2013-08-13 16:57:05

സാഹോദര്യത്തിന്‍റെ ക്രിസ്തീയാനുഭവം


13 ആഗസ്റ്റ് 2013, വത്തിക്കാന്‍
ഒരേക പിതാവിന്‍റെ മക്കളെന്ന നിലയിലുള്ള സാഹോദര്യമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രമെന്ന് മാര്‍പാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക അക്കൗണ്ടില്‍ ആഗസ്റ്റ് 13നാണ് പാപ്പ ഈ സന്ദേശം പങ്കുവയ്ച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ പ്രഭാഷണങ്ങളില്‍ നിരവധി തവണ ക്രിസ്തീയ സാഹോദര്യത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

ജൂലൈ 8ന് ഇറ്റലിയുടെ തെക്കു-പടിഞ്ഞാറ് ഭാഗത്ത്, മദ്ധ്യധരണി ആഴിയില്‍ ടുണീഷ്യയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ലാമ്പെദൂസാ ദ്വീപിലേയ്ക്കു നടത്തിയ അപ്പസ്തോലിക പര്യടനത്തില്‍ മാര്‍പാപ്പ ക്രിസ്തീയ സാഹോദര്യത്തേയും ഐക്യദാര്‍ഢ്യത്തേയും കുറിച്ച് നടത്തിയ പ്രഭാഷണം ഹൃദയസ്പര്‍ശിയായിരുന്നു.
“നിന്‍റെ സഹോദരന്‍ എവിടെ”? എന്ന് ആബേലിനെക്കുറിച്ച് കായേനോട് ദൈവം ചോദിച്ച ചോദ്യം ഇന്ന് നാമോരോരുത്തരോടും ദൈവം ആവര്‍ത്തിക്കുന്നുവെന്ന് മാര്‍പാപ്പ തദവസരത്തില്‍ പറഞ്ഞു. ആബേലിന്‍റെ രക്തം ഭൂമിയില്‍ നിന്ന് ദൈവത്തെ വിളിച്ചു കരഞ്ഞതുപോലെ കുടിയേറ്റ പ്രക്രിയയില്‍ മരണമടഞ്ഞവരുടേയും, അവഗണനയുടേയും ചൂഷണത്തിന്‍റേയും കയ്പ്പുനീര്‍ രുചിക്കുന്നവരുടേയും വിലാപം ദൈവസന്നിധിയിലേക്ക് ഉയരുന്നു. ദരിദ്രരെ ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തുകാര്‍ക്കെതിരേ ആഞ്ഞടിച്ച പാപ്പ, അന്യരുടെ നിസഹായത അവര്‍ സ്വന്തം നേട്ടത്തിനുള്ള മാര്‍ഗമാക്കി മാറ്റുന്നുവെന്നും കുറ്റപ്പെടുത്തി. സാഹോദര്യത്തിന്‍റേയും കരുതലിന്‍റേയും മനോഭാവം ലോകത്തില്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ‘അവഗണനയുടെ ആഗോളവല്‍ക്കരണ’മാകട്ടെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. കുടിയേറ്റ യാത്രയില്‍ മരണമടഞ്ഞവരെ പ്രതി കരഞ്ഞവരുണ്ടോ? എന്ന ചോദ്യമുന്നയിച്ച മാര്‍പാപ്പ അന്യരുടെ വേദനയില്‍ പങ്കുചേരാനും അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുവാനുമുള്ള കഴിവ് ‘അവഗണനയുടെ ആഗോളവല്‍ക്കരണ’ത്തിനിടയില്‍ നമുക്ക് നഷ്ടമായിക്കൊണ്ടിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. നമ്മുടെ സഹോദരീ സഹോദരന്‍മാരോട് നാം കാണിക്കുന്ന അവഗണനയെ പ്രതി ദൈവത്തോട് ക്ഷമ യാചിച്ചുകൊണ്ടാണ് മാര്‍പാപ്പ അന്ന് തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

വാര്‍ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.