2013-08-05 15:23:21

പാപ്പാ വൈദികരെയും
ഇടവകകളെയും അനുസ്മരിച്ചു


5 ആഗസ്റ്റ് 2013, വത്തിക്കാന്‍
വേനല്‍ ചൂടിനെ വെല്ലുവിളിച്ചും ആയിരങ്ങള്‍ പാപ്പായുടെ പതിവുള്ള ത്രികാല പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനില്‍ ഞായറാഴ്ച രാവിലെ തന്നെ എത്തിയിരുന്നു. കഴിഞ്ഞയാഴ്ചയില്‍ (22 -28 ജൂലൈ) പാപ്പാ ഫ്രാന്‍സിസ് ലോകയുവജനമേളയ്ക്കായി ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ആയിരുന്നതിനാല്‍, ഇക്കുറി തീര്‍ത്ഥാടകരും വിശ്വാസികളുമായി പതിവിലും വലിയൊരു പുരുഷാരം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനായി വിശുദ്ധ പത്രോസിന്‍റെ ചത്വരം നിറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു.
പ്രാര്‍ത്ഥനയ്ക്കുള്ള സമയമായതോടെ, അപ്പസ്തോലിക അരമനയില്‍ താമസിക്കുന്നില്ലെങ്കിലും പാരമ്പര്യപ്രകാരം പഠനമുറിയുടെ രണ്ടാം ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷനായി. കരങ്ങളുയര്‍ത്തി ഏവരെയും പാപ്പാ അഭിവാദ്യംചെയ്തു. ജനങ്ങള്‍ ആനന്ദാരവം മുഴക്കി.
പാപ്പാ പ്രഭാഷണമാരംഭിച്ചു.

ആഗസ്റ്റ് 4-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥന നിയിച്ചു. വിശുദ്ധ മരിയ വിയാന്നിയുടെ തിരുനാള്‍ ദിനമാണെന്ന് പ്രത്യേകം തന്‍റെ ത്രകാല പ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ അനുസ്മരിച്ച പാപ്പ, ചത്വരം തിങ്ങിനിന്ന വിശ്വാസ സമൂഹത്തോടും തീര്‍ത്ഥാടകരോടും ഒരു നിമിഷം ലോകത്തെ സകല വൈദികരെയും ഇടവക സമൂഹങ്ങളെയും അനുസ്മരിച്ചു പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അനുദിന പ്രാര്‍ത്ഥനയിലും അജപാലന സ്നേഹത്തിലും അവരുമായി ഐക്യപ്പെട്ടിരിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

2. പാപ്പായുടെ ത്രികാല പ്രാര്‍ത്ഥനാസന്ദേശം
പ്രിയ സഹോദരങ്ങളേ, കഴിഞ്ഞ ഞായറാഴ്ച ജൂലൈ 28-ാം തിയതി ഞാന്‍ ബ്രസീലിലെ റിയോ നഗരത്തിലായിരുന്നല്ലോ – ലോക യുവജനമേളയുടെ സമാപനദിന പരിപാടികളും, സമാപന ബലയര്‍പ്പണവുമായിരുന്നു. ബ്രസീലിനും, ലാറ്റിനമേരിക്കയ്ക്കും ലോകത്തിനാകമാനവും ലഭിച്ച വലിയൊരു ദൈവിക ദാനമായി യുവജനസംഗമത്തെ നമുക്കു കണക്കാക്കാം. ദൈവത്തിനു നന്ദിപറയാം. ക്രിസ്തുവിന്‍റെ കുരിശുമായി ഭൂഖണ്ഡങ്ങള്‍ കടന്നുള്ള യുവജനങ്ങളുടെ പ്രയാണത്തിലെ പുതിയൊരു ഘട്ടമായിരുന്നു ബ്രസീല്‍ സംഗമമെന്നു ഞാന്‍ മനസ്സിലാക്കുന്നു. തിളക്കവും തിമിര്‍പ്പും സന്തോഷവും എല്ലാം അതില്‍ത്തന്നെ അവസാനം കെട്ടടങ്ങുന്ന വെടിക്കെട്ടുപോലല്ല ലോകയുവജനമേള. 1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കംകുറിച്ച ലോക യുവതയ്ക്കായുള്ള ആത്മീയ തീര്‍ത്ഥാടനത്തിന്‍റെ വിവിധ ഘട്ടങ്ങളാണവ. യുവജനങ്ങള്‍ക്ക് കുരിശു നല്കിയിട്ട്, “പോവുക, നിങ്ങളോടൊപ്പം ഞാനുമുണ്ട് എന്നു പറഞ്ഞത്,” വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമനാണ്.

