2013-07-20 11:22:22

മേരി തിരഞ്ഞെടുത്ത
നല്ലഭാഗം - ധ്യാനമാര്‍ഗ്ഗം


RealAudioMP3
വിശുദ്ധ ലൂക്കായുടെ സുവിശേഷം 10, 38-42
ആണ്ടുവട്ടം 16-ാം വാരം

“അവിടുന്നു പോകുന്നവഴി ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മാര്‍ത്ത എന്നു പേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു. അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുമുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്‍റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവിടുത്തെ പാദാന്തികത്തില്‍ ഇരുന്നു. മാര്‍ത്തയാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്‍റെ അടുത്തുചെന്നു പറഞ്ഞു. കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്ന സഹായിക്കാന്‍ അവളോടു പറയുക. കര്‍ത്താവ് അവളോടു പറഞ്ഞു. മാര്‍ത്താ, മാര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ടാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം ആ നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍നിന്ന് എടുക്കപ്പെടുകയില്ല.”

അറിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമാണ് ബ്ലെസ്സി. കാഴ്ച, തന്മാത്ര, പളുങ്ക്, പ്രണയം എന്നീ നല്ല സിനിമകള്‍ കലാകേരളത്തിന് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. രഹസ്യമായും പരസ്യമായും പല വേദികളിലും ബ്ലെസ്സി പങ്കുവച്ചിട്ടുള്ളൊരു കാര്യം, അദ്ദേഹം ജോലികള്‍ക്കുമുന്‍പ് ധ്യാനപൂര്‍വ്വം ബൈബിള്‍ വായിക്കുന്നു, എന്നത്. വചനം വായിച്ചും ധ്യാനിച്ചും പ്രാര്‍ത്ഥിച്ചുമാണ് ജോലി ആരംഭിക്കുന്നത്. ക്രിയാത്മകമായ തിരിക്കഥുരചനയില്‍ ഈ ധ്യാനനിമിഷങ്ങള്‍ ദൈവത്തിന്‍റെ കൃപാസ്പര്‍ശമായി താന്‍ അനുഭവിക്കുന്നു, എന്ന് ബ്ലസ്സി സാക്ഷൃപ്പെടുത്തുന്നു.

ക്രിസ്തുവിന്‍റെ ഹൃദയത്തില്‍നിന്നും വചനം വാക്കുകളായി പുറത്തേയ്ക്ക് വരുന്നതു പിടിച്ചെടുക്കാന്‍ അവിടുത്തെ കാല്‍പാദത്തില്‍ ഇരിക്കുന്ന മറിയത്തിന്‍റെ ചിത്രമാണ് ഇന്നത്തെ സുവിശേഷം വരച്ചുകാട്ടുന്നത്. ലൂക്കായുടെ സുവിശേഷം രണ്ടുതരം കഥാപാത്രങ്ങളെ, വ്യക്തിത്വങ്ങളെ അവതിപ്പിക്കുന്നു - ഒന്ന് ‘പ്രവര്‍ത്തിക്കുന്നവര്‍,’ രണ്ടാമത്തേത് ‘പ്രാര്‍ത്ഥിക്കുന്നവര്‍.’ (10, 25-37) ലൂക്കാതന്നെ പറയുന്ന നല്ല സമറിയാക്കാരന്‍റെ കഥ, ഒരു മനുഷ്യന്‍ ചെയ്യുന്ന മാതൃകയാക്കാവുന്ന സല്‍ക്കര്‍മ്മം ചൂണ്ടിക്കാട്ടുകയാണ്. സല്‍ക്കര്‍മ്മിയുടെ വഴിയാണ് അത് വ്യക്തമാക്കുന്നത്. മാര്‍ത്തായുടെ വഴി അതുതന്നെയാണ്. മാര്‍ത്ത പലവിധ ശുശ്രൂഷകളില്‍ മുഴുകിയിരിക്കുന്നുവെന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. (10, 40.. 11, 1-15) ക്രിസ്തു പ്രാര്‍ത്ഥനയെപ്പറ്റി പഠിപ്പിക്കുന്ന ഭാഗവും ലൂക്കാ വിവരിക്കുന്നുണ്ട്. പ്രാര്‍ത്ഥനയുടെ വഴിയാണ് ബഥനിയിലെ മറിയത്തിന്‍റേത്. “മറിയം കര്‍ത്താവിന്‍റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവിടുത്തെ പാദാന്തികത്തില്‍ ഇരുന്നു,” എന്നാണ് സുവിശേഷം കുറിച്ചിരിക്കുന്നത്. 10, 39. അങ്ങനെയെങ്കില്‍ ഇന്നത്തെ സുവിശേഷ ഭാഗം (10, 38-42) പറയുന്ന മാര്‍ത്തായുടെയും മറിയത്തിന്‍റെയും കഥ നല്ല സമറിയാക്കാരന്‍റെ കഥയുമായും (മാര്‍ത്തായുടെ വഴിയുമായും) പ്രാര്‍ത്ഥനയയെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുമായും (മറിയത്തിന്‍റെ വഴിയുമായും) ബന്ധപ്പെട്ടിരിക്കുന്നു.

