2013-07-26 17:48:30

യുവാക്കള്‍ ഒച്ചപ്പാടുണ്ടാക്കണമെന്ന് പാപ്പായുടെ ആഗ്രഹം


26 ജൂലൈ 2013, റിയോ ദി ജനീറോ
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബ്രസീല്‍ സന്ദര്‍ശനത്തിന്‍റെ അജണ്ടയില്‍ ഇല്ലാതിരുന്ന ഒരു പരിപാടിയ്ക്ക് ഇന്നലെ റിയോ ദി ജനീറോ സാക്ഷിയായി. ഫ്രാന്‍സിസ് പാപ്പയുടെ മാതൃരാജ്യമായ അര്‍ജന്‍റീനയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘവുമായി റിയോയിലെ സെന്‍റ്. സെബാസ്ത്യന്‍ ബസിലിക്കയില്‍ പാപ്പ നടത്തിയ കൂടിക്കാഴ്ച്ച. അര്‍ജന്‍റീനാക്കാരായ തീര്‍ത്ഥാടകര്‍ക്കും ഫ്രാന്‍സിസ് പാപ്പായ്ക്കും ഒരുപോലെ ആനന്ദമേകിയ കൂടിക്കാഴ്ച്ചയായിരുന്നു അത്.
ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടും മുന്‍പ് കര്‍ദിനാള്‍ ബെര്‍ഗോളിയോ നയിച്ച ബുവെനെസ് അയിരെസ് അതിരൂപതയില്‍ നിന്നുള്ള വലിയൊരു സംഘവും അക്കൂട്ടത്തുണ്ടായിരുന്നു. ആഗോളയുവജനസംഗമത്തില്‍ മതബോധനക്ലാസുകള്‍ നല്‍കാനെത്തിയ അര്‍ജന്‍റീനയിലെ മെത്രാന്‍മാരും പാപ്പായെ കാണാനെത്തി. ബസിലിക്കയില്‍ ഇടം കിട്ടാതിരുന്ന മൂവായിരത്തോളം പേര്‍ ഭഗ്നാശരാകാതെ കനത്ത മഴയും കൊണ്ട് ബസിലിക്കയ്ക്കു പുറത്ത് തിങ്ങിക്കൂടി.
തന്‍റെ പഴയ അതിരൂപതയിലെ വിശ്വാസികളേയും സഹപ്രവര്‍ത്തകരേയും കാണാന്‍ അവസരം ലഭിച്ച പാപ്പ കഴിയുന്നത്ര പേര്‍ക്ക് ഹസ്തദാനം നല്‍കാനും കുശലാന്വേഷണം നടത്താനും ശ്രമിച്ചു. അവരുടെ ഇടയിലേക്കിറങ്ങി അവരോരുത്തരോടും അടുത്തിടപഴകാന്‍ ആഗ്രഹമുണ്ടെങ്കിലും സുരക്ഷകാരണങ്ങളാല്‍ അതിനു സാധിക്കുകയില്ലെന്ന് വ്യക്തമാക്കിയ പാപ്പ, കൂട്ടിലടയ്ക്കപ്പെട്ട പ്രതീതിയിലാണ് താനെന്ന് അവരോട് പറഞ്ഞു. തന്‍റെ പ്രിയപ്പെട്ട അര്‍ജന്‍റീനയിലെ യുവജനങ്ങളോട് മാതൃഭാഷയില്‍ സംസാരിക്കാന്‍ പാപ്പ ഈ അവസരം വിനിയോഗിച്ചു.

