2013-07-29 18:28:11

അതിര്‍ത്തികളില്‍ നിന്നാരംഭിക്കേണ്ട അജപാലന ശുശ്രൂഷ


28 ജൂലൈ 2013, റിയോ ദി ജനീറോ
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 27ാം തിയതി ശനിയാഴ്ച റിയോയിലെ സെന്‍റ് സെബാസ്ത്യന്‍ കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ 28ാം ആഗോള യുവജനസംഗമത്തില്‍ യുവജനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സഭാമേലധ്യക്ഷന്‍മാരും വൈദികരും സന്ന്യസ്തരും, സംഗമത്തില്‍ പങ്കെടുക്കുന്ന സെമിനാരി വിദ്യാര്‍ത്ഥികളും സന്ന്യാസാര്‍ത്ഥിനികളും സംബന്ധിച്ചു.

വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള ദിവ്യബലിക്രമമാണ് പോര്‍ച്ചുഗീസ് ഭാഷയില്‍ അര്‍പ്പിക്കപ്പെട്ട വി.കുര്‍ബ്ബാനയ്ക്ക് ഉപയോഗിച്ചത്.
മാര്‍പാപ്പ ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശം പോര്‍ച്ചുഗീസ് ഭാഷയിലാണ് ആരംഭിച്ചതെങ്കിലും താമസിയാതെ മാതൃഭാഷയായ സ്പാനിഷിലേക്ക് ചുവടുമാറ്റി.

ദൈവവിളി സ്വീകരിച്ചവര്‍, സുവിശേഷ പ്രഘോഷണത്തിനായി വിളിക്കപ്പെട്ടിരിക്കുന്നവര്‍, സമാഗമ സംസ്ക്കാരം (culture of encounter) പ്രോത്സാഹിപ്പിക്കാനായി ക്ഷണിക്കപ്പെട്ടിരിക്കുന്നവര്‍ എന്നീ മൂന്ന് കേന്ദ്രപ്രമേയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മാര്‍പാപ്പയുടെ വചനപ്രഘോഷണം.
ഫ്രാന്‍സിസ് പാപ്പായുടെ വചന സന്ദേശത്തിന്‍റെ സംഗ്രഹം ചുവടെ ചേര്‍ക്കുന്നു:

