2013-08-07 09:25:37

ഇസ്രായേലിന്‍റെ സാമൂഹ്യബന്ധങ്ങളെ
ഊട്ടിയുറപ്പിക്കുന്ന മതാത്മക ജീവിതം (49)


RealAudioMP3
ഇസ്രായേലിന്‍റെ മുന്നോട്ടുള്ള പ്രയാണം വിവരിക്കവേ, ജനങ്ങളുടെ ആത്മീയ ജീവിതത്തിലെ കര്‍മ്മാനുഷ്ഠാനപരവും നിയമാനുഷ്ഠാപരവുമായ വിവരണങ്ങളുടെ ഭാഗമാണ് നാം പഠിക്കുന്നത്. ഇസ്രായേല്‍ ജനത്തിന്‍റെ രൂപീകരണ നാളില്‍ വികസിച്ചു വന്ന പൗരോഹിത്യ പാരമ്പര്യത്തില്‍ രൂപപ്പെട്ടിട്ടുള്ള കൂടാര നിര്‍മ്മിതിയെയും, കര്‍മ്മാനുഷ്ഠാനങ്ങളെയും വിവരിക്കുന്ന ഭാഗമാണ് നാം ഇപ്പോള്‍ പഠിക്കുന്നത്. പിന്നീട് ലേവ്യര്‍, നിയമാവര്‍ത്തനം, സംഖ്യാ എന്നീ ബൈബിളിലെ ഗ്രന്ഥങ്ങളിലും ഇസ്രായേലിന്‍റെ കര്‍മ്മാനുഷ്ഠാനങ്ങളുടെയും നിയമാനുഷ്ഠാനങ്ങളുടെയും ശൈലി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്രയേലിന്‍റെ ചരിത്രത്തില്‍ അവരുടെ ജീവിതക്രമവുമായി ഇവയെല്ലാം മെല്ലെ രൂപപ്പെട്ടുവരുന്നതും അനുദിന ജീവിതക്രമത്തിന്‍റെ ഭാഗമായിത്തീരുന്നതും നമുക്ക് നിരീക്ഷിക്കാവുന്നതാണ്. എന്നാല്‍ എല്ലാ സംഭവവികാസങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുന്നതിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നത് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്ത മോശതന്നെയാണെന്നും, അങ്ങനെ ദൈവജനത്തിന്‍റെ ചരിത്രം മോശയെ കേന്ദ്രീകരിച്ചു മുന്നേറുന്നതും നമുക്കു തുടര്‍ന്നു പഠിക്കാം.