ആ തീര്‍ത്ഥാടനം എന്‍റെ മുന്‍ഗാമി ബനഡിക്ട് 16-ാമന്‍ പാപ്പാ ഏറ്റെടുത്തു. അതേ ചുവടുപിടിച്ചാണ് ബ്രസീലില്‍ ഒരാഴ്ചയോളം ഞാനും യുവജനങ്ങള്‍ക്കൊപ്പം ആയിരുന്നത്. അവിടെ എനിക്ക് അനുഭവവേദ്യമായത് കൂട്ടായ്മയുടെ വലിയ അത്ഭുതം തന്നെയായിരുന്നു. ബ്രസീലില്‍ ദൈവം തന്ന യുവചേതനയുടെ ഈ വലിയ അനുഭവത്തിന് നന്ദിപറയുന്നു. ബ്രസീലിലെ ജനങ്ങളും ഭരണകര്‍ത്താക്കളും, അജപാലന ശുശ്രൂഷകരും യുവജനങ്ങളും അവരുടെ സന്നദ്ധസേവകരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ എന്‍റെ മനസ്സില്‍ ഇപ്പോഴും തെളിഞ്ഞുനില്കുകയാണ്. ഈ മഹാസംഗമത്തിന് ദൈവത്തിന് നന്ദിപറയുന്നു. ഈ വിശ്വാസോത്സവത്തിന്‍റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ച ഏവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. മേളയില്‍ ‍പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കുംവേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണം. അവര്‍ക്ക് അവിടെ ലഭിച്ച ആത്മീയ അനുഭവം അനുദിന ജീവിതത്തില്‍ അവര്‍ പകര്‍ത്താനും, ജീവിതത്തിന്‍റെ തിരഞ്ഞെടുപ്പുകളില്‍ ദൈവത്തിന്‍റെ വിളിയോട് സത്യസന്ധമായി പ്രത്യുത്തരിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് തുടര്‍ന്നും പ്രാര്‍ത്ഥിക്കാം.

3. സന്ദേശത്തിലെ സുവിശേഷ ഭാഗം
ഏറെ ഹൃദയസ്പര്‍ശിയും അസ്വസ്ഥമാക്കാവുന്നതുമായ ചിന്തയാണ് ഇന്നത്തെ വചനത്തില്‍ സഭാപ്രാസംഗികന്‍ അവതരിപ്പിക്കുന്നത്. “മായകളില്‍ മായ, സകലതും മായ...” (സഭാപ്രാസംഗി. 1, 2). തങ്ങള്‍ക്കു ചുറ്റുമുള്ള മിഥ്യയായ കാര്യങ്ങളില്‍ എളുപ്പം വീണുപോകുന്നത് യുവജനങ്ങളാണ്. ചുറ്റുമുള്ള വിപരീത ചുറ്റുപാടുകളുടെ ഭവിഷത്തുകള്‍ അവര്‍ അനുഭവിക്കേണ്ടതായും വരുന്നു. എന്നാല്‍ സഭയില്‍ അവര്‍ക്കു ലഭിക്കുന്ന ക്രിസ്ത്വാനുഭവം അവരുടെ ഹൃദയങ്ങളെ യഥാര്‍ത്ഥ ജീവിതാനുഭവത്തിന്‍റെ സന്തോഷത്താല്‍ നിറയ്ക്കുന്നു. ഒരിക്കലും വറ്റാത്ത നീരുറവപോലെ അത് അവരുടെ ജീവിതങ്ങളെ സമ്പന്നമാക്കുന്നു. റിയോയിലെത്തിയ യുവജനങ്ങളുടെ മുഖത്ത് തെളിഞ്ഞുനിന്ന ആത്മീയ സന്തോഷം ഞാന്‍ കണ്ടതാണ്.

