2013-07-29 18:25:14

കര്‍ദിനാള്‍ തൊണിനിയുടെ നിര്യാണത്തില്‍ പാപ്പ അനുശോചിച്ചു


29 ജൂലൈ 2013, വത്തിക്കാന്‍
ഇറ്റാലിയന്‍ കര്‍ദിനാള്‍ എര്‍സിലിയോ തൊണിനിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ലളിതമായ ഭാഷയും മാതൃകാപരമായ ജീവിത സാക്ഷൃവും വഴി സുവിശേഷപ്രഘോഷണം നടത്തിയ ശ്രേഷ്ഠ പുരോഹിതനായിരുന്നു കാലം ചെയ്ത കര്‍ദിനാള്‍ തൊണിനിയെന്ന് റവെന്നാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലൊറെന്‍സോ ഗിസോണിയ്ക്കയച്ച അനുശോച സന്ദേശത്തില്‍ മാര്‍പാപ്പ അനുസ്മരിച്ചു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയും കര്‍ദിനാള്‍ തൊണിനിയുടെ വേര്‍പാടില്‍ അനുശോചിച്ചു.

റവെന്നാ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്താ കര്‍ദിനാള്‍ എര്‍സിലിയോ തൊണിനി (90) ജൂലൈ 28ന് പ്രാദേശിക സമയം പുലര്‍ച്ചേ 2 മണിക്ക് റവെന്നായിലെ സെന്‍റ്. തെരേസ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. കര്‍ദിനാളിന്‍റെ അന്തിമോപചാര ശുശ്രൂഷ ജൂലൈ 30ന് രാവിലെ റവെന്നയില്‍ നടക്കും.

* കര്‍ദിനാള്‍ തൊണിനി വിടപറഞ്ഞതോടെ കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍ സംഘത്തിന്‍റെ അംഗസംഖ്യ 202 ആയിക്കുറഞ്ഞു. അതില്‍ 80 വയസില്‍ താഴെയുള്ള 112 കര്‍ദിനാള്‍മാര്‍ക്കാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്. കര്‍ദിനാള്‍ സംഘത്തിലെ 90 പേര്‍ എണ്‍പതു വയസ് പിന്നിട്ടു കഴിഞ്ഞവരാണ്. കര്‍ദിനാള്‍ സംഘത്തിലെ 47 ഇറ്റാലിയന്‍ കര്‍ദിനാള്‍മാരില്‍ 27 പേര്‍ക്ക് വോട്ടവകാശമുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.