2013-07-24 20:53:23

ഈശ്വരവിശ്വാസത്തിന്‍റെ
പ്രതീകമാണ് അനുതാപം


24 ജൂലൈ 2013, റോം
പാപമോചനത്തിലുള്ള വിശ്വാസം ദൈവത്തിലുള്ള വിശ്വാസമാണെന്ന്, ദൈവശാസ്ത്ര പണ്ഡിതന്‍, ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു. ജൂലൈ 23-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ മതബോധന പരമ്പരയിലാണ് ഫാദര്‍ കൊവാല്‍സിക്ക് ഇങ്ങനെ വ്യക്തമാക്കിയത്.

ദൈവത്തിനു മാത്രമേ മനുഷ്യന്‍റെ പാപങ്ങള്‍ മോചിക്കാനുള്ള കരുത്തുള്ളുവെന്നും ആകയാല്‍ പാപമോചനത്തിലൂടെ ദൈവത്തിലുള്ള വിശ്വാസമാണ് ഏറ്റുപറയുന്നതെന്ന്, റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍കൂടിയായ ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു. പാപമോചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു എന്ന വിശ്വാസപ്രമാണ സംജ്ഞ ക്രൈസ്തവര്‍ ഏറ്റുചൊല്ലുമ്പോള്‍, രക്ഷിതാവായ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും, ദൈവത്തിനു മാത്രമേ പാപങ്ങള്‍ ക്ഷമിക്കാവാന്‍ കരുത്തുള്ളൂ എന്നും ഏറ്റുപറയുകയാണെന്നും ഫാദര്‍ കൊവാല്‍സിക്ക് വ്യാഖ്യാനിച്ചു. ഇക്കാരണംകൊണ്ടാണ് തളര്‍വാത രോഗിയോട് ക്രിസ്തു പറഞ്ഞത്, മകനേ നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. യഹൂദര്‍ അത് ദൈവദൂഷണമായി വ്യാഖ്യാനിച്ചു. കാരണം ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപങ്ങള്‍ ക്ഷമിക്കുവാന്‍ കഴിവുള്ളത് (മത്തായി 25, 6). എന്നാല്‍ ക്രിസ്തു സത്യം പറയുകയായിരുന്നു, കാരണം അവിടുന്ന് സത്യദൈവവും സത്യമനുഷ്യനുമായിരുന്നു. അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്‍റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു. ഈ കൃപ അവിടുത്തെ ജ്ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിയപ്പെട്ടിരിക്കുന്നു, എന്നാണ് പൗലോശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത്. (എഫേസിയര്‍ 1, 7-8). പാപത്തെക്കുറിച്ചുള്ള ചിന്ത നമ്മെ അസ്വാതന്ത്ര്യത്തിലാഴ്ത്തുന്നു. പാപത്തിന്‍റെ കരിനിഴലും നിഷേധാത്മക യാഥാര്‍ത്ഥ്യവും നമ്മുടെ വ്യക്തിത്വത്തിന്‍റെയും ജീവിതത്തിന്‍റെയും ഭാഗവും ഭാഗധേയവുമാണ്. സകല യാഥാര്‍ത്ഥ്യങ്ങളുടെയും അധിപനും അതിനാഥനുമായ ദൈവത്തിന്, ദൈവത്തിനു മാത്രമേ നമ്മുടെ പാപങ്ങള്‍ പൊറുക്കാനും മായിച്ചു കളയുവാനും കരുത്തുള്ളൂവെന്ന് ഫാദര്‍ കൊവാല്‍സിക്ക് സഭാപ്രബോധനങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരീകരിച്ചു.

പാപങ്ങളുടെ പൊറുതിയെ ക്രിസ്തു വിശ്വസത്തോടും മാമ്മോദീസയോടും ബന്ധിപ്പിച്ചിരിക്കുന്നു. “നിങ്ങള്‍ ലോകമെങ്ങുംപോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിക്കുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും.” മാമോദീസയാണു പാപങ്ങളുടെ പൊറുതിക്കുള്ള പ്രഥമവും പ്രധാനവുമായ കൂദാശ. എന്തുകൊണ്ടെന്നാല്‍ നാമും പുതിയ ജീവിതം നയിക്കേണ്ടതിന് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും നമ്മുടെ നീതീകരണത്തിനായി ഉത്ഥാനംചെയ്യുകയും ചെയ്ത ക്രിസ്തുവിനോട് മാമ്മോദീസ നമ്മെ ഐക്യപ്പെടുത്തുന്നുവെന്ന് ഫാദര്‍ കൊവാല്‍സിക്ക് സഭാ പഠനങ്ങളെ അധികരിച്ച് പ്രസ്താവിച്ചു.

നമ്മെ വിശുദ്ധീകരിച്ച മാമ്മോദീസായുടെ നാളില്‍ സ്വീകരിച്ച പാപമോചനം പൂര്‍ണ്ണവും സമഗ്രവുമായിരുന്നു. അതുകൊണ്ട് നമ്മില്‍ മായ്ക്കപ്പെടുവാനുള്ള ഒന്നും അവശേഷിച്ചിട്ടില്ല, ഉത്ഭവപാപമോ നമ്മുടെ ഇഷ്ടപ്രകാരം നമ്മള്‍ ചെയ്ത തെറ്റുകളോ ഒന്നും ബാക്കിനില്ക്കുന്നില്ല. അവയ്ക്കു പരിഹാരം ചെയ്യാന്‍ സഹിക്കേണ്ട ഒരു ശിക്ഷയും അവശേഷിച്ചിരുന്നില്ല...
എന്നിരുന്നാലും, മാമ്മോദീസയുടെ കൃപാവരം ആരെയും പ്രകൃതിയുടെ ദൗര്‍ബല്യത്തില്‍നിന്നു മോചിപ്പിക്കുന്നില്ല. അതുകൊണ്ട് നമ്മെ നിരന്തരം തിന്മയിലേയ്ക്ക് നയിക്കുന്ന പാപാസക്തിയുടെ പ്രേരണകളോടു നാം പിന്നെയും സമരം ചെയ്യണമെന്നും, ഫാദര്‍ കൊവാല്‍സിക്ക് സഭ പഠനങ്ങളെ അധികരിച്ച് ഉദ്ബോധിപ്പിച്ചു.

എത്ര ഗൗരവമുള്ള പാപമായിരുന്നാലും സഭയ്ക്കു ക്ഷമിക്കാന്‍ കഴിയാത്ത തെറ്റൊന്നുമില്ലെന്നതാണ് സഭയുടെ അടിസ്ഥാന പഠനമെന്ന് ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി. ഒരുവന്‍ എത്ര ദുഷ്ടനും കുറ്റക്കാരനും ആയിരുന്നാലും അവന്‍റെ മനസ്താപം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍, ആത്മധൈര്യത്തോടെ പൊരുതി പ്രതീക്ഷിച്ച് ജീവിക്കാനാവുമെന്നും,. പാപത്തില്‍നിന്നും തിരിച്ചുവരുന്ന ഏതൊരുവന്‍റെയും മുമ്പില്‍ തന്‍റെ സഭയിലെ പാപമോചനത്തിന്‍റെ കവാടങ്ങള്‍ എപ്പോഴും തുറന്നു കിടക്കണമെന്ന് എല്ലാ മനുഷ്യര്‍ക്കുംവേണ്ടി മരിച്ച ക്രിസ്തു ആഗ്രഹിക്കുന്നു.
Reported : nellikal, sedoc









All the contents on this site are copyrighted ©.