2013-08-09 17:14:23

അമൂല്യമായ നിധി സൂക്ഷിക്കുന്ന കളിമണ്‍പാത്രങ്ങള്‍


09 ആഗസ്റ്റ് 2013, വത്തിക്കാന്‍
അമൂല്യമായ നിധി സൂക്ഷിക്കുന്ന കളിമണ്‍പാത്രങ്ങളാണ് നാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ആഗസ്റ്റ് 9നാണ് മാര്‍പാപ്പ ഈ സന്ദേശം കുറിച്ചത്. “നാമെല്ലാവരും ദുര്‍ബലവും എളിയവരുമായ കളിമണ്‍ പാത്രങ്ങളാണ്, എന്നിട്ടും അമൂല്യമായൊരു നിധി നാം ഉള്ളില്‍ വഹിക്കുന്നു” എന്ന് ട്വിറ്ററിലൂടെ പാപ്പ കത്തോലിക്കരെ അനുസ്മരിപ്പിച്ചു.
@pontifex എന്ന ഹാന്‍ഡിലില്‍ ലാറ്റിന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാപ്പ ഫ്രാന്‍സിസിന്‍റെ ട്വീറ്റുകള്‍ ലഭ്യമാണ്.

സാന്താമാര്‍ത്താ മന്ദിരത്തിലെ വചനസമീക്ഷകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും ‘അമൂല്യമായ നിധി സൂക്ഷിക്കുന്ന കളിമണ്‍പാത്രങ്ങളെക്കുറിച്ച്’ പ്രതിപാദിച്ചിട്ടുണ്ട്. ജൂണ്‍ 25ന് ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ ദൈവത്തിന്‍റെ വ്യക്തിപരമായ വിളി സ്വീകരിച്ചവരാണ് ഓരോ ക്രൈസ്തവനെന്നും സ്നേഹത്തിലേക്കുള്ള വിളിയാണ് ക്രിസ്തീയ ജീവിതമെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. ദൈവമക്കളാകാനും ക്രിസ്തുവിന്‍റെ സഹോദരങ്ങളാകാനുമുള്ള വിളി നാമോരോരുത്തരും സ്വീകരിച്ചിരിക്കുന്നു. ആ വിളി അന്യരോട് പങ്കുവയ്ക്കുകയെന്ന ദൗത്യവും നമുക്കുണ്ട്. ഈ യാത്ര പ്രശ്നരഹിതമല്ല. വഴിയില്‍ നിരവധി വൈതരണികളുണ്ട്. യേശു ക്രിസ്തുവും നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ നമ്മെ വിളിച്ച ദൈവം എന്നും വിശ്വസ്തനാണെന്നും പ്രതിസന്ധികളില്‍ അവിടുന്നൊരിക്കലും നമ്മെ ഏകരായി വിടുകയില്ലെന്നും ഉറപ്പുനല്‍കി.
ജ്ഞാനസ്നാനം വഴി ദൈവത്തോട് ഐക്യപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. “അച്ചോ, ഞാനൊരു പാപിയാണെന്ന്” ആരെങ്കിലും വിലപിച്ചേക്കാം. ശരിയാണ്, നാമെല്ലാവരും പാപികളാണ്. ദൈവത്തോടൊത്ത് സഞ്ചരിക്കുന്ന പാപികളാണ് നാം. വിശ്വസ്തനായ ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടവരാണ് പാപികളായ നാമോരോരുത്തരുമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. തന്‍റെ വാഗ്ദാനത്തിലേക്ക് നമ്മെ ക്ഷണിച്ച ദൈവം എന്നും വിശ്വസ്തനാണ്. ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിച്ച് സുധീരം മുന്നോട്ടു സഞ്ചരിച്ച അബ്രാഹത്തെപ്പോലെ, പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകാന്‍ വേണ്ട ആത്മധൈര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും മാര്‍പാപ്പ ക്രൈസ്തവരെ ആഹ്വാനം ചെയ്തു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.