യാവേയുടെ കല്പനകള്‍ കൊത്തിയ കല്‍ഫലകങ്ങള്‍ സൂക്ഷിക്കുന്നതിന് ഉണ്ടാക്കിയ സാക്ഷൃപേടകത്തിന്‍റെയും, അതു സംരക്ഷിക്കുന്നതിനുള്ള കൂടാരാ നിര്‍മ്മിതിയുടെയും വിശദാംശങ്ങളാണ് നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ പഠിച്ചത്. കൂടാരത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, അതായത് അത് ഇസ്രായേലിന്‍റ ചരിത്രത്തിന്‍റെ കേന്ദ്രമായിരിക്കണം എന്നു കണ്ടുകൊണ്ട് അതിനെ വീണ്ടും അലങ്കാരിക്കുകയും മോടിപിടിപ്പിക്കുയും ചെയ്യുന്നതായി നമുക്കു കാണാം. “ഊറയ്ക്കിട്ട മുട്ടാടിന്‍ തോലുകൊണ്ടു കൂടാരത്തിനൊരു മൂടി ഉണ്ടാക്കണം. മൃദുലമായ തോലുകൊണ്ടു വേറൊരു ആവരണവും തീര്‍ക്കണം. കരുവേലമരത്തിന്‍റെ പലകകള്‍കൊണ്ടു കൂടാരം നിവര്‍ന്നു നില്‍ക്കാന്‍വേണ്ടുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണം. ഓരോ പലകയുടെയും നീളം പത്തുമുഴവും, വീതി ഒന്നരമുഴവും ആയിരിക്കണം. പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകള്‍ വീതം വേണം.” “എല്ലാ പലകകളും ഇങ്ങനെതന്നെ ഉണ്ടാക്കണം. കൂടാരത്തിനു ചട്ടപ്പലകകള്‍ നിര്‍മ്മിക്കണം. തെക്കു വശത്ത് ഇരുപതു പലകകള്‍. ഇരുപതു പലകകളുടെ അടിയിലായി വെള്ളികൊണ്ടു നാല്‍പതു പാദകുടങ്ങളും തീര്‍ക്കണം. ഓരോ പലകയുടെയും അടിയില്‍ രണ്ടു പാദകുടങ്ങള്‍ വീതം നിര്‍മ്മിക്കണം. കൂടാരത്തിന്‍റെ രണ്ടാം വശമായ വടക്കു വശത്തേയ്ക്കായി ഇരുപതു പലകകളും നിര്‍മ്മിക്കണം.”
.
26, 26 “കരുവേലമരംകൊണ്ട് കൂടാരത്തിന് അഴികള്‍ ഉണ്ടാക്കണം. കൂടാരത്തിന്‍റെ ആദ്യവശത്തെ പലകകള്‍ക്ക് അഞ്ച് അഴികള്‍ വേണം. രണ്ടാമത്തെ വശത്തുള്ള പലകകള്‍ക്ക് വേറെയും അഞ്ച് അഴികളും, പിന്‍ഭാഗമായ പടിഞ്ഞാറു വശത്തുള്ള പലകകള്‍ക്കും അഞ്ച് അഴികളും ഉണ്ടായിരിക്കണം. നടുവിലത്തെ അഴി പലകകളുടെ മദ്ധ്യത്തിലൂടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എത്തിയിരിക്കണം. പലകകള്‍ സ്വര്‍ണ്ണംകൊണ്ടു പൊതിയണം. അഴികള്‍ കടത്തുന്നതിന് അവയില്‍ സ്വര്‍ണ്ണംകൊണ്ടു വളയങ്ങള്‍ നിര്‍മ്മിക്കണം. അഴികളും സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞിരിക്കണം.”
തിരശ്ശീല... കൂടാരത്തിന്‍റെ കേന്ദ്രസ്ഥാനമായ സാക്ഷൃപേടകത്തിന്‍റെ മുന്നില്‍ സ്ഥാപിക്കേണ്ട തിരശ്ശിലയെക്കുറിച്ചാണ് ഇനിയുള്ള വിവരണം.

“പിരിച്ച നൂല്‍കൊണ്ടു നെയ്തതും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതുമായ നേര്‍ത്ത ചണത്തുണികൊണ്ട് ഒരു തിരശ്ശീലയുണ്ടാക്കണം. അതില്‍ കെറൂബുകളുടെ ചിത്രണം തുന്നിച്ചേര്‍ക്കണം. കരുവേലമരംകൊണ്ടു പണിതശേഷം, സ്വര്‍ണ്ണം പൊതിഞ്ഞ നാലു തൂണുകളിലാണത് തൂക്കിയിടേണ്ടത്. തൂണുകളുടെ കൊളുത്തുകള്‍ സ്വര്‍ണ്ണംകൊണ്ടും പാദകുടങ്ങള്‍ വെള്ളികൊണ്ടും നിര്‍മ്മിക്കണം. കൊളുത്തുകളില്‍ തിരശ്ശീല തൂക്കിയിട്ടതിനു ശേഷം സാക്ഷൃപേടകം അതിനുള്ളിലേയ്ക്കു കൊണ്ടുവരണം ഈ തിരശ്ശീലയാണ് വിശുദ്ധ സ്ഥലത്തുനിന്നും ശ്രീകോവിലിനെ വേര്‍തിരിക്കേണ്ടത്.”

