2013-07-22 15:17:38

ഫ്രാന്‍സിസ് പാപ്പ ബ്രസീലിലേക്ക്


22 ജൂലൈ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ ബ്രസീല്‍ പര്യടനത്തിന് തുടക്കം കുറിച്ചു. മാര്‍പാപ്പ സഞ്ചരിക്കുന്ന A330 എയര്‍ബസ് തിങ്കളാഴ്ച രാവിലെ 8.53ന് റോമിലെ ഫ്യൂമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പറയുന്നയര്‍ന്നു. ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വന്തം ബാഗും കയ്യില്‍ പിടിച്ചാണ് പാപ്പ വിമാനത്തില്‍ കയറിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്‍ററിക്കോ ലെത്ത മാര്‍പാപ്പയെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. 12 മണിക്കൂര്‍ നീളുന്ന വിമാന യാത്രയില്‍ 9201 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന മാര്‍പാപ്പയും സംഘവും 22ന് പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെ ബ്രസീലിലെ റിയോ ദി ജനീറോയിലെത്തും.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ വിദേശ അപ്പസ്തോലിക പര്യടനമാണ് ജൂലൈ 22 മുതല്‍ 28വരെ നടക്കുന്ന ബ്രസീല്‍ സന്ദര്‍ശനം. “ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” (മത്തായി 28, 19) എന്ന സുവിശേഷ സന്ദേശവുമായി ജൂലൈ 23 മുതല്‍ 28 വരെ ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടക്കുന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാനാണ് ഫ്രാന്‍സിസ് പാപ്പ ബ്രസീലിലെത്തുന്നത്. ലോകയുവജന സംഗമത്തിലെ പരിപാടികള്‍ക്കു പുറമേ അപ്പരെസിദയിലേക്കുള്ള തീര്‍ത്ഥാടനവും, സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലെ ലഹരിവിമുക്ത കേന്ദ്ര സന്ദര്‍ശനവും, വരിഹിന ചേരിപ്രദേശത്തെ ജനങ്ങളുമായുള്ള സ്നേഹസംവാദവും പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ അജണ്ടയിലുണ്ട്.

വത്തിക്കാനില്‍ നിന്ന് മാര്‍പാപ്പയോടൊത്ത് സഞ്ചരിക്കുന്നത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാളഅ‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്ചൂ, ലാറ്റിനമേരിക്കയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ക്ക് വെല്ലെ, റോമന്‍ കൂരിയായിലെ കാര്യാലയങ്ങളിലെ അദ്ധ്യക്ഷരില്‍ ഏക ബ്രസീലിയന്‍കാരനായ കര്‍ദിനാള്‍ ജ്യാവോ ബ്രാസ് ദെ ആവിസ്, വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാര്‍ദി തുടങ്ങിയവരാണ്. കൂടാതെ എഴുപതോളം മാധ്യമ പ്രവര്‍ത്തകരും പാപ്പയോടൊപ്പം വിമാനത്തിലുണ്ട്.

* ഗ്രീനിച്ച് സമയത്തിൽ നിന്നും 3 മണിക്കൂര്‍ പിന്നിലാണ് ബ്രസീലിലെ സമയം. ഇന്ത്യന്‍ സമയമാകട്ടെ അഞ്ചര മണിക്കൂര്‍ (UTC+5:30) മുന്നിലും, അതായത് 8.30 മണിക്കൂര്‍ നേരത്തെ വ്യത്യാസം! അതിനാല്‍, ജൂലൈ 22ാം തിയതി തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് നാല് മണിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ റിയോ ദി ജനീറോയിലെത്തുമ്പോള്‍ ഇന്ത്യയില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കും (ചൊവ്വാഴ്ച, 00.30 A.M).

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.