യുവജനങ്ങള്‍ അനുദിനം അവര്‍ക്കു ചുറ്റും അഭിമുഖീകരിക്കുന്നത് ലോകത്തിന്‍റെ മിഥ്യയായ ശൂന്യതയാണ്. ലാഭത്തിന്‍റെയും സമ്പന്നതയുടെയും സുഖലോലുപതയുടെയും മിഥ്യാബോധത്തില്‍ കുമിഞ്ഞുപൊങ്ങുന്ന ഉപഭോഗ സംസ്ക്കാരത്തിന്‍റെ വിഷാംശം യുവജനങ്ങളെ കാര്‍ന്നു തിന്നുന്നുണ്ട്.
ലൗകികതയുടെ സുഖതൃഷ്ണയും, സമ്പന്നതയുടെ മിഥ്യാഭാവത്തെയും ചിത്രീകരിക്കുന്നതാണ് സുവിശേഷത്തില്‍ ക്രിസ്തു പറഞ്ഞ ഭോഷനായ ധനികനെ കഥ (ലൂക്കാ 12, 19-24).
“ധനവാന്‍ ഇങ്ങനെ പറഞ്ഞു. ഞാന്‍ ഇങ്ങനെ ചെയ്യും. എന്‍റെ അറപ്പുരകള്‍ പൊളിച്ച്, കൂടുതല്‍ വലിയവ പണിയും. അതില്‍ എന്‍റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാന്‍ എന്‍റെ ആത്മാവിനോടു പറയും. ആത്മാവേ, അനേക വര്‍ഷത്തേയ്ക്കുവേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കൂ, തിന്നുകുടിച്ച് ആനന്ദിക്കുക! എന്നാല്‍ ദൈവം അവനോടു പറഞ്ഞു ഭോഷാ ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും, അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും. ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചു വയ്ക്കുന്നവന്‍...”

ദൈവസ്നേഹത്തിന്‍റെ പങ്കുവയ്ക്കലാണ് യഥാര്‍ത്ഥമായ സമ്പത്ത്. പങ്കുവയ്ക്കലിന്‍റെ ആനന്ദം അനുഭവിക്കുന്നവര്‍ ഒരിക്കലും മരണത്തെ ഭയപ്പെടുന്നില്ല. അവര്‍ എന്നും ഹൃദയസമാധാനം അനുഭവിക്കും. ദൈവസ്നേഹം പങ്കുവയ്ക്കുന്നതിലുള്ള ആനന്ദം തരണമേ, എന്ന് പരിശുദ്ധ കന്യകാ നാഥയോടു പ്രാര്‍ത്ഥിക്കാം, ഇങ്ങനെ ആശംസിച്ചുകൊണ്ട് പാപ്പാ തന്‍റെ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം ഉപസംഹരിച്ചു.

