2013-08-12 12:05:06

സ്വര്‍ഗ്ഗാരോപണചിന്തകള്‍ : മറിയം
വാഗ്ദത്തപേടകവും സന്തോഷത്തിന്‍റെ കാരണവും


ഏറ്റവും പഴക്കമുള്ളതും എന്നാല്‍ ജനപ്രീതിയാര്‍ജ്ജിച്ചതുമായ തിരുനാളുകളില്‍ ഒന്നാണ് സ്വര്‍ഗ്ഗാരോപണം. മറിയം ശരീരത്തോടും ആത്മാവോടുംകൂടെ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടു എന്ന തിരുനാളിന്‍റെ പൊരുള്‍ വിശ്വാസരഹസ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയോട് അനുബന്ധിച്ച് ഈ തിരുനാള്‍ ആഘോഷിക്കുന്നത് ഭാരതീയരായ നമുക്ക് സന്തോഷദായകവുമാണ്. അനുദിന ജീവിതത്തിലെ ദൈവികനന്മകള്‍‍ പ്രകീര്‍ത്തിച്ചുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹാദരങ്ങള്‍ ചിന്താമലരുകളായി സ്വര്‍ഗ്ഗാരോപണനാളില്‍ സമര്‍പ്പിക്കാം.

ദൈവമാതാവിനെ ‘സ്വര്‍ഗ്ഗാരോപിത’യായി ധ്യാനിക്കുന്നത് നമ്മുടെ ജീവിതങ്ങളെ വിശ്വാസത്തില്‍ ആഴപ്പെടുത്തുവാനുള്ള അവസരമാണ്. അനുദിന ജീവിതത്തിന്‍റെ ആശകളിലേയ്ക്കും പ്രത്യാശകളിലേയ്ക്കും വെളിച്ചം വീശുവാന്‍ തീര്‍ച്ചയായും ദൈവമാതാവിനു സാധിക്കും. കാരണം മറിയത്തിന്‍റെ ജീവിതയാത്രയും അതിന്‍റെ ലക്ഷൃവും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മനുഷ്യന്‍റെ ജീവിതപാതയും ലക്ഷൃവുമായി ഇടകലര്‍ന്നു കിടക്കുന്നു.

വെളിപാടിന്‍റെ പുസ്തകത്തില്‍ തെളിഞ്ഞുനില്ക്കുന്നതും വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിധ്വനിക്കുന്നതുമായ വാഗ്ദത്തപേടകം മറിയത്തിന്‍റെ പ്രതിരൂപമാണ്.
അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നല്‍പ്പിണരുകളും ഘോഷങ്ങളും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി. വെളിപാട് 11, 19