“ശ്രീകോവിലില്‍ സാക്ഷൃപേടകത്തിനു മുകളില്‍ കൃപാസനം സ്ഥാപിക്കണം. തിരശ്ശീലയ്ക്കു വെളിയിലായി മേശയും, മേശയ്ക്കെതിരേ കൂടാരത്തിന്‍റെ തെക്കുവശത്തായി വിളക്കുകാലും സ്ഥാപിക്കണം. കൂടാരത്തിന്‍റെ വടക്കു വശത്തായിരിക്കണം മേശ സ്ഥാപിക്കേണ്ടത്. നേര്‍മയില്‍ നെയ്തതും, നീലം, ധൂമ്രം, കടുചെമപ്പ് എന്നീ നിറങ്ങളുള്ളതും ചിത്രത്തുന്നലാല്‍ അലംകൃതവുമായ ചണവസ്ത്രംകൊണ്ട് കൂടാരാവാതിലിന് ഒരു യവനിക ഉണ്ടാക്കണം.
ഈ യവനിക തൂക്കിയിടുന്നതിന് കരുവേലമരംകൊണ്ട് അഞ്ചു തൂണുകള്‍ ഉണ്ടാക്കണം. അവയ്ക്ക് സ്വര്‍ണ്ണക്കൊളുത്തുകളും ഓടുകൊണ്ടുള്ള അഞ്ചു പാദകുടങ്ങളുമുണ്ടായിരിക്കണം.”

ബലിപീഠം 27
ഇസ്രായേലിന്‍റെ ആരാധനക്രമജീവിതത്തിന്‍റെ ഭാഗമാണ് ബലിയര്‍പ്പണം,
അത് പൗരോഹിത്യ പാരമ്പര്യത്തില്‍ നിര്‍മ്മിതമായ കൂടാരത്തിലേയ്ക്ക് മാറ്റപ്പെടുന്നതാണ് തുടര്‍ന്നുള്ള വിവരണം. കര്‍മ്മാദികള്‍ക്കാവശ്യമായ ചെറിയ സാധനസാമഗ്രികളെക്കുറിച്ചുപോലും ഗ്രന്ഥകാരന്‍ കുറിക്കുന്നു.

“കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും അഞ്ചുമുഴം, ഉയരം, മൂന്നു മുഴം. ബലിപീഠത്തിന്‍റെ നാലു മൂലകളിലും അതോട് ഒന്നായിച്ചേര്‍ന്നു നില്‍ക്കുന്ന നാലു കൊമ്പുകള്‍ നിര്‍മ്മിച്ച് ഓടുകൊണ്ടു പൊതിയണം. ചാരപ്പാത്രങ്ങള്‍, കോരികള്‍, താലങ്ങള്‍ മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിങ്ങനെ ബലിപീഠത്തിങ്കല്‍ ആവശ്യമുള്ള ഉപകരണങ്ങളെല്ലാം ഓടുകൊണ്ടു നിര്‍മ്മിക്കണം. ബലിപീഠത്തിനുവേണ്ടി ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ ചട്ടക്കൂടുണ്ടാക്കണം. അതിന്‍റെ നാലു മൂലയിലും ഓരോ ഓട്ടുവളയം ഘടിപ്പിക്കണം. ചട്ടക്കൂടു ബലിപീഠത്തിന്‍റെ മുകളിലത്തെ അരികുപാളിക്കു കീഴില്‍ ഉറപ്പിക്കണം. അതു ബലിപീഠത്തിന്‍റെ മദ്ധ്യഭാഗംവരെ ഇറങ്ങി നില്‍ക്കണം. കരുവേലമരംകൊണ്ടു തന്നെ ബലിപീഠത്തിനു തണ്ടുകള്‍ നിര്‍മ്മിച്ച് ഓടുകൊണ്ടു പൊതിയണം. ബലിപീഠം വഹിച്ചുകൊണ്ടു പോകാനായി അതിന്‍റെ ഇരുവശങ്ങളിലും വളയങ്ങള്‍ ഘടിപ്പിച്ച് അവയിലൂടെ തണ്ടുകള്‍ വയ്ക്കണം. പലകകള്‍കൊണ്ട്, അകം പൊള്ളയായി, ബലിപീഠം പണിയണം.”

