2013-07-30 17:25:04

പേപ്പല്‍ പര്യടനം വന്‍വിജയം: ഫാ.ലൊംബാര്‍ദി


30 ജൂലൈ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വന്‍വിജയമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി വിലയിരുത്തുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബ്രസീല്‍ പര്യടനത്തിനുശേഷം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്‍റെ മേധാവിയും വത്തിക്കാന്‍ റേഡിയോയുടെ ജനറല്‍ ഡയറക്ടറും കൂടിയായ ഫാ.ലൊംബാര്‍ദി എസ്.ജെ. ലാറ്റിനമേരിക്കകാരനായ ഒരു മാര്‍പാപ്പ ലാറ്റിനമേരിക്കയിലേക്ക് നടത്തുന്ന പര്യടനം എന്ന പ്രത്യേകതയ്ക്കു പുറമേ, മാര്‍പാപ്പയുടെ ഫലപ്രദമായ ആശയവിനിമയവും പര്യടനം ഉജ്ജ്വലവിജയമാക്കിയെന്ന് ഫാ.ലൊംബാര്‍ദി പറഞ്ഞു. പുറമേ പ്രകടമായ ആഹ്ലാദാരവങ്ങള്‍ മാത്രമല്ല, മനുഷ്യമനസുകളെ ആര്‍ദ്രമാക്കുന്ന മാര്‍പാപ്പയുടെ വാക്കുകളും ജനം തുറന്ന മനസോടെ സ്വീകരിച്ചു. നിര്‍ഭയം സാക്ഷൃം നല്‍കുക, അനുദിന ജീവിത സാഹചര്യങ്ങളില്‍ ക്രിസ്തുവിന്‍റെ പ്രേഷിതരായിരിക്കുക, സാമൂഹ്യ ഉത്തരവാദിത്വം, മെച്ചപ്പെട്ടൊരു സഭയും ലോകവും കെട്ടിപ്പടുക്കാന്‍ യുവജനങ്ങള്‍ക്കുള്ള കടമ, എല്ലാ വിഭാഗങ്ങളേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സാമൂഹ്യ ഐക്യദാര്‍ഡ്യം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് മാര്‍പാപ്പ നല്‍കിയ ഉത്ബോധനങ്ങള്‍ ആഗോളയുവജനവും ബ്രസീലിയന്‍ ജനതയും ഹൃദയത്തിലേറ്റു വാങ്ങിയത് വിശ്വാസത്തിന്‍റെ ഒരു പുതുവസന്തത്തിനു തുടക്കമാണെന്നും ഫാ.ലൊംബാര്‍ദി അഭിപ്രായപ്പെട്ടു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.