പഴയ നിയമത്തിലെ പേടകം ഇസ്രായേലിലെ ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളമായിരുന്നു. എന്നാല്‍ ഇന്ന് ആ അടയാളം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. പുതിയ നിയമത്തിലെ വാഗ്ദത്തപേടകം നസ്രത്തിലെ മറിയമെന്ന ജീവിക്കുന്ന വ്യക്തിയാണ്. ദൈവം വസിക്കുന്ന ഹൃദയവും സങ്കേതവും മറിയം തന്നെയാണ്. നമ്മുടെ നാഥനും രക്ഷകനും ദൈവപുത്രനുമായ ക്രിസ്തുവിനെ തന്‍റെ ഉദരത്തില്‍ വഹിച്ച മറിയം പുതിയ നിയമത്തിലെ വാഗ്ദത്ത പേടകമായിത്തീരുന്നു. മോശയിലൂടെ ദൈവം നല്കിയ പത്തുകല്പനകളാണ് പഴയനിയമത്തിലെ പേടകത്തില്‍ സുക്ഷിച്ചിരുന്നതും ഇസ്രായേല്‍ അവരുടെ പുറപ്പാടില്‍ ഉടനീളം വഹിച്ചുകൊണ്ടു നടന്നിരുന്നതും. ജീവിക്കുന്ന വചനമായ ക്രിസ്തുവില്‍ നവവും സത്യസനാതനവുമായ പുതിയ ഉടമ്പടി ഈ ലോകത്ത് യാഥാര്‍ത്ഥ്യമാകാന്‍ മറിയം തന്നെത്തന്നെ ദൈവഹിതത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചു. ദൈവത്തിന്‍റെ പദ്ധതിയില്‍ വചനമായ ക്രിസ്തുവിനെ തന്‍റെ ഉദരത്തില്‍ മാംസം ധരിച്ചതിനാലാണ് മറിയം പുതിയ നിയമത്തിലെ പേടകമായി മാറുന്നത്. ‘വാഗ്ദാനത്തിന്‍റെ പേടകമേ,’ എന്നും ‘ദൈവികസാന്നിദ്ധ്യത്തിന്‍റെ പേടകമേ,’ എന്നും ജനസഹസ്രങ്ങള്‍ ഭക്തിയോടെ മറിയത്തെ വിളിച്ചപേക്ഷിക്കുമ്പോള്‍ മനുഷ്യകുലത്തോടൊപ്പം വാസമുറപ്പിച്ച രക്ഷകനായ ക്രിസ്തുവിലുള്ള ദൈവിക സാന്നിദ്ധ്യത്തിന്‍റെ പൂര്‍ത്തീകരണമാണ് ദിവ്യജനനിയില്‍, പ്രകീര്‍ത്തിക്കപ്പെടുന്നത്.

വെളിപാടു ഗ്രന്ഥഭാഗം മറിയത്തിന്‍റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നുണ്ട്. ജീവിക്കുന്ന ദൈവികപേടകത്തിന് അനിതരസാധാരണമായ ഒരു ദൈവികദൗത്യവും മഹത്വവുമുണ്ട്. കാരണം മറിയത്തിന്‍റെ ജീവിതദൗത്യം ദൈവിക മഹത്വത്തില്‍ പങ്കുചേരത്തക്കവിധം സ്വര്‍ഗ്ഗീയ മഹത്വത്തോട് വിശ്വാസത്തില്‍ ഇടകലര്‍ന്നു കിടക്കുകയാണ്.

“സ്വര്‍ഗ്ഗത്തില്‍ വലിയ ഒരുടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പു ദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍. അവളുടെ ശിശു ദൈവത്തിന്‍റെയും അവിടുത്തെ സിംഹാസനത്തിന്‍റെയും അടുത്തേയ്ക്ക് സംവഹിക്കപ്പെട്ടു” വെളിപാട് 12, 1-2, 5.

സ്വര്‍ഗ്ഗത്തിലെന്നപോലെ മറിയത്തിന്‍റെ സമ്പൂര്‍ണ്ണ വ്യക്തിത്വത്തില്‍ ദൈവം വസിക്കുന്നു എന്നതിലാണ് മറിയത്തിന്‍റെ മഹത്വം അടങ്ങിയിരിക്കുന്നത്. സ്വര്‍ഗ്ഗാരോപണ രഹസ്യത്തെക്കുറിച്ച് ഡമാസ്ക്കസ്സിലെ
വിശുദ്ധ യോഹന്നാന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: സ്രാഷ്ടാവിനെ മടിയില്‍ വഹിച്ചവള്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു. ദൈവവചനത്തെ ഹൃദയത്തില്‍ സംവഹിച്ചവള്‍ ലോകരക്ഷകനായ ക്രിസ്തുവിനെ തന്‍റെ ഉദരത്തില്‍ വഹിക്കുവാനു ദൈവം ഇടയാക്കി. അതുകൊണ്ട് സ്വര്‍ഗ്ഗീയ മണിയറയില്‍ അവള്‍ വസിക്കണമെന്നും ദൈവം അനാദിമുതലേ ആഗ്രഹിച്ചു. അതാണ് മറിയത്തിന്‍റെ സ്വാര്‍ഗ്ഗാരോപണം.
ക്രിസ്തുവിനെ ലോകത്തിനു നല്കുന്ന ദൈവിക ഉടമ്പടിയുടെ പേടകം ഇന്ന് സഭയാണ്. ഭൂമിയില്‍ മനുഷ്യകുലത്തിനായ് ദൈവസ്നേഹത്തിന്‍റെ മഹത്തായ സ്തുതികള്‍ ആലപിക്കുന്നത് സഭയാണ്. മനുഷ്യന്‍ എന്നും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കാനും ക്രിസ്തു സാന്നിദ്ധ്യത്താല്‍ രൂപാന്തരപ്പെട്ടും ശക്തിപ്പെട്ടും വളര്‍ന്ന്, സ്വര്‍ഗ്ഗീയ മഹത്വത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാനും അതിനായി ഒരുങ്ങുവാനും സഭ ഏവരെയും ക്ഷണിക്കുന്നു.