സുവിശേഷത്തിലെ സമറിയാക്കാരന്‍റെ പ്രായോഗിക നന്മയുടെ മനോഭാവമുള്ള മാര്‍ത്ത തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുന്നു. ഇവിടെ അവളുടെ അയല്‍ക്കാരന്‍ ക്രിസ്തുവാണ്. എന്നാല്‍ മറിയം അവളുടെ കര്‍ത്താവിനെയും. രണ്ടും പരസ്പരപൂരകങ്ങളുമാണ്. ആരാണ് എന്‍റെ അയല്‍ക്കാരന്‍ എന്നു ചോദിച്ച നിയമജ്ഞനോട് ക്രിസ്തു പറഞ്ഞു, “നീ പോയി അതുപോലെ ചെയ്യുക.” എന്നാല്‍, മാര്‍ത്തയോടു പറഞ്ഞത്, “ഓ. മാര്‍ത്താ, മാര്‍ത്താ, മറിയത്തെപ്പോലെ നീ ഇവിടെ വന്ന് എന്നെ ശ്രവിക്കൂ,” എന്നാണ്. രണ്ടും ജീവിതത്തില്‍ ആവശ്യമാണ്. ക്രിസ്തുവിന്‍റെ അരികിലിരുന്ന്, അവിടുത്തെ ശ്രവിച്ചുകൊണ്ട് അയല്‍ക്കാരെ സ്നേഹിക്കാമെന്നാണ് അവിടുന്നു പഠിപ്പിക്കുന്നു.

അയല്‍ക്കാരനെ സ്നേഹിക്കുന്ന കാര്യം മനസ്സിലാക്കിത്തരാന്‍ സമറിയക്കാരനെ കഥാപാത്രമാക്കിയ ക്രിസ്തു, ദൈവസ്നേഹം പഠിപ്പിക്കാന്‍ മറ്റൊരവസരത്തില്‍ കിണറ്റിന്‍ കരയിലെ സ്ത്രീയെ കഥാപാത്രമാക്കുന്നു – സമറിയക്കാരി സ്ത്രീ! ക്രിസ്തുവിന്‍റെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. നല്ല അയല്‍ക്കാരനാകാന്‍ വിജാതിയനായ സമറിയാക്കാരന് സാധ്യമല്ല എന്ന ധാരണ ഇവിടെ തിരുത്തിക്കുറിച്ചു. അതുപോലെ പുരുഷന്‍റെ കാല്ക്കല്‍ സ്ത്രീ പരസ്യമായി ഇരിക്കരുത് എന്ന മാമൂലും അവിടുന്ന് ഇടിച്ചു തകര്‍ക്കുന്നു.

സംസ്ക്കാരങ്ങള്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ക്രിസ്തു കാറ്റില്‍ പറത്തുകയാണ്. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും സര്‍വ്വശക്തിയോടുംകൂടെ സ്നേഹിക്കുക എന്നതിനര്‍ത്ഥം മനുഷ്യനെ പീഡിപ്പിച്ച് ചൂഷണംചെയ്യുന്ന എല്ലാ മതിലുകളെയും സര്‍വ്വശക്തിയോടുംകൂടെ ഇടിച്ചു നിരത്തുക എന്നാണ്. ദൈവഭരണത്തിനു ചേരാത്ത നിയമങ്ങളെ ലംഘിക്കുകയാണ് സര്‍വ്വശക്തിയോടെയുള്ള ദൈവസ്നേഹത്തിന്‍റെ ഭാവം. കര്‍ത്താവിന്‍റെ കാല്‍ക്കല്‍ ഇരുന്ന് വചനം കേട്ട മറിയം ഉയര്‍ത്തിവിട്ട വിപ്ലവം, ധ്യാനത്തിന്‍റെയും ആത്മീയതയുടെയും വിപ്ളവമാണ്.

