2013-08-10 12:32:40

ഭൂമിയുടെ പൂര്‍ണ്ണസൗഖ്യമാണ്
യേശുവിന്‍റെ സ്വപ്നം


RealAudioMP3
വിശുദ്ധ ലൂക്കായുടെ സുവിശേഷം 17, 11-19.
കൈതാക്കാലം 6-ാം ഞായര്‍
“ജരൂസലേമിലേയ്ക്കുള്ള യാത്രയില്‍ ക്രിസ്തു സമറിയായ്ക്കും ഗലീലിക്കും മദ്ധ്യേകൂടി കടന്നുപോവുകയായിരുന്നു. അവിടുന്ന് ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെനിന്നിരുന്ന പത്തു കുഷ്ഠരോഗികള്‍ ക്രിസ്തുവിനെ കണ്ടു. അവര്‍ സ്വരമുയര്‍ത്തി, ‘യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ,’ എന്ന് അപേക്ഷിച്ചു. അവരെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു. ‘പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്കു കാണിച്ചുകൊടുക്കുവിന്‍.’ പോകുവഴി അവര്‍ എല്ലാവരും സുഖംപ്രാപിച്ചു. അവരില്‍ ഒരാള്‍ താന്‍ രോഗ
വിമുക്തനായി എന്നു കണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവന്നു. അയാള്‍ ക്രിസ്തുവിന്‍റെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചിട്ട് നന്ദിപറഞ്ഞു. അവന്‍ ഒരു സമറിയാക്കാരനായിരുന്നു.”

ഗലീലിയായിലെ യഹൂദരില്‍നിന്നും, സമറിയായിലെ വിജാതീയരില്‍നിന്നുമുള്ള പത്തു കുഷ്ഠരോഗികളാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ശ്രദ്ധേയരാകുന്നവര്‍. സത്യത്തില്‍ യഹൂദരും സമറിയാക്കരും തമ്മില്‍ സമ്പര്‍ക്കം പാടില്ല എന്നായിരുന്നു അന്നത്തെ സാമൂഹ്യചട്ടം. സമറിയാക്കാര്‍ അയിത്ത ജാതിക്കാരാണല്ലോ, പുറം ജാതിക്കാരാണല്ലോ. എന്നാല്‍ ഇവിടെ മാറാരോഗം അവരെ ഒന്നിപ്പിക്കുകയാണ്. ഭാരതത്തില്‍ ഇന്നും ചിലയിടങ്ങളില്‍ ഈ അയിത്തവും തൊട്ടുതീണ്ടലും പാലിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ആവോ..!?
കുഷ്ഠരോഗികളുടെ സ്ഥിതി ഇന്നെന്നപോലെ ക്രിസ്തുവിന്‍റെ കാലത്തും ദയനീയമായിരുന്നു. അവര്‍ കീറിയവസ്ത്രം ധരിക്കണം, മുടി ചീകരുത്, മേല്‍ച്ചുണ്ടുവരെ മൂടിയിരിക്കണം, അശുദ്ധന്‍, അശുദ്ധന്‍, എന്ന് ഉറക്കെ വിളിച്ചുപറയണം. പാളയത്തിനു വെളിയില്‍ ഒരു പാര്‍പ്പിടത്തില്‍ സ്ഥിരമായി താമസിക്കണം (ലേവ്യര്‍ 13, 45). എന്നിങ്ങനെ എല്ലാവിധത്തിലും സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു അവര്‍. സമൂഹത്തിന്‍റെ ഔദാര്യത്തില്‍‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍.