വചനത്തിന്‍റെ പേടകമായ മറിയം സത്യവചനത്തിന്‍റെ സജീവ സാക്ഷൃമാണ്. വചനം സ്വീകരിച്ച മാത്രയില്‍ തന്‍റെ ചാര്‍ച്ചക്കാരായ എലിസബത്തിനെയും സക്കറിയായെയും സന്ദര്‍ശിക്കുവാന്‍ യൂദയായുടെ മലമ്പ്രദേശമായ കരീം പട്ടണത്തിലേയ്ക്ക് അവള്‍ യാത്രയായി. ലൂക്കാ 1, 39-56.
ദൈവിക തീക്ഷ്ണതയുടെ ഒരു ബദ്ധപ്പാട് അല്ലെങ്കില്‍ ധൃതി മറിയത്തില്‍ ദൃശ്യമാണ്. ജീവിത ഉത്തരവാദിത്വങ്ങളോട് ധൃതഗതിയില്‍ പ്രതികരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവിക തീക്ഷ്ണതയുള്ളവരാണ്. എലിസബത്തിന്‍റെയും സഖറിയായുടെയും വീട്ടിലെത്തുന്ന മറിയം ഒറ്റയ്ക്കല്ല, തന്‍റെ ഉദരത്തില്‍ മാംസംധരിച്ച വചനത്തെയും വഹിച്ചുകൊണ്ടാണ് ചെല്ലുന്നത്. ഇതാ, കരീമില്‍ എലിസബത്തിന്‍റെ ഭവനത്തിലെത്തിയ മറിയം ദൈവിക സാന്നിദ്ധ്യമായി പടിക്കല്‍ നില്ക്കുമ്പോള്‍, മറുഭാഗത്ത് ആ ദൈവിക ഗേഹത്തെ സ്വീകരിക്കുവാന്‍ ആഴമായ ഭക്തിയോടെ കാത്തുനില്കുന്ന എലിസബത്തിനെയും സഖറിയായെയും കാണാം. സഖറിയായും ഭാര്യ എലിസബത്തും, അവള്‍ ഉദരത്തില്‍ വഹിക്കുന്ന പ്രവാചക പുത്രന്‍ യോഹന്നാനുമെല്ലാം ഇസ്രായേലിലെ നീതിനിഷ്ഠരുടെ പ്രതീകങ്ങളാണ്. അവര്‍ ഹൃദയംനിറയെ പ്രത്യാശയുമായി രക്ഷകന്‍റെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നവരാണ്. തങ്ങളെ സന്ദര്‍ശിക്കുന്നവള്‍ ദൈവിക പേടകമാണെന്നും, ദൈവമാതാവാണെന്നുമുള്ള തിരിച്ചറിവ് അവര്‍ക്കു നല്കിയത് പരിശുദ്ധാത്മാവാണ്.

