2013-08-03 12:32:13

സുവിശേഷ പ്രഘോഷകരുടെ
ഈടും ഉറപ്പും കുരിശാണ്


RealAudioMP3
വി. മാര്‍ക്കോസിന്‍റെ സുവിശേഷം 6, 7-13
“അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവിടുന്ന് തന്‍റെ പന്ത്രണ്ടുപേരെ അടുത്തു വളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി. അശുദ്ധാത്മാക്കളുടെമേല്‍ അവര്‍ക്ക് അധികാരവും കൊടുത്തു. അവന്‍ കല്പിച്ചു. യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും – അപ്പമോ സഞ്ചിയോ, അരപ്പട്ടയില്‍ പണമോ കരുതരുത്. ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്, അവിടുന്ന് തുടര്‍ന്നു. നിങ്ങള‍ ഏതെങ്കിലും സ്ഥലത്തെ വീട്ടില്‍ പ്രവേശിച്ചാല്‍, അവിടംവിട്ടു പോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവന്‍. എവിടെയങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സ്ക്ഷൃത്തിനായി നിങ്ങളുടെ കാലിലിലെ പൊടിപോലും തട്ടിക്കളയുവിന്‍. ശിഷ്യന്മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതാപത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു. ”

ഇന്നത്തെ വചനഭാഗം നമ്മെ വിളിയെക്കുറിച്ച്, ദൈവവിളിയെക്കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത്. വിളിയില്‍നിന്നാണ് ദൗത്യമുണ്ടാകുന്നത്? ദൈവത്തിന്‍റെ വിളിയില്‍നിന്നാണ്. ക്രിസ്തു ശിഷ്യന്മാരെ വിളിച്ചപ്പോള്‍ അവിടുത്തേയ്ക്ക കൃത്യമായ ധാരണയുണ്ടായിരുന്നു. അവരെ ദൈവരാജ്യത്തിന്‍റെ സന്ദേശം അറിയിക്കാന്‍ പറഞ്ഞയക്കുകയായിരുന്നു. ‘അയക്കപ്പെട്ടരു’ടെ ജീവിതദൗത്യത്തിന്‍റെ ഉള്‍പ്പൊരുകളെക്കുറിച്ച് ഇന്നത്തെ വചനഭാഗത്തിന്‍റെ വെളിച്ചത്തില്‍ നമുക്കു ധ്യാനിക്കാം. സമാശ്വാസത്തിന്‍റെ ശുശ്രൂഷയിലുള്ള സന്തോഷം, ജീവിതക്കുരിശുകള്‍ വഹിക്കാനുള്ള സന്നദ്ധത, പ്രാര്‍ത്ഥനാ ചൈതന്യം – ഇവ മൂന്നും അയക്കപ്പെട്ടവരുടെ ഭാഗധേയമാണ്.

1. വിപ്രാസവസത്തിന്‍റെ ഇരുളില്‍ കഴിഞ്ഞിരുന്ന ജനതയ്ക്ക് ഏശയാ പ്രവാചകനാണ് പ്രത്യാശയുടെ സന്തോഷം പകര്‍ന്നത്. “ജരൂസലേമിന് ഇതാ, സമാശ്വാസത്തിന്‍റെ നാളുകള്‍ ആസന്നമായിരിക്കുന്നു.” ദുഃഖവും ഭീതിയും മറന്ന് പ്രത്യാശയുള്ള സന്തോഷത്തോടെ ജീവക്കാന്‍ പ്രവാചകന്‍ ആഹ്വാനംചെയ്യുന്നു. “ജരൂസലേമിനെ സ്നേഹിക്കുന്ന നിങ്ങള്‍ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിന്‍. അവളെപ്രതി വിലപിക്കുന്ന നിങ്ങള്‍ അവളോടൊത്തു സന്തോഷിച്ചു തിമിര്‍ക്കുവിന്‍.” (ഏശയ്യാ 66, 10).
ദൈവമായ കര്‍ത്താവ് ജരൂസലേമിന്‍റെ മേല്‍ അവിടുത്തെ കാരുണ്യവും സമാശ്വാസവും വര്‍ഷിക്കും എന്ന സദ്വാര്‍ത്തയാണ് ഇവിടെ സന്തോഷകാരണമാകുന്നത്.

