2013-07-22 15:36:00

ദൈവദാസി മദര്‍ ഏലീശ്വയുടെ ചരമശതാബ്ദി ആചരണം സമാപിച്ചു


22 ജൂലൈ 2013, കൊച്ചി
ദൈവദാസി മദര്‍ ഏലീശ്വയുടെ ചരമശതാബ്ദി ആചരണത്തിന് തിരശ്ശീല വീണു. ജൂലൈ 21-ാം തിയതി വൈകുന്നേരം 4ന് ഏലീശ്വാമ്മയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ആദ്യതട്ടുകമായ കൂനമ്മാവില്‍ കെ.ആര്‍.എല്‍.സി.സി. അദ്ധ്യക്ഷനും തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ ഡോ. സൂസപാക്യത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ദിവ്യബലിയോടെയാണ് സമാപനചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

ദിവ്യബലിയെ തുടര്‍ന്ന് സമാപന പൊതുസമ്മേളനം നടന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാത്തോലിക്ക ബാവ സ്ത്രീ വിമോചനത്തിനായി ദൈവം നല്‍കിയ അമൂല്യനിധിയാണ് മദര്‍ ഏലീശ്വയെന്ന് പ്രസ്താവിച്ചു. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളത്തില്‍, ശതാബ്ദി സ്മാരകമായി സി.ടി.സി. സഭ നിര്‍മിച്ച 20 ഭവനങ്ങളുടെ താക്കോല്‍ദാനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് നടത്തി. മദര്‍ ഏലീശ്വയുടെ നാമത്തില്‍ കവറും സ്റ്റാമ്പും പുറത്തിറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശതാബ്ദി സ്മരണികയും വിവിധ ഗ്രന്ഥങ്ങളും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പ്രകാശനം ചെയ്തു. സ്‌കോളര്‍ഷിപ്പ് വിതരണം ഝാന്‍സി ബിഷപ്പ് ഡോ. പീറ്റര്‍ പറപ്പിള്ളി നിര്‍വഹിച്ചു.

ആഗോള നിഷ്പാദുക കര്‍മ്മലീത്ത സഭയുടെ ഡഫനിറ്റര്‍ ജനറല്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ മദര്‍ ഏലീശ്വ അനുസ്മരണ പ്രഭാഷണം നടത്തി.
ദൈവദാസി മദര്‍ ഏലീശ്വയുടെ കബറിടം സ്ഥിതിചെയ്യുന്ന വരാപ്പുഴ, ജന്മസ്ഥലമായ ഓച്ചന്തുരുത്ത് എന്നിവിടങ്ങളില്‍ നിന്ന് കെ.സി.വൈ.എമ്മിന്റെയും കെ.എല്‍.സി.എ.യുടേയും നേതൃത്വത്തില്‍ 'സ്‌നേഹജ്യോതി' ഛായചിത്ര പ്രയാണവും ഉണ്ടായിരുന്നു. സി.ടി.സി. സഭയിലെ മുഴുവന്‍ സംന്യസ്തരും അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃക നല്‍കുമെന്ന് മദര്‍ സുപ്പീരിയര്‍ ലൈസ പറഞ്ഞു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.