“ആ ദിവസങ്ങളില്‍, മറിയം യൂദയായില്‍ മലമ്പദേശത്തള്ള ഒരു പട്ടണത്തിലേയ്ക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദ്യംചെയ്തു. മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്ഘോഷിച്ചു. നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍റെ ഉദരഫലവും അനുഗൃഹീതം. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്നുണ്ടായി. ഇതാ നിന്‍റെ അഭിവാദ്യസ്വരം എന്‍റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചു ചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി” (ലൂക്കാ 1, 39-45).

എലിസബത്ത് ഉറക്കെ പ്രത്യുത്തരിച്ചത് ഇങ്ങനെയാണ്, “നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നി‍ന്‍റെ ഉദരഫലവും അനുഗ്രഹീതമാണ്. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്നുണ്ടായി.” എലിസബത്തിനെ പ്രചോദിപ്പിച്ച അതേ പരിശുദ്ധാത്മാവ്, അവളുടെ ഉദരത്തിലെ കുഞ്ഞിന്‍റെ ഹൃദയത്തെയും ഉദ്ദീപിപ്പിച്ചിരിക്കുന്നു. “ഇതാ, നിന്‍റെ അഭിവാദനത്തിന്‍റെ സ്വരം ശ്രവിച്ച മാത്രയില്‍ എന്‍റെ ഉദരത്തിലെ ശിശു സന്തോഷത്താല്‍ കുതിച്ചുചാടി” ലൂക്കാ 1, 44.
സന്തോഷത്താല്‍ കുതിച്ചുചാടി എന്നതിന് മൂലകൃതിയില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം ‘സ്ക്രിതാന്‍’ എന്നാണ്. സാമൂവലിന്‍റെ പുസ്തകത്തില്‍ തന്‍റെ സാമ്രാജ്യത്തില്‍ തിരിച്ചെത്തി വാഗ്ദത്തപേടകത്തിന്‍റെ മുന്നില്‍ സന്തോഷത്താല്‍ നൃത്തമാടി ദാവീദിനെക്കുറിച്ചു വിവരിക്കുവാനും ഉപയോഗിച്ചിരിക്കുന്നത് ഈ വാക്കു തന്നെയാണ് ‘സ്ക്രിതാന്‍.’ “കര്‍ത്താവിന്‍റെ പേടകം ദാവീദിന്‍റെ നഗരത്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍ സാവൂളിന്‍റെ മകള്‍ മിഖായേല്‍ ജനലില്‍ക്കൂടെ നോക്കി. ദാവീദ് രാജാവ് കര്‍ത്താവിന്‍റെ മുന‍പില്‍ തുള്ളിച്ചാടി നൃത്തംചെയ്യുന്നത് അവള്‍ കണ്ടു. അവള്‍ക്കപ്പോള്‍ നിന്ദതോന്നി. അവര്‍ കര്‍ത്താവിന്‍റെ പേടകം കൊണ്ടുവന്ന് ദാവിദിനു പ്രത്യേകം നിര്‍മ്മിച്ചിരുന്ന കൂടാരത്തിനുള്ളില്‍ അതിന്‍റെ സ്ഥാനത്തു പ്രതിഷ്ഠിച്ചു” 2 സാമുവല്‍ 6, 16.
.

