2013-07-29 18:28:43

ബ്രസീലിയന്‍ മെത്രാന്‍മാരുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


28 ജൂലൈ 2013, റിയോ ദി ജനീറോ
ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈ 27ാം തിയതി ശനിയാഴ്ച ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. റിയോ ദി ജനീറോയിലെ അതിരൂപതാ മന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ദേശീയ മെത്രാന്‍ സമിതിയിലെ 300 ലേറെ അംഗങ്ങള്‍ പങ്കെടുത്തു.
ലോകത്തെ ഏറ്റവും വലിയ മെത്രാന്‍സമിതിയാണ് 9 കര്‍ദിനാള്‍മാരും 459 മെത്രാപ്പോലീത്താമാരും മെത്രാന്‍മാരും ഉള്‍പ്പെടുന്ന ബ്രസീലിയന്‍ കത്തോലിക്കാ മെത്രാന്‍സമിതി. ബ്രസീലിയന്‍ മെത്രാന്‍ സമിതിയുടെ ഒരു പ്രതിനിധി സംഘത്തിനു മാത്രമാണ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്താനും ഉച്ചവിരുന്നില്‍ പങ്കെടുക്കാനും ആദ്യം ക്ഷണമുണ്ടായിരുന്നത്. എന്നാല്‍ സാധിക്കുകയാണെങ്കില്‍ ബ്രസീലിലെ എല്ലാമെത്രാന്‍മാരേയും കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ അറിയിച്ചതിനെ തുടര്‍ന്ന് മെത്രാന്‍ സമിതിയിലെ ബഹുഭൂരിഭാഗവും മാര്‍പാപ്പയെ കാണാനെത്തി. റിയോ ദി ജനീറോയിലെ അതിരൂപതാ ആസ്ഥാനകേന്ദ്രത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള മന്ദിരത്തിലായിരുന്നു ഉച്ചവിരുന്ന്.

സമാന്യം നീണ്ടൊരു പ്രഭാഷണത്തിന്‍റെ രൂപത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തന്‍റെ സന്ദേശം പാപ്പ ബ്രസീലിയന്‍ മെത്രാന്‍മാരോട് പങ്കുവയ്ച്ചു.

