2013-08-09 17:14:40

കൊളംബസിന്‍റെ യോദ്ധാക്കള്‍ക്ക് മാര്‍പാപ്പയുടെ സന്ദേശം


09 ആഗസ്റ്റ് 2013, വത്തിക്കാന്‍
കത്തോലിക്കാ സന്നദ്ധ സംഘടനയായ കൊളംബസിന്‍റെ യോദ്ധാക്കള്‍ക്ക് (Knights of Columbus) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസാ സന്ദേശം. ‘ദൈവിക ദാനങ്ങളുടെ സംരക്ഷകരായിരിക്കുക’ എന്ന പ്രമേയത്തെ കേന്ദ്രീകരിച്ച് ആഗസ്റ്റ് 6 മുതല്‍ 8വരെ ടെക്സസിലെ സാന്‍ അന്തോണിയോ നഗരത്തില്‍ നടന്ന സംഘടനയുടെ 131ാമത് ഉന്നതതല യോഗത്തിനയച്ച സന്ദേശത്തിലാണ് കൊളംബസിന്‍റെ യോദ്ധാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നത്. തന്‍റെ പേപ്പല്‍ ഭരണത്തിന്‍റെ ആദ്യമാസങ്ങളില്‍ കൊളംബസിന്‍റെ യോദ്ധാക്കളെന്ന സന്നദ്ധ സംഘടനയിലെ അംഗങ്ങളും അവരുടെ കുടുംബാഗങ്ങളും നല്‍കിയ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും മാര്‍പാപ്പ കൃതജ്ഞത രേഖപ്പെടുത്തി.
ഉന്നത തല യോഗത്തിന്‍റെ പ്രമേയത്തിന്‍റെ പ്രാധാന്യത്തേയും കാലിക പ്രസക്തിയേയുംകുറിച്ച് മാര്‍പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു. സംഘടനയുടെ സ്ഥാപക ലക്ഷൃങ്ങള്‍ വിശ്വസ്തതയോടും അര്‍പ്പണബോധത്തോടും കൂടി പാലിച്ചുകൊണ്ട് സൃഷ്ടിയുടേയും പ്രകൃതിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ദൈവിക പദ്ധതിയുടേയും, സഹജരുടേയും സംരക്ഷകരായി നിലകൊള്ളുവാന്‍ കൊളംബസിന്‍റെ യോദ്ധാക്കളെ മാര്‍പാപ്പ ആഹ്വാനം ചെയ്തു.
സഭാജീവിതത്തില്‍ അല്‍മായരുടെ ദൗത്യത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, വിവാഹത്തിന്‍റേയും കുടുംബത്തിന്‍റേയും മൗലിക ഭാവത്തിനും, മനുഷ്യജീവന്‍റെ പവിത്രതയ്ക്കും ലൈംഗിക വിശുദ്ധിയ്ക്കും സാക്ഷൃമേകുവാന്‍ പാപ്പ അവരെ ക്ഷണിച്ചു. സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങള്‍ ധ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ‘ദൈവിക ദാനങ്ങളുടെ സംരക്ഷണ’ മെന്നാല്‍ സുവിശേഷ പൈതൃകത്തിന്‍റേയും ധാര്‍മ്മിക മൂല്യങ്ങളുടേയും സംരക്ഷണംകൂടി വിവക്ഷിക്കപ്പെടുന്നുവെന്നും മാര്‍പാപ്പ വിശദീകരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് കൊളംബസിന്‍റെ യോദ്ധാക്കളുടെ മേധാവി കാള്‍ ആന്‍ഡേഴ്സണ് അയച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.