2013-07-22 15:35:34

കര്‍ദിനാള്‍ പിമെന്‍റയ്ക്ക് ഇന്ത്യയുടെ അന്ത്യാജ്ഞലി


22 ജൂലൈ 2013, മുബൈ
മുബൈ അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സൈമണ്‍ ഇഗ്നേഷ്യസ്‍ പിമന്‍റയ്ക്ക് ഇന്ത്യന്‍ കത്തോലിക്കരുടെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാത്രി കാലംചെയ്ത കര്‍ദിനാള്‍ സൈമണ്‍ പിമെന്‍റയുടെ (93) സംസ്കാരശുശ്രൂഷ സമ്പൂര്‍ണ സഭാബഹുമതികളോടെ ജൂലൈ 23ാം തിയതി ചൊവ്വാഴ്ച ജന്മനാടായ മാരോളിലെ സ്നാപക യോഹന്നാന്‍റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചമുതല്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന ഭൗതികശരീരം വൈകീട്ട് 5 മണിക്ക് കബറടക്കും. സെന്‍റ്.ജോണ്‍ ഇവാജലിസ്റ്റ് ദേവാലയത്തിലെ അന്തിമോപചാര ശുശ്രൂഷകള്‍ക്കു ശേഷം ഹോളി നെയിം കത്തീഡ്രലിലും അനുസ്മരണ ദിവ്യബലി അര്‍പ്പിക്കപ്പെടും.

ഫ്രാന്‍സിസ് മാര്‍പാപ്പ മുബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനയച്ച അനുശോചന സന്ദേശത്തില്‍ കര്‍ദിനാള്‍ പിമന്‍റ കത്തോലിക്കാ സഭയ്ക്കു നല്‍കിയ നിരവധിയായ സേവനങ്ങള്‍ കൃതജ്ഞതയോടെ അനുസ്മരിച്ചിരുന്നു.

മുംബൈയില്‍നിന്നുള്ള രണ്ടാമത്തെ കര്‍ദിനാളാണ് സൈമണ്‍ ഇഗ്നേഷ്യസ്‍ പിമന്‍റ. 1971-ല്‍ മുബൈ അതിരൂപതയുടെ സഹായമെത്രാനായ അദ്ദേഹം 78-ല്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു. 1988-ല്‍ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു. തുടര്‍ച്ചയായി മൂന്നുതവണ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്‍റായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1996-ല്‍ അതിരൂപത ഭരണത്തില്‍നിന്നു വിരമിച്ച ഡോ.പിമെന്‍റ ബാന്ദ്രയിലെ വൈദികമന്ദിരത്തില്‍ വിശ്രമജീവിതത്തിലായിരുന്നു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.