ദൈവത്തിന്‍റെ കാരുണ്യാതിരേകത്തിന്‍റെയും സമാശ്വാസത്തിന്‍റെയും പ്രത്യാശ പകരുന്നതും, ഏവരിലും സമാധാനവും സന്തോഷവും വര്‍ഷിക്കപ്പെടുന്നതുമായ നാളുകളെക്കുറിച്ചാണ് പ്രവാചകന്‍ ജനത്തെ അനുസ്മരിപ്പിച്ചത്. ഇതുപോലെ പ്രത്യാശയുടെ സാന്ത്വനവും സന്തോഷവും കാരുണ്യവും ജനങ്ങളെ അറിയിക്കാനാണ് ക്രൈസ്തവരായ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം നമ്മോട് കാരുണ്യവും സ്നേഹവും ധാരാളമായി കാണിച്ചിട്ടുള്ളതാണെങ്കില്‍, നാം അത് മറ്റുള്ളവരോടും കാണിക്കണം, അവരുമായി അത് പങ്കുവയ്ക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ക്രൈസ്തവരുടെ ജീവിതദൗത്യം.

പ്രത്യാശയുടെ വചസ്സുകള്‍ ഇന്നും ജനങ്ങള്‍ക്ക് ആവശ്യമാണ്. അവരുടെ ഹൃദയങ്ങളെ ഊഷ്മളമാക്കുന്നതും, പ്രത്യാശ ഉണര്‍ത്തുന്നതും, നന്മയിലേയ്ക്ക് അവരെ ആകര്‍ഷിക്കുന്നതുമായ വാക്കുകള്‍ക്കായി അവര്‍ കാതോര്‍ക്കുന്നുണ്ട്. ജനതകള്‍ക്കു മുന്നില്‍ ദൈവിക കാരുണ്യത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സാക്ഷികളാകാന്‍ നമുക്ക് സാധിക്കണം. ദൈവിക സമാശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുമ്പോള്‍ എന്തൊരാനന്ദമാണത് അത് നമുക്ക് നല്കുന്നത്, ഒപ്പം മറ്റുള്ളവര്‍ക്കും.... സന്തോഷം ജീവിത ലക്ഷൃമല്ല, ഒരവസ്ഥയാണ്. ദൈവത്തിന്‍റെ സമാശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കമ്പോള്‍ ലഭിക്കുന്ന ആനന്ദ മുഹൂര്‍ത്തമാണത്.

2. സമര്‍പ്പണത്തിന്‍റെയും ജീവിത ദൗത്യത്തിന്‍റെ രണ്ടാമത്തെ അടയാളം കുരിശ്ശാണ്, കുരിശു വഹിക്കാനുള്ള സന്നദ്ധതയാണ്. സുവിശേഷത്തിന്‍റെ അപ്പസ്തോലനുള്ള അടിസ്ഥാന അടയാളമായി പൗലോസ്ലീഹ ചൂണ്ടിക്കാണിക്കുന്നതും കുരിശ്ശാണ്, ക്രിസ്തുവിന്‍റെ കുരിശ്ശാണ്. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ. അവിടുത്തെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.” (ഗലാത്തിയ 6, 14). തന്‍റെ പ്രേഷിതദൗത്യത്തില്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്‍റെ കുരിശിനെപ്രതി ക്ഷീണവും യാതനകളും പരാജയങ്ങളും അപമാനങ്ങളും ഏറെ അനുഭവിച്ചു. ക്രൂശിതന്‍റെ തിരുമുറിപ്പാടുകളെക്കുറിച്ച് ശ്ലീഹാ പ്രസ്താവിക്കുന്നത് അത് വിജയത്തിന്‍റെ മേലൊപ്പായിട്ടാണ്. പ്രതിസന്ധികളുടെ കൂരിരുട്ടില്‍ ദൈവിക പ്രഭയുടെയും രക്ഷയുടെയും പൊന്‍പുലരി ഇതാ, ക്രിസ്തുവിന്‍റെ കുരിശില്‍ വിരിഞ്ഞിരിക്കുന്നു. ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളാണ് സഭാദൗത്യത്തിന്‍റെ ഹൃദയസ്പന്ദനം. നേട്ടങ്ങളുടെ ലൗകിക കാഴ്ചപ്പാടും, പീഡനങ്ങളില്‍ ഉതിരുന്ന നിരാശയുടെ മനോഭാവവും, രണ്ടും ഒരുപോലെ നാം വെടിയേണ്ടതാണ്.