പൗരോഹിത്യ പാരമ്പര്യത്തിലുള്ള വിവരണങ്ങളെല്ലാം ഗ്രന്ഥകാരന്‍ ചരിത്രത്തിന്‍റെ ഭാഗമെന്നോണം രചന നടത്തിയിരിക്കുന്നത് മനോഹരമായി കോര്‍ത്തിണക്കിക്കൊണ്ടാണ്. ഇനി കൂടാരത്തിനു ചുറ്റും ഒരുക്കേണ്ട അങ്കണത്തെക്കുറിച്ചുള്ള വിവരണം ശ്രദ്ധിക്കാം.
“കൂടാരാത്തിന് ഒരു അങ്കണമുണ്ടാക്കണം. അങ്കണത്തിന്‍റെ തെക്കുഭാഗത്ത് നേര്‍മ്മയായി നെയ്തെടുത്ത ചണത്തുണികൊണ്ട് നൂറുമുഴം നീളത്തിലൊരു മറയയുണ്ടാക്കിയിരിക്കണം. അതിന് ഇരുപതു തൂണുകള്‍ വേണം. തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടുള്ളതായിരിക്കണം. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം. അപ്രകാരം തന്നെ, വടക്കു ഭാഗത്ത് നെടുകെ നൂറുമുഴം നീളമുള്ള മറയും മറ തൂക്കുന്നതിന് ഇരുപത് തൂണുകളും അവയ്ക്ക് ഇരുപത് ഓട്ടുപാദകുടങ്ങളും, വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം. പടിഞ്ഞാറു ഭാഗത്തെ മുറ്റത്തിന്‍റെ വീതിക്കൊത്ത് അന്‍പതുമുഴം നീളമുള്ള മറയും പത്തു തൂണുകളും അവയ്ക്ക് പത്തു പാദകുടങ്ങളും ഉണ്ടായിരിക്കണം. കിഴക്കുഭാഗത്തെ മുറ്റത്തിന്‍റെ വീതി അന്‍പതു മുഴമായിരിക്കണം. കവാടത്തിന്‍റെ ഒരു വശത്ത് പതിനഞ്ചു മുഴം നീളമുള്ള മറയും, മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളും ഉണ്ടായിരിക്കണം. കവാടത്തിന്‍റെ മറുവശത്ത് പതിനഞ്ചു മുഴം നീളമുള്ള മറയും, മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളും വേണം. അങ്കണകവാടത്തിന് ഇരുപതുമുഴം നീളമുള്ള ഒരു യവനിക ഉണ്ടായിരിക്കണം.”

വിശുദ്ധ കൂടാരത്തെ ചുറ്റിപ്പറ്റിയുള്ള വളരെ സൂക്ഷ്മമായ നിര്‍മ്മിതി നിയമങ്ങളും അവയുടെ നിലനില്പിന് അവശ്യമായി ചിട്ടകളെയും കര്‍മ്മാദികളെയും കുറിച്ചാണ് നാം കേട്ടത്. ഇസ്രായേലിന്‍റെ ജീവിതനിഷ്ഠയ്ക്കും ഏകീകരണത്തിനും ആവശ്യമായ ഈ ആരാധനക്രമ ചിട്ടകളുടെ പഠനം പൗരോഹിത്യ പാരമ്പത്തെ ആസ്പ്ദമാക്കി ഇനിയും തുടരും.
Prepared : nelliakal, Radio Vatican








All the contents on this site are copyrighted ©.