ലാറ്റിനമേരിക്കയിലേയും കരീബിയന്‍ ദീപുകളിലേയും മെത്രാന്‍മാരുടെ സംയുക്ത സമിതി 2007ല്‍ അപരെസിദയില്‍ വച്ചു നടത്തിയ സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തിന്‍റെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിച്ചു കൊണ്ടാരംഭിച്ച സന്ദേശത്തില്‍ ബ്രസീലിയന്‍ സഭയെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ പാപ്പ പ്രതിപാദിച്ചു. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് നടക്കുമ്പോള്‍ വെറും 12 രൂപതകള്‍മാത്രമുണ്ടായിരുന്ന ബ്രസീലിയന്‍ കത്തോലിക്കാ സഭ ഇന്ന് 275 രൂപതകളായി വളര്‍ന്നിരിക്കുന്നു. ബ്രസീലിയന്‍ സഭാമേലദ്ധ്യക്ഷരുടെ അശ്രാന്ത പരിശ്രമത്തോടൊപ്പം റോമാ രൂപതയിലെ മെത്രാന്‍മാര്‍ (മാര്‍പാപ്പമാര്‍) ബ്രസീലിനു നല്‍കിയ പരിഗണനയുടെ കൂടി ഫലമാണത്.
ബ്രസീലിലെ സഭ ഇന്ന് നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്ന് വിശ്വാസികളുടെ കൊഴിഞ്ഞുപോക്കാണ്.
എമ്മാവൂസിലേക്കു പോയ ശിഷ്യന്‍മാര്‍ ക്രിസ്തു തങ്ങളോടൊത്തുണ്ടായിട്ടും അവിടുത്തെ തിരിച്ചറിയാതിരുന്ന അനുഭവം ഇന്നും കത്തോലിക്കാ സഭയില്‍ ആവര്‍ത്തിക്കുന്നു. അനേകര്‍ കത്തോലിക്കാ സഭ വിട്ട് ഇതര അഭയകേന്ദ്രങ്ങള്‍ തേടിപോകുന്നു. അവരുടെ ആത്മീയ ദാഹം തീര്‍ക്കുന്നതില്‍ സഭ പരാജയപ്പെടുന്നതോ, സഭയുടെ ബലഹീനതകളോ, കര്‍ക്കശമായ നിയമസംവിധാനങ്ങളോ, സഭ പഴഞ്ചനാണെന്ന തോന്നലോ, അജപാലകരുടെ ദുര്‍ഗ്രാഹ്യമായ പ്രബോധനങ്ങളോ ഒക്കെയായിരിക്കാം വിശ്വാസികള്‍ സഭ വിട്ടുപോകാന്‍ കാരണം. അതിനു പരിഹാരം കാണേണ്ടതുണ്ട്. സഭാതനയര്‍ക്കൊപ്പം നില്‍ക്കുന്ന സഭ, അവരുടെ വിഹ്വതകളില്‍ സാന്ത്വമേകി, സന്തോഷങ്ങളില്‍ പങ്കുചേര്‍ന്ന് അവരെ തന്‍റെ സംരക്ഷണയില്‍ നയിക്കുന്ന സഭാ മാതാവിനേയാണ് ഇന്ന് ആവശ്യം. ക്ഷമയോടെ സഭാംഗങ്ങളെ ശ്രവിക്കാനും ദൈവജനത്തോടൊപ്പം സഞ്ചരിക്കാനും സഭ തയ്യാറായിരിക്കണം. ആദിമ ക്രൈസ്തവരേപ്പോലെ, വിശ്വാസ സമൂഹത്തിന്‍റെ ഹൃദയം ജ്വലിപ്പിക്കുന്ന സഭയാണോ ഇന്നുള്ളത്?
ബ്രസീലിലെ സഭ ഇന്ന് അജപാലന രംഗത്ത് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് മെത്രാന്‍മാരുടേയും വൈദികരുടേയും സന്ന്യസ്തരുടേയും അല്മായരുടേയും പരിശീലനമാണ്. മെത്രാന്‍മാരുടെ ഐക്യവും കൂട്ടായ്മയും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു വിഷയമാണ്. പ്രാദേശിക തലത്തിലുള്ള അജപാലന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നത് ദേശീയ സഭയ്ക്ക് ഏറെ കരുത്തു പകരും. കാരുണ്യത്തിന്‍റേയും ക്ഷമയുടേയും സാക്ഷൃമേകുന്ന സഭ സമൂഹത്തിന്‍റെ അതിര്‍ത്തികളിലേക്കിറങ്ങി ചെല്ലണം. കുടുംബങ്ങളുടെ സംരക്ഷണവും, യുവജനങ്ങള്‍ക്കായുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കണം. അജപാലന ശുശ്രൂഷാ രംഗത്ത് സ്ത്രീകള്‍ നല്‍കുന്ന സംഭാവനകളുടെ പ്രധാന്യം ഒട്ടും കുറച്ചു കാണരുത്. അവര്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം.
സാമൂഹ്യരംഗത്ത്, മനുഷ്യാന്തസ്സ് ആദരിച്ചുകൊണ്ട് മനുഷ്യന്‍റെ സമഗ്രവികസനം ലക്ഷൃമിടുന്ന പദ്ധതികളില്‍ കത്തോലിക്കാ സഭയും ഭാഗഭാക്കാകണം. വിശിഷ്യാ ആതുരസേവനം, രോഗീ പരിചരണം, വിദ്യാഭ്യാസം, സമാധാന സംസ്ഥാപനം തുടങ്ങിയ മേഖലകള്‍ നിര്‍ണ്ണായകമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു വരെ നടത്തിയ പ്രഭാഷണങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നായിരുന്നു പതിനൊന്ന് പേജിലേറെയുള്ള ഈ സന്ദേശം. സന്ദേശത്തിന്‍റെ ഒരു പ്രതി വീതം ഓരോ മെത്രാന്‍മാര്‍ക്കും സമ്മാനിച്ച പാപ്പ അവരോട് വ്യക്തിപരമായി സംസാരിക്കാനും സമയം കണ്ടെത്തി.


വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.