2013-07-23 18:56:39

യുവജനങ്ങളെ തേടിയുള്ള
പാപ്പാ ഫ്രാന്‍സിസിന്‍റെ കന്നിയാത്ര


23 ജൂലൈ 2013, ഗ്വാദബാരാ ബ്രസീല്‍
ബ്രസീലിലെ റിയോ ഡി ജനൈരോ നഗരത്തില്‍ അരങ്ങേറുന്ന 28-ാമത് ലോക യുവജനമേളയ്ക്കായി വത്തിക്കാനില്‍നിന്നു ജൂലൈ 22-ന് പുറപ്പെട്ട പാപ്പാ ഫ്രാന്‍സിസിന് പ്രസിഡന്‍റ് മില്‍ഡാ റൂസ്സെയും ജനങ്ങളും ചേര്‍ന്നു നല്കിയ സ്വീകരണച്ചടങ്ങില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണം :

പാപ്പാ സ്ഥാനത്തുനിന്നുള്ള എന്‍റെ പ്രഥമ അപ്പസ്തോലിക അന്തര്‍ദേശിയ യാത്ര ലാറ്റിനമേരിക്കയിലേയ്ക്ക്, വിശിഷ്യാ ബ്രസീലിലേയ്ക്ക് ആയിരിക്കണമെന്നത് ദൈവനിയോഗമായി കണക്കാക്കുന്നു. പരിശുദ്ധ സിംഹാസനത്തോടും പത്രോസിന്‍റെ പിന്‍ഗാമിയോടും വിശ്വാസപരമായും വൈകാരികമായും അത്രത്തോളം ഐക്യപ്പെട്ടിരിക്കുന്ന രാഷ്ട്രമാണിത്. ഈ വരദാനത്തിന് ദൈവത്തിനു നന്ദിപറയുന്നു.

ബ്രസീലിയന്‍ ജനതയോട് അടുക്കണമെങ്കില്‍ അവരുടെ ഹൃദയത്തെ സ്പര്‍ശിക്കണമെന്ന് എനിക്കറിയാം. നിങ്ങളുടെ ഹൃദയകവാടത്തില്‍ ഞാന്‍ മുട്ടുകയാണ്. ഒരാഴ്ച നിങ്ങളൊടൊപ്പം ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കു തരാന്‍ എന്‍റെ പക്കല്‍ സ്വര്‍ണ്ണമോ വെള്ളിയോ ഇല്ല. എന്നാല്‍ എനിക്കുള്ള ഏറ്റവും വിലപിടിപ്പെട്ടത് ഞാന്‍ നിങ്ങള്‍ക്കു തരുന്നു, അത് ക്രിസ്തുവാണ്. ഞാന്‍ അവിടുത്തെ നാമത്തിലാണ് നിങ്ങളുടെ പക്കലേയ്ക്കു വരുന്നത്. എല്ലാ ഹൃദയങ്ങളിലും കത്തിയെരിയുന്ന അവിടുത്തെ ദിവ്യസ്നേഹം ഒന്നുകൂടെ നിങ്ങളില്‍ ആളിക്കത്തിക്കാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളില്‍ ഓരോരുത്തരിലും വീണ്ടും വന്നു വസിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.

പ്രസിഡന്‍റ് മില്‍ഡാ റൂസ്സേയ്ക്കും ഭരണാധിപന്മാര്‍ക്കും എന്‍റെ ഹൃദ്യമായ ആശംസകള്‍. ബ്രസീലിലെ ജനങ്ങളുടെ പേരില്‍ എന്നെ ഈ നാട്ടിലേയ്ക്ക് ക്ഷണിച്ചതിനും സ്വാഗതംചെയ്തതിനും നന്ദി. എന്നെ ഈ നഗരത്തില്‍ സ്വീകരിക്കുന്ന റിയോ സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ക്കും, ആരാധ്യനായ നഗരപിതാവിനും അഭിവാദ്യങ്ങള്‍! അതുപോലെ ഇവിടെ സന്നിഹിതരായിക്കുന്ന മറ്റു ഭരണസമിതി അംഗങ്ങള്‍ക്കും, വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ക്കും ആശംസകള്‍!! എന്‍റെ ഈ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ഏവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ദൈവത്തിന്‍റെ അജഗണത്തെ ആത്മീയമായി നയിക്കുന്ന ഇവിടത്തെ എല്ലാ മെത്രാന്മാര്‍ക്കും, പ്രാദേശിക സഭാദ്ധ്യക്ഷന്മാര്‍ക്കും സ്നേഹംനിറഞ്ഞ അഭിനന്ദനങ്ങള്‍! എന്‍റെ സന്ദര്‍ശനംവഴി ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്താനും, അവിടുന്നില്‍ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന പ്രത്യാശയെ പ്രോത്സാഹിപ്പിക്കുവാനും, അവിടുത്തെ സ്നേഹത്തിന്‍റെ വറ്റാത്ത സമൃദ്ധി ഏവരുമായി പങ്കുവയ്ക്കുവാനും ഇടയാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എന്‍റെ സന്ദര്‍ശന ലക്ഷൃം ബ്രസീലിന്‍റെയും അതിരുകള്‍ കടന്നുപോകുന്നതാണ്.
ഞാന്‍ ലോക യുവജനമേളയ്ക്കെത്തിയതാണല്ലോ. ‘തുറന്ന കരങ്ങളുമായി നില്കുന്ന ക്രിസ്തു’വിന്‍റെ ചാരത്ത് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയിരിക്കുന്ന യുവജനങ്ങളെ കാണാനും അവരുമായി സംവദിക്കുവാനുമാണ് ഞാന്‍ വന്നത്. രക്ഷകനായ ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തിലും ആശ്ലേഷത്തിലും സാന്ത്വനം തേടി എത്തിയവരാണ് അവര്‍. “നിങ്ങള്‍ ലോകമെങ്ങും പോയി സകലരെയും ശിഷ്യപ്പെടുത്തുവിന്‍,” എന്ന രക്ഷകനായ ക്രിസ്തുവിന്‍റെ വ്യക്തവും ശക്തവുമായ ദിവ്യസ്വരം ശ്രവിക്കാന്‍ എത്തിയതാണവര്‍.