യേശുവിന്‍റെ ദീനാനുകമ്പയും സൗഖ്യദായക ശക്തിയും മനസ്സിലാക്കിയിട്ടുള്ള ആ പാവം രോഗികള്‍ ദൂരെവച്ചുതന്നെ രോഗശാന്തിക്കായി യാചിക്കുന്നു. “ദാവീദിന്‍റെ പുത്രനായ യേശുവേ, ഞങ്ങളില്‍ കനിയണമേ...!” സ്വരമുയര്‍ത്തിപ്പറഞ്ഞത് അകലെയിരിക്കുന്ന ക്രിസ്തു കേള്‍ക്കാനായിരുന്നു. കൂടാതെ സമൂഹമദ്ധ്യത്തിലേയ്ക്ക് വരാന്‍ അവര്‍ക്ക് അനുവാദവുമില്ലായിരുന്നു.
ക്രിസ്തു പറഞ്ഞു, “പോയി നിങ്ങളെതന്നെ പുരോഹിതന്മാര്‍ക്കു കാണിച്ചുകൊടുക്കുവിന്‍.” രണ്ട് സുപ്രധാന അര്‍ത്ഥങ്ങളുണ്ട് ഈ കല്പനയ്ക്ക്. ഒന്നാമതായി, എല്ലാ ത്വക്കുരോഗങ്ങളും കുഷ്ഠമാണെന്ന് അക്കാലത്തെ ജനങ്ങള്‍ ധരിച്ചിരുന്നു. പുരോഹിതന്മാരാണ് ഒരാളെ പരിശോധിച്ച് രോഗം മാറിയോ എന്ന് തീര്‍പ്പുകല്പിച്ചിരുന്നത്. പുരോഹിതരായിരുന്നു എല്ലാകാര്യങ്ങളിലും അറിവുള്ളവര്‍ എന്നതും അക്കാലത്തെ ധാരണയായിരുന്നു. രണ്ടാമതായി, ഇവിടെ കുഷ്ഠരോഗികളുടെ വിശ്വാസവും അനുസരണയും പരീക്ഷിക്കപ്പെടുകയാണ്. പോകുന്നവഴിയില്‍ രോഗശാന്തി ലഭിക്കുമെന്ന് അവര്‍ പ്രത്യാശിച്ചു. അങ്ങിനെ സംഭവിക്കുകയും ചെയ്തു. ബദ്ധവൈരികളെന്ന് യഹൂദര്‍ കണക്കാക്കിയിരുന്ന സമറിയാക്കാരന്‍ മാത്രം ഇതാ, നന്ദിപറയുവാനായി തിരിച്ചുവരുന്നു. തനിക്കു രോഗശാന്തി നല്കിയത് ദൈവകൃപയാണെന്ന് ആ മനുഷ്യന്‍ മാത്രമേ അംഗീകരിച്ചുള്ളൂ. ദൈവത്തിന്‍റെ സ്വന്തം ജനം ദൈവകൃപ തിരിച്ചറിയുന്നില്ല, എന്ന വസ്തുത ഇവിടെ ശ്രദ്ധേയമാണ്. ദൈവരാജ്യത്തിലെ അംഗങ്ങളും അവിടുത്തെ മക്കളും ദൈവകൃപ തിരിച്ചറിയാതെ പോകുന്നുണ്ട്.

നന്ദിപ്രകടിപ്പിക്കാന്‍ തന്‍റെ പക്കലേയ്ക്ക് തിരിച്ചെത്തിയവനോട് ക്രിസ്തു പറഞ്ഞു, “നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” രോഗശാന്തി കിട്ടിയവരെല്ലാം രക്ഷപ്പെടണമെന്നില്ല. മാത്രമല്ല രക്ഷ എന്താണ് എന്നതിനെക്കുറിച്ചും ഒരു വീക്ഷണമുണ്ടവിടെ. ദൈവവുമായുള്ള ശരിയായ ബന്ധമാണ് രക്ഷ എന്നു വളരെ ലളിതമായി പറയാം. സമ്പൂര്‍ണ്ണ സൗഖ്യം നല്കുന്നത് ദൈവവുമായുള്ള ഈ ആദ്ധ്യാത്മിക ബന്ധമാണ്. നമ്മില്‍നിന്നും ദൈവം നന്ദി പ്രതീക്ഷിക്കുന്നതുകൊണ്ടല്ല ഇതാവശ്യമായിരിക്കുന്നത്, മറിച്ച് ആത്മീയ ബന്ധത്തിലിരിക്കുന്നവരുടെ ഉത്തമമനോഭാവം കൃതജ്ഞതയുടേതു- മായിരിക്കും എന്നതുകൊണ്ടുമാണ്.

