2013-08-13 16:56:45

കുഷ്ഠരോഗികളുടെ പ്രേഷിതന്‍ റൗള്‍ ഫൊലെറുവിന്‍റെ 110ാം ജന്‍മവാര്‍ഷികാചരണം


13 ആഗസ്റ്റ് 2013, പാരീസ്

കുഷ്ഠരോഗികളുടെ പ്രേഷിതന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫ്രഞ്ച് പത്രപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ റൗള്‍ ഫൊലെറുവിന്‍റെ 110ാം ജന്‍മവാര്‍ഷികാഘോഷം ആഗസ്റ്റ് 17ന് ഫ്രാന്‍സില്‍ നടക്കും. കുഷ്ഠരോഗികളുടെ മനുഷ്യാവകാശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധതിരിച്ച റൗള്‍ ഫ്ലെറുവിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഐക്യരാഷ്ട്ര സംഘടന ജനുവരി 31ന് ലോക കുഷ്ഠരോഗ നിവാരണ ദിനമായി ആചരിക്കുന്നത്.

ഫ്രാന്‍സില്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായി പേരെടുത്ത റൗള്‍ ഫൊലെറു ജോലിസംബന്ധമായി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു നടത്തിയ യാത്രകളിലാണ് കുഷ്ഠരോഗികളുടെ ദയനീയാവസ്ഥയെക്കുറിച്ച് ബോധവാനായത്. അള്‍ജീരിയയില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫ്രഞ്ച് സന്ന്യാസി, വാഴ്ത്തപ്പെട്ട ചാള്‍സ് ദെ ഫുക്കൂവുമായുള്ള കൂടിക്കാഴ്ച്ചയും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി. കുഷ്ഠരോഗികളുടെ പുനരധിവാസത്തിനും അവകാശങ്ങള്‍ക്കും കുഷ്ഠരോഗ നിവാരണത്തിനും വേണ്ടി സ്വജീവിതം ഉഴിഞ്ഞു വച്ച ഫൊലറു അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്നു. അല്‍മായപ്രേഷിതത്വത്തിന്‍റെ മഹനീയ മാതൃക നല്‍കിയ ഫൊലറുവിനെ അനുസ്മരിക്കാനായി വത്തിക്കാന്‍റെ തപാല്‍ വിഭാഗം ഇക്കൊല്ലം നവംബര്‍ മാസത്തില്‍ റൗള്‍ ഫൊലെറു അനുസ്മരണ തപാല്‍സ്റ്റാമ്പ് പുറത്തിറക്കുമെന്ന് റൗള്‍ ഫൊലെറുവിന്‍റെ ജന്‍മവാര്‍ഷികാഘോഷ സമിതിയുടെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. ജന്‍മനാടായ ഫ്രാന്‍സിലെന്ന പോലെ അദ്ദേഹത്തിന്‍റെ ശുശ്രൂഷാവേദികളായ ആഫ്രിക്കന്‍ രാജ്യങ്ങളിലും റൗള്‍ ഫൊലെറുവിന്‍റെ 110ാം ജന്‍മവാര്‍ഷികാഘോഷം വിപുലമായ തോതില്‍ ആഘോഷിക്കുമെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.