4. പൊതുആശംസകളും അഭിവാദ്യങ്ങളും
തുടര്‍ന്ന് മറ്റു വിഷയങ്ങളെക്കുറിച്ചും പാപ്പാ ജനങ്ങളോട് സംവദിച്ചു:
വേനല്‍ വെയിലിനെ വെല്ലുവിളിച്ചുകൊണ്ടുള്ള നിങ്ങളുടെ സാന്നിദ്ധ്യത്തിന് പ്രത്യേകം നന്ദിയര്‍പ്പിക്കുന്നു. ആദ്യമായി ഇവിടെ എത്തിയിരിക്കുന്ന യുവജനങ്ങളെ അഭിവാദ്യംചെയ്യട്ടെ. ക്രൊയേഷ്യയില്‍നിന്നും എത്തിയ കര്‍മ്മലീത്താ യുവസന്ന്യാസികള്‍ക്കും, വെരോണാ രൂപതിയിലെ ഫോസ്സോ- സാസ്സോണ്‍ ഭാഗത്തുനിന്നുമുള്ള യുവജനങ്ങള്‍ക്കും, ക്രിമോണാ രൂപതയിലെ മൊസ്സോണിക്കായില്‍നിന്നും കാല്‍നടയായെത്തിയവര്‍ക്കും, ബര്‍ഗമോ രൂപതയില്‍നിന്നും സൈക്കിളിലെത്തിയ യവുജനങ്ങള്‍ക്കും പ്രത്യേക ആശംസകള്‍. ഈ ചത്വരത്തില്‍ ധാരാളമായി കാണുന്ന യവുജനങ്ങള്‍ എന്‍റെ ഓര്‍മ്മകളെ ബ്രസീലിലെ റിയോ നഗരത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നത്!

ഞാന്‍ ലോകത്തുള്ള എല്ലാ ഇടവകകളെയും ഇടവക വൈദികരെയും ഈ നിമിഷങ്ങളില്‍ നിങ്ങളുടെ ഓര്‍മ്മയില്‍ പ്രത്യേകം കൊണ്ടുവരികയാണ്. കാരണം, ആഗസ്‍റ്റ് 4-ാം തിയതി അവരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാന്നിയുടെ അനുസ്മരണ ദിനമാണ്. പ്രാര്‍ത്ഥനയിലും അജപാലന സ്നേഹത്തിലും ലോകത്തുള്ള സകല വൈദികരുമായി നമുക്ക് ഐക്യപ്പെട്ടിരിക്കാം.

ആഗസ്റ്റ് 5-ാം തിയതി റോമാ നഗരം, റോമിന്‍റെ രക്ഷികയായ La Salus Populi Romani പരിശുദ്ധ കന്യകാമറിയത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന ദിനമാണ്. ഞങ്ങളെ കാത്തുപാലിക്കണേ, എന്ന് നന്മനിറഞ്ഞ മറിയത്തോട് പ്രാര്‍ത്ഥിക്കാം, എന്നഭ്യര്‍ത്ഥിച്ച പാപ്പാ മേരിയന്‍ പ്രാര്‍ത്ഥന ഉരുവിട്ടു. ജനങ്ങള്‍ അതേറ്റു ചൊല്ലി.

മറ്റൊരു കാര്യം പാപ്പാ ജനങ്ങളെ ഓര്‍പ്പിച്ചത്,
ആഗസ്റ്റ് 6-ാം തിയതി ആചരിക്കുന്ന കര്‍ത്താവിന്‍റെ രൂപാന്തരീകരണ തിരുനാളിനെക്കുറിച്ചാണ്. ധന്യനായ പോള്‍ ആറാമന്‍ പാപ്പായെയും ഇത്തരുണത്തില്‍ പ്രത്യേകം അനുസ്മരിച്ചു. 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഗസ്റ്റ് 6-ാം തിയതിയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

5. ഉപസംഹാരവും അപ്പസ്തോലിക ആശീര്‍വ്വാദവും
ഏവര്‍ക്കും നല്ലൊരു ഞായറും, ആഗസ്റ്റ് മാസത്തില്‍ സന്തോഷകരമായ അവധി ദിനങ്ങളും ആശംസിച്ചുകൊണ്ട് തന്‍റെ പ്രഭാഷണം പാപ്പാ ഉപസംഹരിച്ചു. തുടര്‍ന്ന് ത്രികാലപ്രാര്‍ത്ഥന ചൊല്ലിയ പാപ്പാ ഏവര്‍ക്കും അപ്പസ്തോലിക ആശിര്‍വ്വാദം നല്കി.
Reported : nellikal, sedoc









All the contents on this site are copyrighted ©.