ദൈവത്തിന്‍റെ വിളി സ്വീകരിച്ചവര്‍: അനുദിന ജീവിതത്തിലെ തിരക്കേറിയ പരിപാടികള്‍ക്കിടയില്‍ നാം വിസ്മരിച്ചുകൂടാത്ത യാഥാര്‍ത്ഥ്യമാണിത്. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ “ഇനിമേല്‍ ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” എന്ന ബോധ്യത്തോടെ വേണം നാം ജീവിക്കാന്‍. ‘ക്രിസ്തുവിലുള്ള ജീവിതം’ നമ്മുടെ ഓരോ വാക്കിലും പ്രവര്‍ത്തിയിലും പ്രകടമാകണം. ക്രിസ്തുവിലുള്ള ഈ ജീവിതമാണ് നമ്മുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ഫലമണിയിക്കുന്നത്. സര്‍ഗാത്മകതയും ആസൂത്രണ മികവും കൂടിക്കാഴ്ച്ചകളും മാത്രമല്ല നമ്മുടെ അജപാലന ശുശ്രൂഷ ഫലദായകമാക്കുന്നത്. അത് ക്രിസ്തുവിനോടുള്ള നമ്മുടെ വിശ്വസ്തതയേക്കൂടി ആശ്രയിച്ചിരിക്കുന്നു. “നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമായിക്കു” മെന്ന ക്രിസ്തു വചനം നമ്മുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് പ്രാര്‍ത്ഥനയും, ദിവ്യകാരുണ്യവും ജീവകാരുണ്യ പ്രവര്‍ത്തികളും വഴിയായി നാം യേശുവിനെ ധ്യാനിക്കുകയും, ആരാധിക്കുകയും, ആശ്ലേഷിക്കുകയും ചെയ്യുമ്പോഴാണ്. വാഴ്ത്തപ്പെട്ട മദര്‍ തെരേസ ഒരിക്കല്‍ പറഞ്ഞതുപോലെ “ദരിദ്രരില്‍, ക്രിസ്തുവിനെ ശുശ്രൂഷിക്കാന്‍ നമുക്ക് അവസരമേകുന്ന ഈ ദൈവവിളിയില്‍ നമുക്ക് അഭിമാനകരമാണ്”. വിശുദ്ധമായ അള്‍ത്താരയെ സമീപിക്കുന്നതുപോലെ, ചേരികളിലേയും ആതുരാലയങ്ങളിലേയും എളിയ സഹോദരരുടെ പക്കലേക്ക് ആനന്ദത്തോടെ നമുക്ക് കടന്നുചെല്ലാം.
സുവിശേഷ പ്രഘോഷണത്തിനായി വിളിക്കപ്പെട്ടിരിക്കുന്നവര്‍: യുവജനങ്ങളെ ക്രിസ്തുവിന്‍റെ പ്രേഷിതരാകാന്‍ ഒരുക്കാന്‍ നമുക്ക് കടമയുണ്ട്. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും പ്രഷിതദൗത്യത്തില്‍ പങ്കുകാരാണെന്നും ക്രിസ്തീയ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ധര്‍മ്മമാണിതെന്നും അവര്‍ക്കു മനസിലാക്കിക്കൊടുക്കണം. ഒരു മിഷനറിയായി ജപ്പാനില്‍ പോയി ശുശ്രൂഷചെയ്യാന്‍ ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ മാതൃരാജ്യമാണ് എന്‍റെ മിഷന്‍ കേന്ദ്രമെന്ന് വൈകാതെ എനിക്ക് ബോധ്യമായി. സ്വന്തം നാടും, വീടും, വിദ്യാലയവും, ജോലിസ്ഥലവും, കൂട്ടുകാരുമൊക്കെയാണ് തന്‍റെ സുവിശേഷവല്‍ക്കരണ മേഖലയെന്ന അവബോധം യുവജനങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. നമ്മുടെ അജപാലന ശുശ്രൂഷ സമൂഹത്തിന്‍റെ അതിര്‍ത്തികളില്‍ നിന്നാരംഭിക്കാം. സഭയില്‍ നിന്ന് വിദൂരസ്ഥരായിരിക്കുന്നവരില്‍ നിന്ന്, പള്ളിയില്‍ വരാത്തവരുടെ സമീപത്തുനിന്ന്, ധൈര്യപൂര്‍വ്വം നമ്മുടെ അജപാലന ശുശ്രൂഷ ആരംഭിക്കാം. കാരണം അവരും കര്‍ത്താവിന്‍റെ വിരുന്നില്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നവരാണ്.
സമാഗമ സംസ്ക്കാരം പ്രോത്സാഹിപ്പിക്കാനായി വിളിക്കപ്പെട്ടിരിക്കുന്നവര്‍: പാര്‍ശ്വവല്‍ക്കരണത്തിന്‍റേയും പാഴ്ച്ചെലവിന്‍റേയും സംസ്ക്കാരം വളരുന്ന കാലമാണിത്. വയോധികര്‍ക്കും ആഗ്രഹിക്കാതിരുന്ന കുഞ്ഞിനുമെല്ലാം ഇവിടെ ഇടം നിഷേധിക്കപ്പെടുന്നു. ‘പ്രായോഗികത’യും ‘കാര്യക്ഷമത’യുമാണോ വ്യക്തിബന്ധങ്ങളെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളെന്ന് സംശയിച്ചുപോകുന്ന അവസ്ഥ!
പ്രിയ മെത്രാന്‍മാരേ, വൈദികരേ, വൈദിക സന്ന്യസ്ത അര്‍ത്ഥികളേ, ഈ സാംസ്ക്കാരിക കുത്തൊഴുക്ക് പ്രതിരോധിക്കാന്‍ - ഒഴുക്കിനെതിരേ നീന്താന്‍ - പരിശീലിക്കുവിന്‍. കൂട്ടായ്മയുടേയും സമാഗമസംസ്ക്കാരത്തിന്‍റേയും ശുശ്രൂഷകരായിരിക്കണം നിങ്ങള്‍. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, സാഹോര്യത്തിന്‍റേയും ഐക്യദാര്‍ഢ്യത്തിന്‍റേയും സംസ്ക്കാരം നമ്മുടെ സമൂഹത്തെ കൂടുതല്‍ മനുഷ്യോചിതമാക്കും.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.