എവിടെയായിരുന്നാലും ജീവിതമേഖലകളിലേയ്ക്ക്, ആത്മാര്‍ത്ഥമായും ആഴമായും ഇറങ്ങിച്ചെല്ലുമ്പോള്‍ അത് ധ്യാനമായിത്തീരുന്നു. ധ്യാനം എന്താണ്, എന്ന ചോദ്യത്തെ ധ്യാനമല്ലാത്തതെന്താണ് എന്ന ചോദ്യംകൊണ്ട് നേരിടുന്നതായിരിക്കും നല്ലത്. ഗന്ധര്‍വ്വഗായകന്‍, യേശുദാസ് പറഞ്ഞു,
“എന്‍റെ സംഗീതം എനിക്കു ധ്യാനമാണ്” എന്ന്. “വയലിന്‍ ആത്മാവുള്ള ഉപകരണമാണ്” എന്ന് ഒരിക്കല്‍ പ്രഗത്ഭനായ വയലിനിസ്റ്റ് പ്രസ്താവിച്ചു. വിറകുവെട്ടുകാരന്‍റെ താളത്തില്‍ ധ്യാനാത്മകമായ അദ്ധ്വാനമുണ്ട്. ഗന്ധിജി രാഷ്ട്രീയത്തെ ധ്യാനമാക്കിയില്ലേ. ഫുക്കുവോക്ക കൃഷിയെ ധ്യാനമാക്കിയപ്പോള്‍, ഹോചിമിന്‍ തടവറയെയാണ് ധ്യാനമാക്കിയത്. മീരാഭായിയും ജയദേവരും പ്രണയത്തെയും ധ്യാനിച്ചിട്ടുണ്ട്. എഴുത്തച്ഛന്‍ കവിതയെ ധ്യാനമാക്കിയപ്പോള്‍ മൈക്കിളാഞ്ചലോ കലയെ ധ്യാനമായ് സ്വീകരിച്ചു.

ധ്യാനിക്കാനുള്ള വിളിയെ നാം ഗൗരവത്തില്‍ എടുക്കേണ്ടതാണ്. ദൈവസന്നിധിയില്‍ വെറുതെ ഇരിക്കാനുള്ള വിളിയാണതെന്നു പറയാം. ഒത്തിരി കാര്യങ്ങളില്‍ നുറുങ്ങിയും വിഭജിക്കപ്പെട്ടും നമ്മുടെ ജീവിതങ്ങള്‍ മാര്‍ത്തായുടേതു പോലായിത്തീരുന്നു. “മാര്‍ത്താ, മാര്‍ത്താ, നീ പലതിനെക്കുറിച്ച് ഉത്കണ്ഠാകുലയും അസ്സ്ഥയുമായിരിക്കുന്നു ലൂക്കാ 10, 41. ഏറ്റം ഗൗരവമുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴാണ് ഒരാളുടെ പേര് ക്രിസ്തു ആവര്‍ത്തിച്ച് വിളിക്കുന്നതെന്ന സൂചനയുണ്ട്. “ശിമയോനേ, ശിമയോനേ, സാത്താന്‍ നിന്നെ ഗോതമ്പു പാറ്റുന്നതുപോലെ പാറ്റുമ്പോള്‍ നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍‍ വേണ്ടി ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു” (ലൂക്കാ 22, 21).
“ജരൂസലേം, ജരൂസലേം, തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുംപോലെ നിന്‍റെ മക്കളെ ചേര്‍ത്തുകൊള്ളാന്‍ ഞാനെത്ര ആശിച്ചിരുന്നു” (മത്തായി 33, 32). “സാവൂള്‍, സാവൂള്‍, നീ എന്നെ ഉപദ്രവിക്കുന്നതെന്തിന്?” (നടപടി 26, 14). തുടങ്ങിയ ഭാഗങ്ങളില്‍ പറയുന്നതുപോലെ. “മാര്‍ത്താ മാര്‍ത്താ” എന്നതിനു പകരം സാധകരായ നമ്മള്‍, സ്വന്തം പേരുകള്‍ ചേര്‍ത്ത് പേര്‍ത്തു വായിച്ച് ഇടയ്ക്കിടയ്ക്ക് നമ്മെത്തന്നെ ശകാരിക്കണം.

മേരി തിരഞ്ഞെടുത്ത ഭാഗത്തെ നല്ലഭാഗമെന്നാണ് ക്രിസ്തു വിശേഷിപ്പിക്കുന്നത്. പൊതുവേ നമ്മള്‍ വിചാരിക്കുന്നത്. ഒരാള്‍ പ്രയത്നത്തിലായിരിക്കുകയാണ് പ്രധാനം എന്നാണ്. ക്രിസ്തുവിനറിയാം വെറുതെ ഇരിക്കാന്‍ പരിശീലിച്ചവര്‍ തങ്ങള്‍ പാര്‍‍ക്കുന്ന ഇടങ്ങളെ കുറെക്കൂടി മനോഹരമാക്കുന്നുണ്ടെന്ന്. ഒരു ചുവട് പിന്നോട്ട് എടുക്കാവുന്നവരൊക്കെ ഏഴുചുവടിനുള്ള ഊര്‍ജ്ജം സംഭരിക്കുകയാണ്. കുട്ടികള്‍ കൈത്തോട് ചാടുന്നതുപോലെ, പിറകോട്ടോടി മുന്നോട്ട് ആയം കണ്ടെത്തിയിട്ടാണ്.... ഒരാള്‍ക്ക് അയാളെത്തന്നെ കണ്ടെത്താന്‍ നേരമില്ലാത്ത വിധത്തില്‍ ജീവിതം ഇത്രയും തിടുക്കമോ തിരക്കോ അര്‍ഹിക്കുന്നില്ല.