കര്‍ത്താവിന്‍റെ പേടകത്തിന്‍റെ മുന്നില്‍ നൃത്തമാടിയ ദാവീദിനെപ്പോലെ എലിസബത്തിന്‍റെ ഉദരത്തിലെ കുഞ്ഞിന്‍റെ, സ്പന്ദനങ്ങള്‍ മറിയം തിരിച്ചറിയുകയും അതിനോട് പ്രത്യുത്തരിക്കുകയും ചെയ്യുന്നു. കാരണം മറിയമാണ് പുതിയ വാഗ്ദത്തപേടകം. മനുഷ്യരുടെമദ്ധ്യേ ലോകത്ത് ദൈവം വസിക്കുവാന്‍ ഇടയാക്കിയ സാക്ഷാത്തായ വാഗ്ദത്തപേടകം പരിശുദ്ധ കന്യകാ മറിയമാണ്. ഈ ഭൂമിയില്‍ ദൈവത്തിന്‍റെ അമ്മയാകുവാന്‍ ഭാഗ്യം ലഭിച്ചവള്‍ അത് മറച്ചുവയ്ക്കുന്നില്ല. തന്നിലെ ദൈവികസാന്നിദ്ധ്യം ലോകത്ത് എല്ലാവരുമായി മറിയം ഇന്നും പങ്കുവയ്ക്കുകയും, ഏവരിലും ദൈവകൃപ വര്‍ഷിക്കുകയും ചെയ്യുന്നു. പുരാതനമായ പ്രാര്‍ത്ഥന സൂചിപ്പിക്കുന്നതുപോലെ പരിശുദ്ധ കന്യകാ മറിയം അങ്ങനെ ‘നമ്മുടെ സന്തോഷത്തിന്‍റെ കാരണ’മായിത്തീര്‍ന്നിരിക്കുന്നു.

സഹാസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും പരിശുദ്ധ കന്യകാ മറിയം എല്ലാ തലമുറകള്‍ക്കും വാഴ്ത്തപ്പെട്ടവള്‍ തന്നെയാണ്. ഇനിയും പാപത്തിന്‍റെ ബന്ധനത്തില്‍നിന്നും വിമോചനം നേടിയിട്ടില്ലാത്ത മനുഷ്യവംശത്തിന് ദൈവമാതാവിന്‍റെ ജീവിതമാതൃക പ്രചോദനമാണ്. വിശ്വാസത്തിന്‍റെ തീര്‍ത്ഥാടകയാണ് മറിയം. അവള്‍ വിശ്വസിച്ചതുകൊണ്ടാണ് അനുഗ്രഹീതയെന്ന് വിളിക്കപ്പെടുന്നത്. അതുകൊണ്ടാണ് ദൈവം അവളെ ഉടലോടെ ഉയര്‍പ്പിച്ചത്. അവളുടെ സഹനത്തിനും ത്യാഗസമര്‍പ്പണത്തിനും ദൈവം നല്കിയ നിത്യസമ്മാനമാണ് സ്വര്‍ഗ്ഗീയ ജീവന്‍. അങ്ങനെ മറിയം നമ്മുടെ സ്വര്‍ഗ്ഗീയ അമ്മയാണ്, നമ്മുടെ രക്ഷികയാണ്! ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തെ ധ്യാനിക്കുമ്പോള്‍, കേന്ദ്രബിന്ദുവാകുന്നത് ക്രിസ്തു തന്നെയാണ്. മാതൃത്വത്തിന്‍റെ ദിവ്യഫലമായ ദൈവപുത്രന്‍റെ ആരാധനയില്‍, ക്രിസ്തുവിന്‍റെ രക്ഷാകര രഹസ്യങ്ങള്‍ തന്നെയാണ് നാം ധ്യാനിക്കുന്നത്. രക്ഷാകര കര്‍മ്മത്തില്‍ പരിശുദ്ധ കന്യകാ നാഥയ്ക്കുള്ള അതുല്യപങ്ക് അത്രമാത്രമാണ്. ആ അമ്മയുടെ സ്വര്‍ഗ്ഗപ്രാപ്തിയിലൂടെ മനുഷ്യകുലത്തോടുള്ള ക്രിസ്തുവിന്‍റെ വാഗ്ദാനങ്ങളാണ് ഈ ലോകത്ത് പൂവണിയുന്നത്. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള നമ്മുടെയും ഉത്ഥാനവും സ്വര്‍ഗ്ഗീയ ജീവനും മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തിലൂടെ ഉറപ്പുവരുത്തുകയാണ്, ദൃഢപ്പെടുത്തുകയാണ്!

