2013-08-10 16:58:37

മോണ്‍.കരാദെവിസ്കി മാര്‍പാപ്പായുടെ ദാനാധികാരി


09 ആഗസ്റ്റ് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ പോളിഷ് വൈദികന്‍ മോണ്‍.കരാദെവിസ്കിയെ തന്‍റെ ഔദ്യോഗിക ദാനാധികാരിയായി (Almoner) നിയമിച്ചു (മാര്‍പാപ്പയുടെ പേരില്‍ ദാനധര്‍മ്മങ്ങള്‍ നടത്തുകയാണ് ദാനാധികാരിയുടെ ചുമതല). മാര്‍പാപ്പയുടെ ആരാധനാക്രമകാര്യങ്ങളില്‍ സഹകാരിയായിരുന്നു മോണ്‍. കരാദെവിസ്കി. തന്‍റെ ഔദ്യോഗിക ദാനാധികാരിയായി നിയമിച്ചതോടൊപ്പം അദ്ദേഹത്തിന് മെത്രാപ്പോലീത്താസ്ഥാനവും മാര്‍പാപ്പ നല്‍കി.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലം മുതല്‍ മാര്‍പാപ്പയുടെ ആരാധനാക്രമകാര്യങ്ങളില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന മോണ്‍.കൊനാര്‍ഡ് വത്തിക്കാന്‍റെ പരിസരത്തുള്ള ഭിക്ഷാടകരേയും അഗതികളേയും രഹസ്യമായി സഹായിച്ചിരുന്നു. വത്തിക്കാനില്‍ ശുശ്രൂഷ ചെയ്യുന്ന ആല്‍ബെര്‍ട്ടെയിന്‍ സിസ്റ്റേഴ്സിന്‍റേയും പ്രസന്‍റേഷന്‍ സിസ്റ്റേഴ്സിന്‍റേയും സഹായത്തോടെയാണ് വത്തിക്കാന്‍റെ ഭക്ഷണശാലകളില്‍ മിച്ചം വരുന്ന ഭക്ഷണസാധനങ്ങള്‍ സംഭരിച്ച് തെരുവിന്‍റെ മക്കള്‍ക്ക് എത്തിച്ചുകൊടുത്തിരുന്നതെന്ന് പോളിഷ് കത്തോലിക്കാ ദിനപത്രം നാസ് ദിഷെനിക്കിന് അനുവദിച്ച അഭിമുഖത്തില്‍ മോണ്‍. കരാദെവിസ്കി വെളിപ്പെടുത്തി. ‘ദരിദ്രരില്‍ ക്രിസ്തുവിനെ സ്പര്‍ശിച്ചറിയുക’ എന്ന മദര്‍ തെരേസയുടെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് താന്‍ നിര്‍ധനരേയും നിരാലംബരേയും സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ രഹസ്യമായി ചെയ്തിരുന്ന ഈ പ്രവര്‍ത്തിയെക്കുറിച്ച് മാര്‍പാപ്പ മനസിലാക്കിയതെങ്ങനെയാണെന്ന് അറിയില്ല. ഔദ്യോഗിക ദാനാധികാരി സ്ഥാനത്തേക്കുള്ള നിയമനം അപ്രതീക്ഷിതമായിരുന്നു. തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നതായി വെളിപ്പെടുത്തിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്കു ഒരു നിര്‍ദേശം നല്‍കിയെന്നും മോണ്‍. കരാദെവിസ്കി വെളിപ്പെടുത്തി. “ജീവകാരുണ്യപ്രവര്‍ത്തകരുടെ അനേകം നല്ല മാതൃകകളുണ്ട്. അവരില്‍ നിന്ന് പഠിക്കുക. ഏറെ ഭാവനാവിരുതോടെ ഈ ശുശ്രൂഷ നിറവേറ്റുക” എന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശം.

‘കാരുണ്യം’(Misericordia) എന്ന വാക്കാണ് തന്‍റെ മെത്രാന്‍ ശുശ്രൂഷയുടെ ആപ്തവാക്യമായി സ്വീകരിക്കുന്നതെന്നും നിയുക്ത മെത്രാപ്പോലീത്ത കൂടിയായ മോണ്‍. കരാദെവിസ്കി അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ, വത്തിക്കാന്‍ ഇന്‍സൈഡര്‍








All the contents on this site are copyrighted ©.