ്ക്കര്‍ റൊമേരോയുടെ രക്തസാക്ഷിത്വത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ (1990ല്‍) രൂപതാതലത്തില്‍ ആരംഭിച്ച നാമകരണ നടപടികളുടെ പ്രാരംഭഭാഗം 1997ല്‍ പൂര്‍ത്തിയായിരുന്നു. അദ്ദേഹം വീരോചിതമായ രീതിയില്‍ ക്രിസ്തീയ പുണ്യങ്ങള്‍ ജീവിച്ചുവെന്ന് അംഗീകരിക്കുന്ന ധന്യപദത്തിനും രക്ഷസാക്ഷിത്വപ്രഖ്യാപനത്തിനുമുള്ള അന്വേഷണനടപടികള്‍ ഇപ്പോള്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ മേല്‍നോട്ടത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിര്‍ധനരുടേയും നിരാലംബരുടേയും ആശ്രയമായിരുന്ന റൊമേരോ മെത്രാപ്പോലീത്താ എല്‍ സാല്‍വദോര്‍ സര്‍ക്കാരിന്‍റെ മനുഷ്യാവകാശധ്വംസനങ്ങള്‍ നിര്‍ഭയം ചോദ്യം ചെയ്തിരുന്നു. 1980 മാര്‍ച്ച് 24ന് ദിവ്യബലിയര്‍പ്പണം നടത്തുന്നതിനിടയിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. രണ്ടുലക്ഷത്തിലേറെ പേര്‍ അദ്ദേഹത്തിന്‍റെ മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തിരുന്നു.

വാര്‍ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.