സുവിശേഷത്തില്‍ ഏറ്റവും അവസാനമായി മറിയത്തെ കാണുന്നത്, കാല്‍വരിയില്‍ കുരിശിന്‍ ചുവട്ടിലും, തുടര്‍ന്ന് സിഹിയോണ്‍ ഊട്ടുശാലയില്‍ അപ്പസ്തോലന്മാരോടൊപ്പം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്നതുമായിട്ടാണ്. പരിശുദ്ധാത്മാവിന്‍റെ നിറവ് അപ്പസ്തോലന്മാര്‍ക്കു കിട്ടുവോളം അവരോടൊപ്പം ജീവിക്കുകയും പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് ധൈര്യംപകര്‍ന്ന് നയിക്കുകയും ചെയ്ത മറിയം, ശാന്തതയിലും കൃപയുടെ നിറവിലും ഈ ഭൂമിയില്‍നിന്ന് കടന്നുപോയി എന്നത് സഭാപിതാക്കാന്മാര്‍ പഠിപ്പിക്കുന്നുണ്ട്. ഈ അപ്പസ്തോലിക പാരമ്പര്യമാണ് പിന്നീട് സഭ വിശ്വാസ രഹസ്യമായി സ്ഥിരീകരിക്കുന്നത്.

മറിയം അവസാനമായി അപ്പസ്തലന്മാരോടൊപ്പം പ്രാര്‍ത്ഥിച്ചുവെന്ന് പറയുന്ന സിഹിയോണ്‍ ഊട്ടുശാല സ്ഥിതിചെയ്യുന്നത്, ഇന്ന് ജരൂസലേമിലുള്ള ‘കന്യകാനാഥയുടെ അന്ത്യവിശ്രമ’ത്തിന്‍റെ ദേവാലയത്തിലാണ്, the Church of Dormition. ഒന്നര സഹസ്രാബ്ദത്തോളം പഴക്കമുള്ള പാരമ്പര്യത്തില്‍നിന്നും, സിഹിയോന്‍ ഊട്ടുശാലയുടെ ഈ സ്ഥാനത്തുവച്ചാണ് പരിശുദ്ധ കന്യകാമറിയം സ്വര്‍ഗ്ഗീയ മഹത്വം പൂകിയതെന്ന് പാരമ്പര്യം പഠിപ്പിക്കുന്നു. Dormire എന്ന ലത്തീന്‍ വാക്കിന് ‘ഉറങ്ങുക’ എന്നാണല്ലോ അര്‍ത്ഥം. ജരൂസലേമില്‍ ഇന്നുമുള്ള ഈ അപൂര്‍വ്വ സന്നിധാനത്തില്‍ പരിശുദ്ധ കന്യകാനാഥാ അന്ത്യമായി നിദ്രയിലമര്‍ന്നു, ദൈവസന്നിധി പൂകി എന്നത് സഭയുടെ വിശ്വാസവും പാരമ്പര്യവുമാണ്.

5-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ് മറിയത്തിന്‍റെ പേരിലുള്ള ഡൊര്‍മീഷ്യന്‍ ദേവാലയം സ്ഥാപിക്കപ്പെട്ടത്. ആഗസ്റ്റ് 15-ാം തിയതിയാണ് അതിന്‍റെ സ്ഥാപനദിനവും ഒപ്പം ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിരുനാളും. ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടാവണം പിന്നീട് ആഗസ്റ്റ് 15-ാം തിയതിതന്നെ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെട്ടത്.

മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം നമുക്ക് ഈ ജീവിതത്തില്‍ അനുഗ്രഹങ്ങളുടെ ചവിട്ടുപടികളാണ്. ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ മനുഷ്യമക്കളിലേയ്ക്ക് ഇറങ്ങിവരുന്ന അനുഭവമാണ് മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം നല്കുന്നത്. അതായത് ‘ദൈവം നമ്മോടുകൂടെ’യാകുന്ന ഒരനുഭവം, ക്രിസ്തുവിന്‍റെ ഉത്ഥാനത്തോടെ മരണമടഞ്ഞവര്‍ക്ക് നിത്യജീവന്‍റെ കവാടം തുറക്കപ്പെട്ടു. ഏക ദൈവത്തിലുള്ള വിശ്വാസംവഴിയും മാമ്മോദീസാവഴിയും ലഭിക്കുന്ന മരണത്തിന്മേലുള്ള പ്രത്യാശയുടെ സ്രോതസ്സാണിത്! ആത്മീയ ജീവന്‍റെ നിറവാണിത്!!