രോഗശാന്തി ലഭിച്ചവരെ പുനരിധവസിപ്പിക്കാനുള്ള ശ്രമങ്ങളും ക്രിസ്തു ചെയ്യുന്നുണ്ട്. ദേവാലയത്തില്‍പ്പോയി സ്വയം സാക്ഷൃപ്പെടുത്താന്‍ ആവശ്യപ്പെടുന്നതൊക്കെ അതിന്‍റെ ഭാഗമാണ്. രോഗം നമ്മെ കുറെയധികം സാമൂഹ്യ ബന്ധനങ്ങളില്‍നിന്ന് അറിഞ്ഞും അറിയാതെയും അകറ്റിയിട്ടുണട്. നഷ്ടമായതെല്ലാം ഒരാള്‍ക്ക് തിരികെ കൊടുക്കാന്‍ കരുത്തുള്ളവനാണ് ക്രിസ്തു. ഒപ്പം ഓരോ അഗ്നിപരീക്ഷയ്ക്കുശേഷവും കുറെക്കൂടി ആരോഗ്യകരമായ പരിസരം രൂപപ്പെടുത്തണമെന്ന് ക്രിസ്തു നിര്‍ബന്ധിക്കുന്നുണ്ട്. അകത്തും പുറത്തുമുള്ള ശുദ്ധിയാണ് ആരോഗ്യമെന്ന് ഗാന്ധിജി എന്ന ജ്ഞാനവൃദ്ധന്‍ പറഞ്ഞുതന്നിട്ടില്ലേ. രോഗശാന്തി നല്കിയശേഷം ക്രിസ്തു പറഞ്ഞത്, “മേലിന്‍ പാപം ചെയ്യരുത്,” എന്നാണ്. വൈദ്യത്തെ ആധാരമാക്കി എഴുതിയിട്ടുള്ള മനോഹരമായ പുസ്തകത്തില്‍ ‘ജീവന്മഷായി’ എന്ന നാട്ടുവൈദ്യന്‍ (മഷായി, ബംഗാളിയില്‍ മഹാശയന്‍) കുറിച്ചുതരുന്ന സത്യമുണ്ട് – ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ അവരുടെ മരണകാരണമാകും, എന്ന്.

പാപത്തിന്‍റെ ഫലം മരണമാണെന്ന് പൗലോസ് അപ്പസ്തോലന്‍ കുറിക്കുന്നത് നമുക്ക് ഇതിനോടു കൂട്ടിവായിക്കാവുന്നതാണ്. ‘ഇഷ്ടങ്ങള്‍ക്ക് പഥ്യം കൊടുക്കാത്തതി’ന്‍റെ പേരാണ് പാപമെങ്കില്‍, അതിന്‍റെ അങ്ങേയറ്റത്ത് മരണം പതിയിരിപ്പുണ്ട്. ധൂമപാനിക്ക് നിക്കോട്ടിനും, തൃഷ്ണയുടെ കാട്ടുതീയില്‍ പെട്ടവന് കിടപ്പറയും മരണകാരണമാകുന്നു. തിന്മ ഓരോരുത്തരുടെയും പടിവാതിക്കല്‍ കാത്തുനില്‍ക്കുന്നു. സൂക്ഷിച്ചില്ലെങ്കില്‍ അതു നിന്നെ കീഴ്പ്പെടുത്തുമെന്ന ഉത്പത്തിപ്പുസ്തകത്തിലെ ഭീഷണി ഇപ്പോഴും ‘ഡിമോക്ലീസിന്‍റെ ഖഡ്കം’പോലെ നിലനില്ക്കുന്നുണ്ട്. ഇതു കേട്ടിട്ട് തെറ്റിന്‍റെ ശിക്ഷയാണ് രോഗമെന്ന് അനുമാനത്തില്‍ ആരും എത്തരുത്. ഇങ്ങനെയൊക്കെ പറയുന്നത് മഹാക്രുരതയാണെന്നും ചിന്തിക്കാം. സഹിക്കുന്നവന്‍ ഇനിയും നിന്ദിക്കപ്പെട്ടു കൂടാ. ഒരുവന്‍ അന്ധനായിരിക്കുന്നത് അവന്‍റെ കുഴപ്പം കൊണ്ടോ, അവന്‍റെ പൂര്‍വ്വീകരുടെ പാളിച്ചകൊണ്ടോ...? രണ്ടുംകൊണ്ടല്ല, എന്ന അസന്ദിഗ്ദ്ധമായ മറുപടി ക്രിസ്തുവിന്‍റേതാണ് എന്നോര്‍ക്കുക.