പഴയ ഫലിതത്തിന് ജീവിതത്തില്‍ ആവര്‍ത്തനങ്ങള്‍ സംഭവിക്കുന്നുണ്ട്. ട്രെയിനില്‍ ടിടി, ടിക്കറ്റ് എക്സാമിനര്‍ എത്തിയപ്പോള്‍ ഒരാള്‍ തന്‍റെ ടിക്കറ്റു തപ്പാന്‍ തുടങ്ങി. എല്ലായിടത്തും അയാളതു പരതുന്നുണ്ട്. എന്തിന് സോക്സിനിടയില‍പ്പോലും! എല്ലായിടത്തും തപ്പിയ അയാള്‍, തന്‍റെ പോക്കറ്റ് മാത്രം ഇനിയും തപ്പിയിട്ടില്ലെന്ന് ഓഫീസര്‍ സൗമ്യമായി ഓര്‍പ്പിച്ചു. അയാള്‍ പറഞ്ഞു.
“സര്‍, എനിക്കും അതറിയാം. അവിടെയാണ് എന്‍റെ അവസാനത്തെ പ്രതീക്ഷ. അവിടെക്കൂടി തപ്പിയിട്ട് കാര്യങ്ങള്‍ നേരെയായില്ലെങ്കില്‍ ഞാന്‍ തകര്‍ന്നുപോകും. അതിനുമുന്‍പ്, ഞാന്‍ ബാക്കിയുള്ള ഇടങ്ങള്‍ ഒന്നു തപ്പിത്തീര്‍ത്തോട്ടെ.” എല്ലായിടത്തും തപ്പി മടുത്തെങ്കില്‍ പിന്നെ, സ്വന്തം ഹൃദയത്തിലേയ്ക്ക് പ്രവേശിച്ചാലെന്താ!?

കിണറുകള്‍ ദാഹം ശമിപ്പിക്കുകയില്ലെന്ന് ഇതിനകം ഉറപ്പു കിട്ടിയവര്‍ ഒരുമിച്ച് ഇനി, ഉറവകളെ തിരഞ്ഞു തുടങ്ങാവുന്നതാണ്. ഒരാള്‍ തന്നോടുതന്നെ തൃപ്തിയില്‍ ജീവിക്കുന്ന കലയുടെ പേരാണ് ധ്യാനം.
ആ നല്ല ഭാഗം മറിയത്തില്‍നിന്ന് അപഹരിക്കപ്പെട്ടിട്ടില്ല എന്ന ഉറപ്പ് ക്രിസ്തു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതങ്ങനെയാണ്, ധ്യാനം ഒരാളുടെ സംസ്ക്കാരത്തിന്‍റെ ഭാഗമായി മാറുമ്പോള്‍ എന്തു തിരക്കിലും ഒരാള്‍ക്ക് അതിന്‍റെ ഭാഗമായി ജീവിക്കാനാകും. ധ്യാനത്തിന്‍റെ പിന്‍ബലമുള്ള ഒരാള്‍ നഗരത്തിന്‍റെ
ഓട കുറുകെ കടക്കുമ്പോഴും, അയാളെ ആത്മീയതയുടെ സുഗന്ധം പൊതിഞ്ഞു നില്ക്കും. ഒരു മാത്ര മിഴിപൂട്ടുമ്പോള്‍ എണ്ണിയാലൊടുങ്ങാത്ത ജലശംഖുകളുടെ ഓംകാരങ്ങള്‍ അയാളുടെ മനസ്സില്‍ ഉയരും.... അല്ലാത്തവര്‍ക്ക് ജീവിതം വൈകാതെ യാന്ത്രികമായിത്തുടങ്ങും. ദൈവമേ, ഓരോ ദിവസവും ഞാന്‍ ഉണരുമ്പോള്‍ അങ്ങേ സ്നേഹത്തിന്‍റെയും കരുണ്യത്തിന്‍റേയും സദ്ചിന്തകള്‍ എന്നെ നിറയ്ക്കട്ടെ, നയിക്കട്ടെ..... Prepared : william nellikal








All the contents on this site are copyrighted ©.