2013-07-24 20:40:14

കര്‍ദ്ദിനാള്‍ പിമെന്തയ്ക്ക്
യാത്രാമൊഴി


24 ജൂലൈ 2013, മുമ്പൈ
ഭാരതസഭയുടെ യുവജന പ്രസ്ഥാനത്തിന്‍റെ പ്രയോക്താവായിരുന്നു കാലംചെയ്ത കര്‍ദ്ദിനാള്‍ സൈമണ്‍ പിമേന്തയെന്ന്, മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.
ജൂലൈ 24-ാം തിയതി ബുധനാഴ്ച വൈകുന്നേരം മൂമ്പൈ അതിരൂപതാ ഭദ്രാസന ദേവാലയത്തില്‍ നടന്ന അന്തിമോപചാര ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രസ്താവിച്ചത്.

ബ്രസീലിലെ റിയോ നഗരത്തില്‍ 28-ാമത് ലോകയുവജന മേളയുടെ തിരശ്ശീല ഉയര്‍ന്ന ശുഭമുഹൂര്‍ത്തത്തില്‍ നാം യാത്രാമൊഴി ചൊല്ലുന്ന കര്‍ദ്ദിനാള്‍ പിമേന്ത മുമ്പൈ അതിരൂപതയുടെ മാത്രമല്ല, ദേശീയ മെത്രാന്‍ സമിതിയുടെ യുവജന പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ച യുവജനങ്ങളുടെ സുഹൃത്തും ആത്മീയ പിതാവുമായിരുന്നെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. മുമ്പൈ അതിരൂപതയുടെ പ്രഥമ തദ്ദേശിയ മെത്രാപ്പോലീത്തായും, ഭാരത സഭയുടെ പ്രഥമ കര്‍ദ്ദിനാളുമായിരുന്ന വലേറിയന്‍ ഗ്രേഷ്യസ് (1950-1978) തിരുമേനിയുടെ പിന്‍ഗാമിയായിട്ട്, 1978-ലാണ് കര്‍ദ്ദിനാള്‍ സൈമണ്‍ പിമേന്താ മുമ്പൈ അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്തതെന്ന ചരിത്രം കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു.

ഉദാരമതിയും ലാളിത്വത്തിന്‍റെ മൂര്‍ത്തീഭാവവുമായിരുന്ന കര്‍ദ്ദിനാള്‍ പിമേന്താ, തീക്ഷ്ണമതിയായ ജീവന്‍റെ സംരക്ഷകനും, യുവജനപ്രേഷിതനും ഭാരത സഭയുടെ മാത്രമല്ല ആഗോള സഭയുടെ ദാര്‍ശനികനുമായിരുന്നെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുകൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.

1996-ല്‍ സ്ഥാനത്യാഗംചെയ്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. 93-ാമത്തെ വയസ്സില്‍ വാര്‍ദ്ധ്യസഹജമായ രോഗങ്ങളാലാണ് കര്‍ദ്ദിനാള്‍ പിമേന്ത കാലംചെയ്തത്. മുമ്പൈ അതിരൂപതിയുടെ 8-മത്തെ മെത്രാപ്പോലീത്തായും ഭാരത സഭയിലെ രണ്ടാമത്തെ തദ്ദേശിയ കര്‍ദ്ദിനാളുമായിരുന്നു വിശുദ്ധിയുള്ള വൈദികനും, നല്ലിടയനുമായിരുന്ന ആര്‍ച്ചുബിഷപ്പ് സൈമണ്‍ പിമേന്തായെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിവരിച്ചു.
Reported : nellikal, mumbai archdiocese news








All the contents on this site are copyrighted ©.