ഇവിടെ എത്തിയിരിക്കുന്ന യുവജനങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നു. വിവിധ സംസ്ക്കാരങ്ങളില്‍ നിന്നുള്ളവരാണ്. അവരുടെ ഉന്നതവും പൊതുവുമായ എല്ലാ ആശകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ക്രിസ്തുവാണ് ഉത്തരം. സത്യത്തിനായുള്ള ഈ ദാഹവും ആത്മാര്‍ത്ഥമായ സ്നേഹവുമാണ് വൈവിധ്യങ്ങള്‍ക്കപ്പുറം അവരെ ഒന്നിപ്പിക്കുന്നത്.

യുവജനങ്ങളുടെ ഹൃദയത്തില്‍ തിങ്ങുന്ന ക്രിസ്തു-സ്നേഹത്തിന്‍റെ ഊര്‍ജ്ജം അതിതീക്ഷ്ണമാകയാല്‍ അവര്‍ അവിടുത്തെ ദിവ്യഹൃദയത്തില്‍ വസിക്കുന്നു. അങ്ങനെ യുവജനങ്ങളില്‍ ആത്മവിശ്വാസം കാണ്ടെത്തുന്ന ക്രിസ്തുവാണ് ‘ലോകമെങ്ങും പോയി സകലരെയും ശിഷ്യപ്പെടുത്തുവിന്‍’ എന്ന തന്‍റെ ദൗത്യത്തിന്‍റെ പ്രയോക്താക്കളായി യുവജനങ്ങളെ പറഞ്ഞയക്കുന്നത്. മനുഷ്യാതീതമായ പരിമിതികള്‍ക്കപ്പുറം സഹോദര്യത്തിന്‍റെ ലോകം വളര്‍ത്താന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. യുവജനങ്ങള്‍ക്ക് ക്രിസ്തുവില്‍ ആത്മവിശ്വാസമുണ്ട്. അവിടുത്തേയ്ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കാനും അവര്‍ സന്നദ്ധരാണ്. കാരണം ഒരിക്കലും ക്രിസ്തു തങ്ങളെ നിരാശരാക്കില്ലെന്ന് അവര്‍ക്കറിയാം. ഈ സന്ദര്‍ശനത്തില്‍ പലവട്ടം ഞാന്‍ യുവജനങ്ങളെ അഭിസംബോധനചെയ്യുമ്പോള്‍, ഈ പുതിയ തലമുറ ഭാഗമായിരിക്കുന്ന കുടുംബങ്ങളുമായും, അവരുടെ പ്രാദേശിയ ദേശീയ സഭകളുമായും സമൂഹങ്ങളുമായും സംവദിക്കുകയാണെന്ന് എനിക്കറിയാം.

‘കുട്ടികള്‍ തങ്ങളുടെ കണ്ണിലുണ്ണികളാണ്’ എന്നു മാതാപിതക്കള്‍ പറയുന്നത് ഇവിടെ സാധാരണമാണ്. ബ്രസീലിയന്‍ സംസ്കൃതിയുടെ സുന്ദരമായ പ്രയോഗമാണിത്. കാരണം, അറിവിന്‍റെ പ്രകാശം വ്യക്തിയിലെത്തിക്കുന്ന മനസ്സിന്‍റെ കവാടമാണ് കണ്ണ്, ആ കണ്ണിന്‍റെ കേന്ദ്രമാണ് മക്കളെന്ന ആശയം അര്‍ത്ഥവത്തും സന്ദരവുമാണ്. കണ്ണില്ലെങ്കിലുള്ള മനുഷ്യന്‍റെ അവസ്ഥയൊന്ന് ഓര്‍ത്തു നോക്കൂ. നമുക്കെങ്ങിനെ മുന്നോട്ടു പോകാനാവും. ഈ ചിന്തോദ്ദീപകമായ ചോദ്യം ഈ ദിവസങ്ങളില്‍ നമ്മോടോരോരുത്തരോടും ചോദിക്കേണ്ടതാണ്. യുവജനങ്ങളില്ലാതെ ഈ തലമുറ എങ്ങനെ മുന്നോട്ടുനീങ്ങും?

