2013-08-14 16:12:05

അമേരിക്കന്‍ സന്ന്യാസിനിമാരുടെ വാര്‍ഷിക സമ്മേളനം


13 ആഗസ്റ്റ് 2013, ഫ്ലോറിഡ
അമേരിക്കന്‍ സന്ന്യാസിനിമാരുടെ നേതൃത്വ സംഘടനയുടെ (Leadership Conference of Women Religious , LCWR) വാര്‍ഷിക പൊതുസമ്മേളനം ആഗസ്റ്റ് 13ന് ഫ്ലോറിഡയിലെ ഓര്‍ലഡില്‍ ആരംഭിച്ചു. ‘സ്വതന്ത്രവും ഉറച്ച അടിസ്ഥാനത്തോടുകൂടിയതും കൃപാപൂര്‍ണ്ണവുമായ നേതൃത്വം’ (Leadership Evolving: Graced, Grounded and Free) എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് പീറ്റര്‍ സാര്‍ടെയിന്‍ വത്തിക്കാന്‍റെ പ്രത്യേക നിരീക്ഷകനായി പങ്കെടുക്കുന്നുണ്ട്.

അമേരിക്കന്‍ സന്ന്യാസിനികളില്‍ 80% പേരും അംഗങ്ങളായിരിക്കുന്ന LCWR ന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് 2009 മുതല്‍ 2012വരെ വത്തിക്കാന്‍ സംഘം നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ഈ സംഘടന സഭാപരവും സാമൂഹ്യവും ധാര്‍മ്മികവുമായ ചില കാര്യങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ മാറ്റം വരുത്തണമെന്ന് വ്യക്തമാക്കിയിരുന്നു. പഠന റിപ്പോര്‍ട്ടിന്‍റെ ഫലമായി സംഘടനയുടെ പരിഷ്ക്കരണം ആവശ്യപ്പെട്ടുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്ത് (2012ല്‍) പരിശുദ്ധ സിംഹാസനം ഒരു വിജ്ഞാപനം ഇറക്കിയിരുന്നു. കത്തോലിക്കാ വിശ്വാസസംഹിതകള്‍ക്കു നിരക്കുന്നതും സഭാനേതൃത്വത്തോടുള്ള ഐക്യത്തിലും കൂട്ടായ്മയിലും അടിയുറച്ചതുമായ പ്രവര്‍ത്തനരീതി സംഘടന അവലംബിക്കണമെന്ന് നിര്‍ദേശിക്കുന്ന വിജ്ഞാപനം ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പിന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പയും സ്ഥിരീകരിച്ചു.
ആഗസ്റ്റ് 13ന് ആരംഭിച്ച വാര്‍ഷിക സമ്മേളം 17ന് സമാപിക്കും.

വാര്‍ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.