സുവിശേഷപ്രഘോഷണ ദൗത്യത്തിന്‍റെ മാനദണ്ഡം മാനുഷികമായ വിജയാപജയങ്ങളുടെ അളവല്ല അത്, മറിച്ച് ക്രിസ്തുവിന്‍റെ കുരിശ്ശിനോട് സാരൂപ്യപ്പെടുന്ന യുക്തിയാണ്. സ്വയംത്യജിച്ച് ശൂന്യവത്ക്കരിച്ച്, സ്വാര്‍ത്ഥത വെടിഞ്ഞിറങ്ങുന്ന യുക്തിയാണത്. ഇത് ക്രിസ്തുവുള്ള കുരിശാണ്. ക്രിസ്തുവിന്‍റെ കുരിശാണത്. പരിച്ഛേദനകര്‍മ്മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം (ഗലാത്തി. 6, 15). കുരിശിലെ പരമോന്നത യാഗത്തില്‍നിന്നും ഉതിരുന്ന സ്നേഹവും കാരുണ്യത്തിലുമാണ് നാം പുനര്‍ജനിക്കുന്നതും, ക്രിസ്തുവിന്‍റെ നവസൃഷ്ടിയായി പരിണമിക്കുന്നതും.

3. സുവിശേഷ പ്രഘോഷകന്‍റെ ജീവിതത്തിന് അനിവാര്യമായ മൂന്നാമത്തെ ഘടകം പ്രാര്‍ത്ഥനയാണ്.
“ക്രിസ്തു അവരോടു പറഞ്ഞു. കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്‍റെ നാഥനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍.” (ലൂക്കാ 10, 2). കര്‍ത്താവിന്‍റെ വിളഭൂമിയിലേയ്ക്ക് വേലക്കാരെ വിളിക്കുന്നത് പരസ്യംചെയ്തോ, നിര്‍ബന്ധിച്ചോ, കാലുപിടിച്ചോ അല്ല. ദൈവമാണ് അവരെ തിരഞ്ഞെടക്കുന്നത്. ദൈവമാണ് അവരെ അയയ്ക്കുന്നത്. ഇതിന് പ്രാര്‍ത്ഥന ആവശ്യമാണ്. മുന്‍പാപ്പാ ബനഡിക്ട് ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുള്ളതുപോലെ
“സഭ നമ്മുടേതല്ല, ദൈവത്തിന്‍റേതാണ്.” കൃഷിയിടം ദൈവത്തിന്‍റേതാണ്. അങ്ങനെ പ്രേഷിതദൗത്യം പ്രഥമമായും ദൈവകൃപയില്‍ ആശ്രയിച്ചിരിക്കുന്നു. അപ്പസ്തോലന്‍ അല്ലെങ്കില്‍ മിഷണറി വളരുന്നതും ജീവിക്കുന്നതും പ്രാര്‍ത്ഥനയിലാണ്. പ്രാര്‍ത്ഥനയാണ് അയാളുടെ പ്രവൃത്തിക്ക് ജീവിത വെളിച്ചവും ശക്തിയും ആകേണ്ടത്. പ്രാര്‍ത്ഥന ഇല്ലാതാകുമ്പോള്‍ സ്രോതസ്സായ ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു. അങ്ങനെ നമ്മിലെ പ്രേഷിതചൈതന്യവും തീക്ഷ്ണതയും നിലയ്ക്കുന്നു, കെട്ടുപോകുന്നു.