മംഗലവാര്‍ത്തയില്‍ നാം പരിശുദ്ധ കന്യകാ മറിയത്തെ കാണുന്നത് ദൈവഹിതം ഏറ്റെടുക്കുന്നവളായിട്ടാണ്. ഗബ്രിയേല്‍ ദൈവദൂതനോട്, “ഇതാ കര്‍ത്താവിന്‍റെ ദാസി” എന്ന് പ്രത്യുത്തരിച്ചുകൊണ്ട്, ദൈവത്തോടും അവിടുത്തെ വചനത്തോടും വിശ്വാസത്തോടും, വിശ്വസ്തതയോടുംകൂടെ മറുപടിപറയുന്ന മറിയത്തെ, ദൈവദൂതന്‍ സംബോധനചെയ്യുന്നത്, “നന്മനിറഞ്ഞവളേ, സ്ത്രീകളില്‍ അനുഗ്രഹീതേ,” എന്നാണ്. മറിയത്തിനു കിട്ടിയ ഈ ശ്രേഷ്ഠനാമം മനുഷ്യകുലത്തിന് മുഴുവന്‍ ലഭിക്കുന്ന ദൈവിക വരദാനമാണ്.

സുവിശേഷത്തിലെ ഒരമൂല്യ രത്നമാണ് പരിശുദ്ധ മറിയം, യേശുവിന്‍റെ അമ്മ. തന്‍റെ സ്ത്രോത്രഗീതത്തിലൂടെ ദൈവത്തിലുള്ള മറിയത്തിന്‍റെ വിശ്വാസദാര്‍ഢ്യം എന്തായിരുന്നെന്ന് സുവിശേഷകന്‍ വെളിപ്പെടുത്തുന്നുണ്ട്. ഇന്ന് മറിയം നമ്മെ ദൈവസദസ്സിലെ ആഘോഷങ്ങളില്‍ പങ്കുകാരാകാന്‍ വിളിക്കുകയാണ്. ദൈവത്തെ അറിയാനും അവിടുന്നില്‍ വിശ്വസിക്കാനും, അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കാനും... മറിയം നമ്മെ വിളിക്കുന്നു. മറിയത്തെപ്പോലെ ദൈവസന്നിധി പ്രാപിക്കാനുള്ള കൃപനല്കണമേ, എന്നു പ്രാര്‍ത്ഥിക്കാം. നമ്മുടെ ജീവിതയാത്രയിലെ സഹനങ്ങളിലും ക്ലേശങ്ങളിലും, എല്ലാ നഷ്ടമായി എന്നു തോന്നുന്ന അവസരങ്ങളില്‍പ്പോലും, നമ്മെ നയിക്കാന്‍ കരുത്തുള്ള ശക്തികേന്ദ്രവും കോട്ടയും പരിശുദ്ധ കന്യാകാ മറിയം തന്നെയാണ്. നമുക്കുമുന്നേ സ്വര്‍ഗ്ഗപിതാവിന്‍റെ സന്നിധി പൂകിയ സ്വര്‍ഗ്ഗപുത്രീ... അമ്മേ..., ഞങ്ങളെയും അവിടുത്തെ മാതൃവാത്സല്യത്തില്‍ നിത്യതയുടെ തീരങ്ങളിലേയ്ക്കു നയിക്കണമേ!
Prepared : Nellikal, Radio Vatican 110813
Based on the theological reflections of Ratzinger Josef in the Volume I, Ch. I, Jesus of Nazareth.









All the contents on this site are copyrighted ©.