“നിങ്ങളില്‍ നിന്ന് ഞാനെന്താണ് പ്രതീക്ഷിക്കുന്നതെന്നോ? നിങ്ങള്‍ ഒച്ചപാടുണ്ടാക്കണം. രൂപതകളില്‍ അടച്ചുപൂട്ടിയിരിക്കാതെ പുറത്തേക്കിറങ്ങണം, തെരുവിലേക്കിറങ്ങി വരുന്ന സഭയേയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലൗകികതയും സുഖലോലുപതയും ഉപേക്ഷിച്ച് പുറത്തേക്കിറങ്ങാന്‍ നാം തയ്യാറാകണം. വെറുമൊരു സര്‍ക്കാരേതിര സ്ഥാപനമല്ല സഭ, സഭയുടെ ജീവല്‍സ്പന്ദനം സമൂഹത്തിലെങ്ങും തുടിക്കണം.
പണത്തോടുള്ള വിഗ്രഹാരാധനയിലേക്ക് നീങ്ങുന്ന സമൂഹമാണ് ഇന്നത്തേത്. ഉപയോഗശൂന്യമായത് പുറംതള്ളുന്ന മനോഭാവം ഇന്നിന്‍റെ ജീവിത ശൈലിയായി മാറിയിരിക്കുന്നു. മുഖ്യധാരയില്‍ നിന്ന് പുറം തള്ളപ്പെടുന്ന രണ്ട് സാമൂഹ്യ വിഭാഗങ്ങളാണ് യുവജനങ്ങളും വയോധികരും. സംസാരിക്കാനും കര്‍മ്മനിരതരാകാനും അവസരം നിഷേധിച്ച് വയോധികരെ നാം അദൃശ്യമായി ദയാവധത്തിനിരയാക്കുന്നു. യുവജനങ്ങള്‍ക്കും സംഭവിക്കുന്നത് അതു തന്നെയാണ്. അന്തസോടെ ജോലിചെയ്തു ജീവിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നില്ല. സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് യുവത്വം പുറന്തള്ളപ്പെടുന്നതിന്‍റെ മുഖ്യകാരണങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. ഈയവസ്ഥയ്ക്കൊരു മാറ്റമുണ്ടാക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം. വയോധികര്‍ സംസാരിക്കണം, തങ്ങളുടെ അനുഭപരിജ്ഞാനവും വിവേകവും ഭാവിതലമുറയോട് അവര്‍ പങ്കുവയ്ക്കണം.
വയോധികരേ, യുവജനങ്ങളേ സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെടേണ്ടവല്ല നിങ്ങള്‍. പാര്‍ശ്വവല്‍ക്കരിക്കാന്‍ നിങ്ങള്‍ ആരേയും അനുവദിക്കുകയുമരുത്.
ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുവിന്‍. നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായി രണ്ട് സുവിശേഷഭാഗങ്ങള്‍ നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു. സുവിശേഷഭാഗ്യങ്ങളും വി.മത്തായിയുടെ സുവിശേഷം 25ാം അദ്ധ്യായത്തിലെ അന്തിമ വിധിയെക്കുറിച്ചുള്ള ഉത്ബോധനവും(മത്താ.25: 31-45). ഈ രണ്ട് സുവിശേഷഭാഗങ്ങളും നിങ്ങളുടെ പാതയില്‍ വെളിച്ചമായിരിക്കട്ടെ”..... (അര്‍ജന്‍റീനയില്‍ നിന്നുള്ള തീര്‍ത്ഥാടകസംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പാപ്പ നല്‍കിയ സന്ദേശത്തിന്‍റെ സംഗ്രഹം)
അവരുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ മാര്‍പാപ്പ തനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നും അവരോടഭ്യര്‍ത്ഥിച്ചു. അര്‍ജന്‍റീനാക്കാരുമായുള്ള സംഗമത്തിന്‍റെ സമാപനത്തില്‍ അര്‍ജന്‍റീനയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ ലൂഹാന്‍ നാഥയുടെ ഒരു തിരുസ്വരൂപം പാപ്പ ആശീര്‍വദിച്ചു. ഈ സ്വരൂപവും വഹിച്ചുകൊണ്ട് അര്‍ജ്ജന്‍റീനയിലുടനീളം മരിയന്‍ തീര്‍ത്ഥാടനം നടത്താന്‍ അര്‍ജ്ജന്‍റീനയിലെ മെത്രാന്‍ സമിതി തിരുമാനിച്ചിട്ടുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ









All the contents on this site are copyrighted ©.