എല്ലാവിശപ്പുകളും അപ്പം അര്‍ഹിക്കാത്തതുപോലെ, എല്ലാ രോഗങ്ങളും ശമനമര്‍ഹിക്കുന്നുണ്ടോ? സുവിശേഷം എളിയവര്‍ക്കുള്ളതാണ്. ആര്‍ക്കും വേലചെയ്യാനാവാത്ത രാത്രികാലങ്ങളും, അപരര്‍ നിങ്ങള്‍ക്കായി അരമുറുക്കുന്ന ആതുരാലയ ദിനങ്ങളുമൊക്കെ നമ്മള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നില്ല. How to become gracefully old...? എങ്ങനെ പ്രസാദംനിറഞ്ഞ വാര്‍ദ്ധക്യത്തിലേയ്ക്ക് പ്രവേശിക്കണം? എങ്ങനെ സ്വച്ഛമായി മരിക്കണം? എന്നൊന്നും നാം ചിന്തിക്കുന്നില്ല. ഒരിക്കല്‍ ഇല അടരുന്നതോ ഉതിരുന്നതോപോലെ ഞാനും വീഴും, കടന്നുപോകും. ഏതു കുരിശിലും നിലനില്ക്കുന്ന ചൈതന്യമേ, എന്നിലെ സ്ഥായിയായ അംശത്തെ സ്വീകരിക്കണമേ, എന്നു പറഞ്ഞ് ഞാനും മിഴിപൂട്ടും. രോഗം മരണത്തിനല്ലെന്ന് ലാസറിനെക്കുറിച്ചു പറയുമ്പോള്‍ ക്രിസ്തു പറയുന്നത്, രോഗത്തിന്‍റെയും ആരോഗ്യത്തിന്‍റെയും ഇടനാഴികളിലൂടെ നമ്മള്‍ ഒടുവില്‍ മരണവാതില്‍ക്കല്‍ എത്തിച്ചേരുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ദീനം.

ഭൂമിയുടെ പൂര്‍ണ്ണസൗഖ്യമാണ് ക്രിസ്തുവിന്‍റെ സ്വപ്നം. സൗഖ്യം ശരീരവുമായി മാത്രം ബന്ധപ്പെട്ട ഒന്നായിരുന്നില്ല അവിടുത്തേയ്ക്ക്. കണ്ണുണ്ടായിട്ടും കാണാതിരിക്കുക, ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുക എന്നൊക്കെ പറയുമ്പോള്‍ അതിന് ശരീരത്തോട് ഒന്നും ചെയ്യാനില്ലെന്ന് നമുക്കറിയാം. ഒരാളുടെ എല്ലാ തലങ്ങളിലും തരങ്ങളിലുമുള്ള ശ്രേഷ്ഠതയും അന്തസ്സും വീണ്ടെടുക്കുകയുമാണ് ക്രിസ്തുവിന്‍റെ മനസ്സിലെ സൗഖ്യത്തിന്‍റെ പൊരുള്‍. കുഷ്ഠരോഗികള്‍ക്ക് സൗഖ്യംനല്കിയശേഷം ദേവാലയത്തില്‍ പോയി പുരോഹിതര്‍ക്കു മുന്‍പില്‍ സാക്ഷൃപ്പെടുത്തുവാനായിരുന്നു അവിടുന്ന് അവരോട് ആവശ്യപ്പെട്ടത്. തീരാവ്യധകളുടെ ശമനം മാത്രം പോരാ, ഏതൊരു ആരാധനാ സമൂഹത്തില്‍നിന്നാണോ അവര്‍ പുറംതള്ളപ്പെട്ടത് അതിലേയ്ക്ക് അവര്‍ പുനര്‍പ്രവേശിപ്പിക്കപ്പെടണം എന്ന് അവിടുന്ന് ആഗ്രഹിച്ചു. ഭ്രഷ്ട് കല്പിച്ച സമുദായത്തിലേയ്ക്കുതന്നെ അവര്‍ പുനരധിവസിക്കപ്പെടണം എന്നതാണ് ക്രിസ്തു നിഷ്ക്കര്‍ഷിക്കുന്നത്. അങ്ങനെ മനുഷ്യരെ കേന്ദ്രീകരിച്ചുള്ള ദൈവവിചാരമാണ് ആരോഗ്യകരമായ
ആത്മീയത. നിത്യതയുടെ മാനദണ്ഡം സഹോദരസ്നേഹമാണ്. ഒടുവില്‍ സ്നേഹമായിരിക്കും ഒരാളുടെ വിധിയാളന്‍. “നീ മനുഷ്യനു നല്‍കിയതൊക്കെയും ദൈവത്തിനാണ് നേദിച്ചത്. മനുഷ്യന് നല്കാത്തതൊക്കെ ദൈവത്തിനും നിഷേധിച്ചിരിക്കുന്നു.” – st. John of God
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.