2013-08-08 17:57:14

കാബൂളും കാശ്മീരും കടന്ന്
പാപ്പായുടെ റംസാന്‍ സന്ദേശം


8 ആഗസ്റ്റ് 2013, അഫ്ഗനിസ്ഥാന്‍
പാപ്പായുടെ റംസാന്‍ സന്ദേശം കാബൂളും കാശ്മീരും കടന്നുവെന്ന്, ആഫ്ഗാനിലെ ഇറ്റാലിയന്‍ മിഷണറി, ഫാദര്‍ ജോസഫ് മൊറേത്തി പ്രസ്താവിച്ചു. ആഗസ്റ്റ് 8, 9, 10 തിയതികളില്‍ മുസ്ലിംഗങ്ങള്‍ ആഘോഷിക്കുന്ന റംസാന്‍ പെരുന്നാളിനോട് അനുബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തെക്കുറിച്ചാണ് കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ മൊറേത്തി ഇങ്ങനെ പ്രസ്താവിച്ചത്. വിദ്യാഭ്യാസത്തിലൂടെ വിവിധ സമുദായത്തില്‍പ്പെട്ടവര്‍ക്ക് അന്യോന്യം അറിയാനും പരസ്പര ബഹുമാനം വളര്‍ത്തുവാനും സാധിക്കട്ടെയെന്നാണ് ‘ഇദു ഉല്‍ ഫിത്വിര്‍’ തിരുനാളില്‍ പാപ്പാ ആശംസിക്കുന്നതും ആഗ്രഹിക്കുന്നതുമെന്നും ഫാദര്‍ മൊറേത്തി ചൂണ്ടിക്കാട്ടി.

അന്യസമുദായങ്ങളില്‍പ്പെട്ട വ്യക്തികളോട് കാരുണ്യത്തിന്‍റെ മനോഭാവം കാണിച്ചുകൊണ്ട് ആദരവ് പ്രകടമാക്കണമെന്നും, ജനങ്ങള്‍ പങ്കുവച്ചും സ്നേഹിച്ചും ജീവിക്കുന്ന പാരസ്പര്യത്തിന്‍റെ മനോഭാവത്തിലൂടെ യാഥാര്‍ത്ഥമായ സാമൂഹ്യ ഐക്യത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്നും സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിക്കുന്നുവെന്ന് 30 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ മൊറേത്തി പ്രസ്താവിച്ചു. സാധാരണ ഗതിയില്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അയക്കുന്ന ഹ്രസ്വസന്ദേശത്തിനു പകരമായിട്ടാണ് ഇക്കുറി പാപ്പാ ഫ്രാന്‍സിസ് തന്‍റേതായ സന്ദേശം അയച്ചിരിക്കുന്നതെന്നും
ഫാദര്‍ മൊറേത്തി നിരീക്ഷിച്ചു.

മുസ്ലിം സഹോദരങ്ങളുടെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും നാളുകള്‍ അവസാനിക്കുന്നത് ഈ ആഴ്ചയിലാകയാല്‍ പാപ്പായുടെ ‘ഈദ്’ സന്ദേശം ആഗസ്റ്റ് 4-ന് ഞായറാഴ്ച, ദിവ്യബലിമദ്ധ്യേ വായിച്ചത് കാബൂളിലെ മുസ്ലിം സഹോദരങ്ങളുടെ ഇടയിലും ചര്‍ച്ചാ വിഷയമായെന്ന് ഫാദര്‍ മൊറേത്തി പ്രസ്താവിച്ചു.
തന്‍റെ കൈയ്യൊപ്പുവച്ച് പ്രസിദ്ധീകരിച്ച റമദാന്‍ സന്ദേശത്തിലൂടെ കുരിശു യുദ്ധകാലത്ത് ഈജിപ്തിലെ സുല്‍ത്താനെ സന്ദര്‍ശിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയാണ് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിക്കുന്നതെന്നും ഫാദര്‍ മൊറേത്തി അഭിപ്രായപ്പെട്ടു.
Reported : nellikal, sedoc








All the contents on this site are copyrighted ©.