2013-08-10 16:50:35

സമാധാനവും സന്തോഷവും നല്‍കുന്നത് ദൈവം: കര്‍ദിനാള്‍ ടര്‍ക്സണ്‍


09 ആഗസ്റ്റ് 2013, നാഗസാക്കി
യഥാര്‍ത്ഥ സമാധാനവും സന്തോഷവും ദൈവിക ദാനങ്ങളാണെന്ന് , നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്സണ്‍. ജപ്പാനിലെ നാഗസാക്കിയില്‍ നടന്ന അണുബോംബ് ആക്രമണത്തിന്‍റെ 68-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് ആഗസ്റ്റ് 9-ാം തിയതി വെള്ളിയാഴ്ച അര്‍പ്പിച്ച സമൂഹദിവ്യബലിയില്‍ നല്‍കിയ വചന സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ജപ്പാനിലെ കത്തോലിക്കാ മെത്രാന്‍ സമിതി അംഗങ്ങള്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു. ദൈവിക ദാനങ്ങളായ സമാധാനവും സന്തോഷവും സ്വീകരിക്കാനുള്ള ആദ്യപടി ക്ഷമയും അനുരജ്ഞനവുമാണെന്ന് കര്‍ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്സണ്‍ പ്രസ്താവിച്ചു. ദൈവത്തോട് സഹകരിച്ചുകൊണ്ട് മനുഷ്യര്‍ നേടിയെടുക്കേണ്ട ഫലമാണ് ലോകസമാധാനമെന്നും സുവിശേഷപ്രഘോഷണത്തിനിടയില്‍ നിരവധി തവണ കര്‍ദിനാള്‍ ആവര്‍ത്തിച്ചു.
ഹിരോഷിമ – നാഗസാക്കിയിലെ അണുബോംബാക്രമണത്തിന് ഇരയായവരുടെ സ്മരണയില്‍ ജപ്പാനിലെ മെത്രാന്‍ സമിതി ആസൂത്രണം ചെയ്ത ‘സമാധാനത്തിന്‍റെ ദശ ദിനങ്ങള്‍’ എന്ന പദ്ധതിയില്‍ പങ്കെടുക്കാനാണ് കര്‍ദിനാള്‍ ടര്‍ക്സണ്‍ ജപ്പാനിലെത്തിയിരിക്കുന്നത്. ആഗസ്റ്റ് 6ന് ആരംഭിച്ച പരിപാടി 15ന് സമാപിക്കും.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.