നമ്മെ വെല്ലുവിളിക്കുന്ന ഭാവിയുടെ ജാലകങ്ങളാണ് ഇന്നത്തെ യുവജനങ്ങള്‍. യുവതയുടെ വാഗ്ദാനങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടണമെങ്കില്‍ ഈ തലമുറ അവരെ ഉള്‍ക്കൊള്ളണം, അവരുടെ സമ്പൂര്‍ണ്ണ വികസനത്തിനാവശ്യമായ ആത്മീയവും ഭൗതികവുമായ സൗകര്യങ്ങള്‍ ഒരുക്കണം. അവരുടെ ജീവിതങ്ങള്‍ പടുത്തുയര്‍ത്താനുള്ള അടിത്തറ പാകണം, അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ വിദ്യാഭ്യാസവും സുരക്ഷയും എങ്ങനെയും ഉറപ്പുവരുത്തണം, അവരുടെ ജീവിതങ്ങളെ അര്‍ത്ഥസമ്പുഷ്ടമാക്കുന്ന മൂല്യങ്ങള്‍ കാണിച്ചുകൊടുക്കണം, നന്മയുടെ ക്രിയാത്മകതയ്ക്കും യഥാര്‍ത്ഥമായ സന്തോഷത്തിനുമുള്ള അവരുടെ ദാഹം ശമിപ്പിക്കുന്ന അതീന്ദ്രിയതയുടെ ചക്രവാളം തുറക്കണം, ജീവസംസ്ക്കാരം പ്രഘോഷിക്കുന്നൊരു ലോകത്തിന്‍റെ പൈതൃകം അവര്‍ക്ക് കൈമാറണം, ഭാവി ഭാഗധേയത്തിന്‍റെ പ്രയോക്താക്കളാകാനുള്ള അവരുടെ ഉള്‍ക്കരുത്ത് വളരാന്‍ അനുവദിക്കണം, മാനവികതയുടെ ഭാവി വളര്‍ച്ച അവരില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വമാണെന്നും മനസ്സിലാക്കിക്കൊടുക്കണം.

പരസ്പരം സൗഹൃദം പുലര്‍ത്താനും, സഹാനുഭാവത്തോടെ സ്നേഹ സംവാദത്തില്‍ ഏര്‍പ്പെടാനും ഏവരെയും ഞാന്‍ ക്ഷണിക്കുന്നു. ബ്രസീലിനെ മുഴുവനും അതിന്‍റെ മാനുഷികവും സാംസ്ക്കാരികവും, മതാത്മകവുമായ സമ്പന്നതയിലും സങ്കീര്‍ണ്ണതയിലും പാപ്പായുടെ ‘വിരിച്ച കരങ്ങളാല്‍’ ആശ്ലേഷിക്കുന്നു. ആമസോണ്‍ താഴ്വാരം മുതല്‍ പാമ്പാസ് മലയോരംവരെയ്ക്കും, ഉഷ്ണമേഖല പ്രദേശം മുതല്‍ തണുപ്പുള്ള പന്തനാള്‍ പ്രവിശ്യവരെയ്ക്കും, കുഗ്രാമങ്ങള്‍ മുതല്‍ അത്ഭുത നഗരങ്ങള്‍വരെയ്ക്കും, ആരെയും ഒഴിവാക്കാതെ, ഏവരെയും പാപ്പാ ഹാര്‍ദ്ദമായി ആശ്ലേഷിക്കട്ടെ. ദൈവം അനുഗ്രഹിച്ച് രണ്ടു ദിവസത്തിനകം നിങ്ങളെ എല്ലാവരെയും ദേശീയ മദ്ധ്യസ്ഥയായ അപ്പരിസീദായിലെ കന്യാകാനാഥയ്ക്കു സമര്‍പ്പിച്ച് ഞാന്‍ പ്രാര്‍ത്ഥിക്കും. നിങ്ങളുടെ എല്ലാ കുടുംബങ്ങളെയും സമൂഹങ്ങളെയും ഞാന്‍ അമ്മയുടെ മാതൃസംരക്ഷണയില്‍ സമര്‍പ്പിക്കുന്നു. ഏവരെയും ഞാന്‍ ആശിര്‍വ്വദിക്കട്ടെ.
ബസീല്‍ നല്കിയ ഹൃദ്യമായ വരവേല്പിനു നന്ദി പറഞ്ഞുകൊണ്ടാണ് പ്രസിഡന്‍റിനെയും മറ്റു രാഷ്ട്രപ്രതിനിധികളെയും അഭിസംബോധനചെയ്തുകൊണ്ടുള്ള തന്‍റെ പ്രഥമ പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്.
The orginal discourse in Potughese. Translated by william nellikal, Vatican Radio








All the contents on this site are copyrighted ©.