1 ആഗസ്റ്റ് 2013, റിയോ റിയോ മേളയില്‍ മുപ്പതു ലക്ഷത്തിലേറെ ജനങ്ങള്‍ പങ്കെടുത്തെന്ന്,
സംഘാടക സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഒറാനി ടെമ്പെസ്റ്റാ വെളിപ്പെടുത്തി. ജൂലൈ
31-ന് റിയോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനപങ്കാളിത്തത്തെക്കുറിച്ചുള്ള കണക്കുകള്‍
റിയോ അതിരൂപതാദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയത്.
കോപ്പാകബാനാ, ബോ വിസ്താ പാര്‍ക്ക്,
റിവര്‍ സെന്‍റര്‍, റിയോയിലെ വിവിധ സ്ഥാപനങ്ങള്‍, ഇടവകകള്‍ എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലായിട്ടാണ്
മുപ്പതു ലക്ഷത്തിലേറെ യുവജനങ്ങള്‍ ലോകമേളയില്‍ പങ്കെടുത്തതെന്ന് ആര്‍ച്ചുബിഷപ്പ് ടെമ്പെസ്റ്റാ
വ്യക്തമാക്കി. മേളയുടെ പ്രഥമ ദിനമായ ജൂലൈ 23-തിയിതി ആറു ലക്ഷത്തില്‍ തുടക്കംകുറിച്ച യുവജന
സാന്നിദ്ധ്യം അനുദിനം വര്‍ദ്ധിക്കുകയായിരുന്നെന്നും, 25-ാം തിയതി പാപ്പായ്ക്ക് നല്കിയ
സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോപ്പാകബാന തീരത്ത് 2 കോടിയോളം യുവാക്കളെത്തിയപ്പോള്‍,
സമാപന ബലിയര്‍പ്പണത്തില്‍ പാപ്പായ്ക്കൊപ്പം സജീവമായി പങ്കെടുത്തത് മൂന്നുകോടിയിലേറെ യുവജനങ്ങളാണെന്ന്
സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ആര്‍ച്ചുബിഷപ്പ് ടെമ്പസ്റ്റാ ചൂണ്ടിക്കാട്ടി.
4 ലക്ഷത്തി 27,000 യുവാക്കളാണ് മേളയ്ക്ക് ഔദ്യോഗികമായി പേരുകള്‍ റജിസ്റ്റര്‍
ചെയ്തിരുന്നതെങ്കിലും, പാപ്പാ ഫ്രാന്‍സിസിന്‍റെ വരവോടെ മഴയെ വെല്ലുവിളിച്ചും തുടര്‍ന്നുള്ള
ദിവസങ്ങളില്‍ ജനം റിയോയിലേയ്ക്ക് പ്രവഹിക്കുകയായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ടെമ്പെസ്റ്റാ
സംഘാടക സമിതി അംഗങ്ങള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചു. Reported
: nellikal, sedoc