സുവിശേഷവത്ക്കരണം നടക്കേണ്ടത് നമ്മുടെ മുട്ടിപ്പായ പ്രാര്‍ത്ഥനവഴിയാണ്. ആകയാല്‍ പ്രാര്‍ത്ഥനയുടെ മാനുഷ്യരായി നമുക്കു ജീവിക്കാം. ദൈവവുമായി നിരന്തരമായി ബന്ധമില്ലാത്ത പ്രേഷിതവൃത്തി മെല്ലെ സാധാരണ തൊഴിലായി പരിണമിക്കും. ഘടനകളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്ക്കുന്ന അമിതമായ പ്രവര്‍ത്തനപരതയുടെ മനോഭാവം സഭയില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് പ്രേഷിതപ്രവൃത്തിക്ക് ചേര്‍ന്നതല്ല. തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിലും ക്രിസതു കാണിച്ചു തന്നിട്ടുള്ള തീവ്രവും ദൈര്‍ഘ്യവുമായ പ്രാര്‍ത്ഥനാവേളകള്‍ നമുക്ക് മാതൃകയാക്കാവുന്നതാണ്. സമ്മര്‍ദ്ദം ചെലുത്തുന്ന കടമകളുടെ കടമ്പകള്‍ക്കു മുന്നിലും, അതിവേഗതയുടെ കൊടുംകയത്തിലും ജീവിതത്തിലൊരു ധ്യാനാത്മക ചൈതന്യം എപ്പോഴും വളര്‍ത്തിയെടുക്കാം. പ്രേഷിത ദൗത്യത്തിന്‍റെ തീക്ഷ്ണതയും തീവ്രതയും പരിത്യക്തരിലേയ്ക്കു നമ്മെ വിളിക്കുമ്പോള്‍ ആര്‍ദ്രമായ സ്നേഹവും കരുണ്യവുമുള്ള ക്രിസ്തുവിന്‍റെ ഹൃദയത്തോട് എപ്പോഴും ചേര്‍ന്നിരിക്കാം. അതായിരിക്കും ക്രിസ്തുശിഷ്യന്‍റെ ഫലപ്രാപ്തിയുടെ രഹസ്യം.

“മടിശ്ശീലയോ ചെരിപ്പോ ബാണ്ഡമോ നിങ്ങള്‍ കൊണ്ടുപോകരുത്” (ലൂക്കാ 10, 4). ആള്‍ബലമോ, സ്ഥാപനത്തിന്‍റെ പെരുമയോ, വലുപ്പമോ, ഉപായസാദ്ധ്യതകളുടെ, മൂലധനത്തിന്‍റെയോ വസ്തുവകകളുടെയോ അളവോ സുവിശേഷ പ്രഘോഷണത്തിനുള്ള ഈടോ ഉറപ്പോ അല്ല. ക്രിസ്തു സ്നേഹത്താല്‍ പ്രചോദിതരായി മുന്നേറുക, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുക, ജീവന്‍റെ തരുവായ ക്രിസ്തുവിന്‍റെ കുരിശിനോടു ചേര്‍ന്നിരിക്കുക, ഇവയാണ് യഥാര്‍ത്ഥമായ സുവിശേഷവത്ക്കരണത്തിന്‍റെ മുഖമുദ്ര. ദൈവിക സമാശ്വാസത്തിന്‍റെ സാക്ഷികളായിരിക്കുന്നതിനും, ക്രിസ്തുവിന്‍റെ കുരിശിനെ സ്നേഹിക്കുന്ന യുക്തി എന്നും ജീവിതത്തില്‍ പാലിക്കുന്നതിനും, ക്രിസ്തുവിനോട് ആഴമായി ഐക്യപ്പെട്ടു ജീവിക്കുന്നതിനും പരിശുദ്ധ കന്യകാമറിയം, സുവിശേഷ നാഥ നമ്മെ സഹായിക്കട്ടെ. അങ്ങനെ നമ്മുടെ ജീവിതങ്ങള്‍ ക്രിസ്തുവില്‍ സമ്പന്നവും ഫലസമൃദ്ധവും ആയിത്തീരട്ടെ.
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.