2013-08-13 16:56:35

ബന്ധികളാക്കപ്പെട്ട മെത്രാന്‍മാരെക്കുറിച്ചുള്ള ഊഹോപോഹങ്ങള്‍ അവസാനിപ്പിക്കണമെന്ന്


13 ആഗസ്റ്റ് 2013, ദമാസ്ക്കസ്
സിറിയയില്‍ ബന്ധികളാക്കപ്പെട്ട മെത്രാന്‍മാരെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തിമോത്തേയൂസ് മാത്താ ഫാദില്‍ അഭ്യര്‍ത്ഥിക്കുന്നു. ബന്ധികളാക്കപ്പെട്ട മെത്രാന്‍മാരെക്കുറിച്ച് ഓരോ ആഴ്ച്ചയിലും പുതിയ വാര്‍ത്തകള്‍ വരുന്നുണ്ട്, പത്രക്കാരും രാഷ്ട്രീയ പ്രവര്‍ത്തകരും പല അഭിപ്രായങ്ങളുമായി രംഗത്തു വരുന്നു. എന്നാല്‍ ആര്‍ക്കും മെത്രാപ്പോലിത്താമാരുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മെത്രാപ്പോലിത്താമാര്‍ ബന്ധികളാക്കപ്പെട്ട് നാല് മാസത്തോളം പിന്നിട്ടിട്ടും ആരാണ് അവരെ തട്ടിക്കൊണ്ടു പോയതെന്നത് വ്യക്തമല്ലെന്ന് ആര്‍ച്ചുബിഷപ്പ് ഫാദില്‍ പ്രസ്താവിച്ചു.
2013 ഏപ്രില്‍ മാസത്തില്‍ തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് അലപ്പോയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന അലപ്പോയിലെ സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് യോഹന്നാന്‍ ഇബ്രാഹിം മാര്‍ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് ബൗലോസ് യസ്ജി എന്നിവരെയാണ് അജ്ഞാത സംഘം തട്ടികൊണ്ടുപോയത്.
മെത്രാപ്പോലിത്തമാരുടെ ജീവന് ഹാനിസംഭവിച്ചിട്ടില്ലെന്നാണ് പ്രത്യാശിക്കുന്നത്, അവര്‍ സുരക്ഷിതരായി മടങ്ങിവരുന്നതിനുവേണ്ടി സഭ മുഴുവനും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഫാദില്‍ പറഞ്ഞു.

അതിനിടെ, ജൂലൈ 28നും 29നും ഇടയില്‍ ബന്ധിയാക്കപ്പെട്ട ഇറ്റാലിയന്‍ ഈശോസഭാംഗം ഫാ.പൗളോ ദല്‍ ഒല്യോ വിമതരുടെ കയ്യിലാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി മാസത്തില്‍ തിരോധാനം ചെയ്ത അര്‍മേനിയന്‍ കത്തോലിക്കാ പുരോഹിതന്‍ മൈക്കള്‍ കായല്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് വൈദികന്‍ മാഹര്‍ മാഹ്ഫുസ് എന്നിവരെക്കുറിച്ചും സര്‍ക്കാര്‍ തലത്തിലും, സര്‍ക്കാരിതര സംഘനകളുടേയും, പ്രാദേശിക നിവാസികളുടേയും സഹായത്തോടെയും അന്വേഷണം നടക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തിമോത്തേയൂസ് മാത്താ ഫാദില്‍ വെളിപ്പെടുത്തി.

വാര്‍ത്താ സ്രോതസ്സ് : ഫീദ‍െസ്







All the contents on this site are copyrighted ©.