2013-08-09 17:14:29

വത്തിക്കാന്‍റെ സാമ്പത്തിക നടപടികള്‍ സുതാര്യമാക്കുന്നതിന് മാര്‍പാപ്പയുടെ സ്വാധികാര പ്രബോധനം


09 ആഗസ്റ്റ് 2013, വത്തിക്കാന്‍
വത്തിക്കാന്‍ ബാങ്കിന്‍റേയും വത്തിക്കാനുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളുടേയും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്ന നടപടികളെ സംബന്ധിച്ച സ്വാധികാര പ്രബോധനം (motu proprio) ഫ്രാന്‍സിസ് മാര്‍പാപ്പ വിളംബരം ചെയ്തു. കുഴല്‍പ്പണം, പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം , എന്നിങ്ങനെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ പ്രതിരോധിച്ചുകൊണ്ട് വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനം കുടൂതല്‍ സുതാര്യവും സത്യസന്ധവുമാക്കുന്ന ഉത്തരവില്‍ ആഗസ്റ്റ് 8നാണ് പാപ്പ ഫ്രാന്‍സിസ് ഒപ്പുവച്ചത്. ‘വത്തിക്കാന്‍ ബാങ്ക്’ എന്നു വിളിക്കപ്പെടുന്ന, വത്തിക്കാന്‍റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക പ്രസ്ഥാനത്തിന്‍റേയും (Intitute for the Works of Religion), റോമന്‍ കൂരിയായുടെ വിവിധ കാര്യാലയങ്ങളുടേയും, വത്തിക്കാനുമായി ബന്ധപ്പെട്ട ഇതര കേന്ദ്രങ്ങളുടേയും സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനായി ഒരു സാമ്പത്തിക നിരീക്ഷക സംഘത്തേയും പാപ്പ നിയോഗിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ സ്വാധികാര പ്രബോധനരേഖ (motu proprio) ആഗസ്റ്റ് 10ന് പ്രാബല്യത്തില്‍ വരും.
പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക ധനകാര്യ വിഭാഗങ്ങളുടെ സുസ്ഥിരതയും സുതാര്യതയും സത്യസന്ധതയും ഉറപ്പുവരുത്തുകയാണ് ഈ സ്വാധികാര പ്രബോധനരേഖ (motu proprio)യുടെ ലക്ഷൃം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2010ല്‍ വിളംബരം ചെയ്ത സ്വാധികാര പ്രബോധനരേഖ (motu proprio) പ്രകാരം ആരംഭിച്ച നടപടികളുടെ തുടര്‍ച്ചയാണ് താന്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ മോത്തൂ പ്രോപ്രിയോയില്‍ വ്യക്തമാക്കി.

അതിനിടെ, പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സുതാര്യമാക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാധികാര പ്രബോധനരേഖ (motu proprio)യുടെ രൂപത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് വത്തിക്കാനുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടെ ഏകീകൃത നിരീക്ഷണത്തിന് സഹായകമാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി പ്രസ്താവിച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ മാര്‍പാപ്പയുടെ പുതിയ ഉത്തരവിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാന്‍റെ സാമ്പത്തിക സ്ഥിതിവിവര കാര്യാലയത്തിന് (Financial Information Authority,AIF) കരുത്തുപകരുകയും കാര്യാലയത്തിന്‍റെ ‘വിവേകപൂര്‍ണ്ണമായ നിരീക്ഷണം’ വത്തിക്കാനുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളിലേക്കും വ്യാപിപ്പിക്കുകയുമാണ് മാര്‍പാപ്പയുടെ പുതിയ ഉത്തരവിന്‍റെ പ്രധാന ലക്ഷൃം. യൂറോപ്യന്‍യൂണിയന്‍റെ സാമ്പത്തിക അഴിമതി വിരുദ്ധ കമ്മീഷന്‍റെ (Moneyval) നിര്‍ദേശങ്ങളോടുള്ള വത്തിക്കാന്‍റെ പ്രതികരണം കൂടിയാണ് ഫ്രാന്‍സിസ് പാപ്പായുടെ ഉത്തരവെന്നും ഫാ.ലൊംബാര്‍ദി വിശദീകരിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.