2013-07-27 22:43:09

മുസ്ലിം സഹോദരങ്ങള്‍ക്ക്
പാപ്പാ ഫ്രാന്‍സിസിന്‍റെ റംസാന്‍ ആശംസകള്‍


28 ജൂലൈ 2013, വത്തിക്കാന്‍
പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും ദാനധര്‍മ്മങ്ങളുടെയും റംസാന്‍ മാസത്തിന് സമാപനം കുറിച്ചുകൊണ്ട് നിങ്ങള്‍ക്ക് ‘ഇദ്-ഉല്‍-ഫിത്വിര്‍’ ആശംസകള്‍ നേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

വര്‍ഷംതോറും ഈ സുദിനത്തില്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ വത്തിക്കാനില്‍നിന്നും നിങ്ങളുടെ ചിന്തയ്ക്കായി ‘ഇദ്-ഉല്‍-ഫിത്വിര്‍’ സന്ദേശം അയയ്ക്കുന്ന പാരമ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്‍റെ സ്ഥാനപ്രാപ്തിയുടെ പ്രഥമ വര്‍ഷത്തില്‍ മുസ്ലീം സഹോദരങ്ങളോട് എനിക്കുള്ള ആദരവിന്‍റെയും സൗഹൃദത്തിന്‍റെയും പ്രതീകമായി ഈ സന്ദേശം നിങ്ങള്‍ക്ക്, വിശിഷ്യ മതനേതാക്കള്‍ക്ക് അയക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ആഗോള സഭയുടെ പരമാദ്ധ്യക്ഷനായി കര്‍ദ്ദിനാള്‍ സംഘം എന്നെ തിരഞ്ഞെടുത്തപ്പോള്‍ സ്വീകരിച്ച സ്ഥാനിക നാമം ‘ഫ്രാന്‍സിസ്’ എന്നാണ്. മനുഷ്യരെ ആഴമായി സ്നേഹിച്ചതിനാല്‍ ‘വിശ്വസഹോദരന്‍’ എന്നു വിളിക്കപ്പെട്ട മഹാസിദ്ധനാണ് അസ്സീസിയിലെ ഫ്രാന്‍സിസ്. അദ്ദേഹം പാവങ്ങളെയും രോഗികളെയും നിര്‍ദ്ധനരേയും സ്നേഹിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. അതുപോലെതന്നെ ഈ പ്രപഞ്ചത്തെയും പ്രകൃതിയെയും സ്നേഹിച്ച വ്യക്തിയാണ് വിശുദ്ധ ഫ്രാന്‍സിസ്.

കുടുംബ ജീവിതത്തിനും സാമൂഹ്യ ജീവിതത്തിനും മുസ്ലീം സമുദായം സവിശേഷ പ്രാധാന്യം നല്കുന്ന നാളുകളാണ് റംസാനെന്നും എനിക്കറിയാം. വിശ്വാസത്തിന്‍റെയും അത് ജീവിക്കുന്നതിന്‍റെയും രണ്ടു തലങ്ങള്‍ എടുക്കുകയാണെങ്കില്‍ ക്രൈസ്തവരും മുസ്ലീങ്ങളും തമ്മില്‍ ജീവിതക്രമത്തില്‍ ഏറെ സാമ്യമുണ്ട്. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ ‘വിദ്യാഭ്യാസത്തിലൂടെ പരസ്പര ബഹുമാനം വളര്‍ത്തുക’–എന്ന ചിന്തയാണ് ഇക്കുറി നിങ്ങളുമായി പങ്കുവയ്ക്കുവാന്‍
ഞാന്‍ ആഗ്രഹിക്കുന്നത്.

വിദ്യാഭ്യാസത്തിലൂടെ നാം അന്യോന്യം അറിയണമെന്നും പരസ്പര ബഹുമാനത്തില്‍ വളരണമെന്നുമാണ് ഇതുവഴി ഞാന്‍ ആഗ്രഹിക്കുന്നത്. നാം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളോട് കാണിക്കുന്ന കാരുണ്യത്തിന്‍റെ മനോഭാവമാണ് ആദരവ്. പാരസ്പര്യം എന്നാല്‍ ഒരിക്കലും ഏകപക്ഷീയമായ പ്രക്രിയയല്ല, ഇരുകൂട്ടരും പങ്കുവച്ചും സ്നേഹിച്ചും ജീവിക്കുന്ന യാഥാര്‍ത്ഥമായ ജീവിത പരിസരമാണത്.

വ്യക്തികളുടെ ജീവനും, ആരോഗ്യവും, അന്തസ്സും; അതില്‍നിന്നും ഉയരുന്ന അവകാശങ്ങളും, സല്‍പ്പേരും, സമൃദ്ധിയും; വംശീയവും സാംസ്ക്കാരികവുമായ വ്യക്തിഗത തനിമയും, ആശയങ്ങളും, രാഷ്ട്രീയ നിലപാടുകളും മാനിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് അവരുടെ സാന്നിദ്ധ്യത്തില്‍ മാത്രമല്ല അസാന്നിദ്ധ്യത്തില്‍പ്പോലും എപ്പോഴും എവിടെയും നന്നായി ചിന്തിക്കാനും, ആദരവോടെ സംസാരിക്കാനും, സംവദിക്കുവാനും സാധിക്കണം. അന്യായമായ വിമര്‍ശനവും മാനഹാനിയും ഒഴിവാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഈ ലക്ഷൃം പ്രാപിക്കുന്നതില്‍ കുടുംബങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാലയങ്ങള്‍ക്കും, അതുപോലെ ആധുനിക മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്.

മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്‍റെ മേഖലയില്‍, വിശിഷ്യ ക്രൈസ്തവ-മുസ്ലീം ബന്ധങ്ങളില്‍ ഓരോ മതത്തിന്‍റെയും പ്രബോധനങ്ങളും, മൂല്യങ്ങളും അടയാളങ്ങളും മാനിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. മതനേതാക്കള്‍ക്കും പ്രാര്‍ത്ഥനാലയങ്ങള്‍ക്കും, അതുപോലുള്ള പുണ്യസ്ഥലങ്ങള്‍ക്കും അവ അര്‍ഹിക്കുന്ന ആദരവും സംരക്ഷണവും നല്കേണ്ടതുണ്ട്. അവയോടു കാണിക്കുന്ന അധിക്രമം വേദനാജനകമാണ്! ഇതര മതങ്ങളോട് നാം ബഹുമാനം പുലര്‍ത്തിക്കൊണ്ട് അവരുടെ ആഘോഷങ്ങളില്‍ ആശംസകള്‍ നേരുമ്പോള്‍, അവരുടെ വിശ്വാസ ബോധ്യങ്ങളെക്കുറിച്ച് പരാമര്‍ശമൊന്നും നടത്താതെതന്നെ അവരുടെ സന്തോഷത്തില്‍ നാം പങ്കുചേരുകയാണ്.



യുവജനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ചു പറയുമ്പോള്‍, അവര്‍ ഇതര മതങ്ങളുടെ ബോദ്ധ്യങ്ങളെയും ആചാരങ്ങളെയും അപമാനിക്കുകയോ, തരംതാഴ്ത്തുകയോ ചെയ്യാതിരിക്കുക മാത്രമല്ല, മറിച്ച്
മറ്റു മതങ്ങളെയും മതസ്ഥരെയുംകുറിച്ച് മാന്യമായി സംസാരിക്കുവാനും ശ്രമിക്കേണ്ടതാണ്.
പരസ്പര ബഹുമാനം മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാനമാണെന്ന സത്യം പ്രഖ്യാപിത മതസ്ഥര്‍ അറിഞ്ഞിരിക്കേണ്ടതാണ്. അങ്ങനെയാണ് നാം ആത്മാര്‍ത്ഥവും സുസ്ഥിരവുമായ സുഹൃദ്ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത്.

കഴിഞ്ഞ മാര്‍ച്ച് 22-ാം തിയതി എതാനും രാജ്യങ്ങളുടെ വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികളെ സ്വീകരിച്ചുകൊണ്ട് ഞാന്‍ പങ്കുവച്ച ചിന്ത ഓര്‍ക്കുകയാണ്: മനുഷ്യരെ അവഗണിച്ചുകൊണ്ട് നമുക്ക് ദൈവവുമായി യഥാര്‍ത്ഥ ബന്ധം പുലര്‍ത്താനാവില്ല. അതിനാല്‍ മതങ്ങള്‍ തമ്മിലുള്ള സംവാദം ഇനിയും മെച്ചപ്പെടുത്തേണ്ടതും വളര്‍ത്തേണ്ടതുമാണ്, വിശിഷ്യാ ഇസ്ലാം ക്രൈസ്തവ മതങ്ങള്‍ തമ്മിലുള്ള സംവാദം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതാണ്. എന്‍റെ സ്ഥാനാരോഹണ കര്‍മ്മത്തില്‍ വിവിധ മതനേതാക്കള്‍, വിശിഷ്യ മുസ്ലീം നേതാക്കള്‍ സന്നിഹിതരായിരുന്നത് സന്തോഷത്തോടെ അനുസ്മരിക്കുന്നു. വിശ്വാസികള്‍ തമ്മില്‍, പ്രത്യേകിച്ച് ക്രൈസ്തവ മുസ്ലിം സഹോദരങ്ങള്‍ തമ്മില്‍ എല്ലായിടങ്ങളിലും സ്നേഹവും സഹകരണവും പരിപോഷിപ്പിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഈ റംസാന്‍ സന്ദേശത്തിലൂടെ ഒരിക്കല്‍ക്കൂടി ഏവരെയും അനുസ്മരിപ്പിക്കുന്നു.

ക്രൈസ്തവരും മുസ്ലീങ്ങളും വിദ്യാഭ്യാസത്തിലൂടെ പരസ്പര ബഹുമാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രയോക്താക്കളാകണമെന്ന് ഞാന്‍ സ്നേഹപൂര്‍വ്വം ഊന്നിപ്പറയട്ടെ.
നിങ്ങള്‍ക്കേവര്‍ക്കും എന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍! ജീവിതങ്ങള്‍കൊണ്ട് നാം മഹത്വപ്പെടുത്തുന്ന സര്‍വ്വശക്തന്‍ ഏവര്‍ക്കും സന്തോഷവും സമാധാനവും പ്രദാനംചെയ്യട്ടെ!!

ഹൃദ്യമായ റംസാന്‍ ആശംസകളോടെ വത്തിക്കാനില്‍നിന്നും
20 ജൂലൈ 2013.
+ പാപ്പാ ഫ്രാന്‍സിസ്

Original document published by the Pontifical Council for Interreligious Dialogue. Translated : william nellikal, Vatican Radio








All the contents on this site are copyrighted ©.