2013-07-17 18:01:18

മലയാളത്തിന്‍റെ പ്രഥമ
സന്ന്യാസിനി ഏലീശ്വാമ്മ


17 ജൂലൈ 2013, കൊച്ചി
കേരളക്കരയിലെ പ്രഥമ സന്ന്യാസിനി ഏലീശ്വാമ്മയുടെ ചരമശതാബ്ദി ആഘോഷങ്ങള്‍ ജൂലൈ 18, 21 വ്യാഴം, ഞായര്‍ തിയതികളില്‍ വരാപ്പുഴയിലും കൂനമ്മാവിലുമായി ആചരിക്കും. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ നവോത്ഥാനത്തിന്‍റെ ആത്മീയത വളര്‍ത്തിയ സാത്ത്വികയും കേരളത്തിലെ പ്രഥമ സന്ന്യാസിനിയും സഭാസ്ഥാപകയുമാണ് ദൈവദാസി ഏലീശ്വാമ്മ. സമര്‍പ്പണജീവിതത്തിന് മാതൃകയായി കേരളമണ്ണില്‍ ആരുമില്ലാതിരുന്നൊരു കാലഘട്ടത്തില്‍ ദൈവത്താല്‍ പ്രേരിതയായി തദ്ദേശസന്ന്യാസാരൂപിക്കും ജീവിതരീതിക്കും നവമായ പാത തെളിയിച്ച പുണ്യാത്മാവും പരിത്യാഗിനിയുമാണ് കൊച്ചിയില്‍ പെരിയാറിന്‍റെ തീരത്തുള്ള വരാപ്പുഴ ദ്വീപിലെ സി.റ്റി.സി.-യുടെ Congregation of the Teresian Carmelites മാതൃസ്ഥാപനത്തില്‍ 1913 ജൂലൈ 18-ന് 82-ാമത്തെ വയസ്സില്‍ പൊലിഞ്ഞുപോയ മദര്‍ ഏലീശ്വാ.

ഒരു വര്‍ഷം നീണ്ടുനിന്ന ഏലീശ്വാമ്മ ചരമശതാബ്ദി ആഘോഷങ്ങള്‍ രണ്ടു ദിവസത്തെ പരിപാടികളോടെയാണ് സമാപിക്കുന്നത്. ജൂലൈ 18-ന് ഏലീശ്വമ്മയുടെ ചരമദിനത്തില്‍, വൈകുന്നേരം 3.30-ന് വരാപ്പുഴയിലുള്ള ഏലീശ്വാ നഗറില്‍ റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ തോപ്പോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയും, അതിനെ തുടര്‍ന്ന് സഭാംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും സമ്മേളനമാണ്. കേരളസഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള മെത്രന്മാരും അതില്‍ പങ്കെടുക്കും.
ജൂലൈ 21-ാം തിയതി വൈകുന്നേരം 3.30-ന് ഏലീശ്വാമ്മയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ആദ്യതട്ടുകമായ കൂനമ്മാവില്‍ കേരളത്തിലെ ലത്തീന്‍ ഹയരാര്‍ക്കിയുടെ അദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് സൂസൈ പാക്യത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ശതാബ്ദദിവ്യബലി അര്‍പ്പിക്കപ്പെടും.
തുടര്‍ന്നുള്ള സാംസ്ക്കാരിക സമ്മേളനത്തില്‍ വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അദ്ധ്യക്ഷനായിരിക്കും, മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവ അനുഗ്രഹപ്രഭാഷണം നടത്തും, ലോകസഭാ സ്പീക്കര്‍ മീരാ കുമാര്‍, കേന്ദ്രമന്ത്രി കെ.വി. തോമസ് എന്നിവരും വിശിഷ്ടാതിഥികളായി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്, സി.റ്റി.സി. Congregation of the Teresian Carmelites സഭയുടെ മദര്‍ ജനറല്‍, സിസ്റ്റര്‍ ലൈസ വത്തിക്കാന്‍ റേഡിയോയെ അറയിച്ചു.

കേരളത്തിലെ പ്രഥമ തദ്ദേശിയ സന്യാസിനീ സമൂഹമായ, കര്‍മ്മലീത്താ നിഷ്പാദുക മൂന്നാം സഭ (TOCD)-യുടെ സ്ഥാപകയാണ് മദര്‍ ഏലീശ്വാ. കൊച്ചിക്കടുത്തുള്ള കൂനമ്മാവ് എന്ന സ്ഥലത്തു തുടങ്ങിയ പനമ്പു മഠത്തില്‍ 1866-ലാണ് മദര്‍ ഏലീശ്വ റ്റി.ഒ.സി.ഡി. (the Third Order of Carmelites Discalceated) സന്ന്യാസിനീസഭ സ്ഥാപിച്ചത്. പരിത്യാഗിനിയും ധ്യാനനിര്‍ലീനയുമായിരുന്ന ഏലീശ്വാമ്മയുടെ ജീവിതത്തില്‍ ആകൃഷ്ടരായ സ്വന്തം സഹോദരിയും പിന്നീട് മകളുമായിരുന്നു സഭയിലെ പ്രഥമ അംഗങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സമഗ്രരൂപീകരണവും നല്കണമെന്ന ലക്ഷൃവുമായിട്ടാണ് ദൈവദാസി ഏലീശ്വാമ്മ സഭ സ്ഥാപിച്ചത്.
ഇന്ന് കേരളത്തില്‍ വളര്‍ന്നു വലുതായി നില്ക്കുന്ന സി.റ്റി.സി. (Congregation of the Teresian Carmelites), സി.എം.സി. (Congregation of Mother of Carmel) എന്നീ സഭകള്‍ ഏലീശ്വാമ്മയുടെ മാതൃസ്ഥാപനത്തില്‍നിന്നും ഉരുത്തിരിഞ്ഞ രണ്ടു മക്കളാണ്, ശാഖകളാണ്. കേരളത്തില്‍ റീത്ത് അടിസ്ഥാനത്തില്‍ സഭാ പ്രവിശ്യകള്‍ വിഭജിക്കപ്പെട്ട കാലത്ത് മാതൃസ്ഥാപനത്തില്‍നിന്നും സി.എം.സി., സി. ടി. സി. സഭകള്‍ വിഭജിക്കപ്പെട്ടത് 1890-ല്‍ ഏലീശ്വാമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്.

കൂനമ്മാവില്‍ സ്ഥാപിക്കപ്പെട്ട പ്രഥമ തദ്ദേശിയ സന്ന്യാസിനീ സമൂഹം കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യവും മതാത്മകവുമായ ജീവിതത്തില്‍ പരിവര്‍ത്തനത്തിന്‍റെയും ആത്മീയ നവീകരണത്തിന്‍റെയും ഓളങ്ങള്‍ ഉയര്‍ത്തിയെന്നത് ചരിത്ര സംഭവമാണ്.. കൂനമ്മാവിലെ ലളിതമായ കന്യകാലയത്തിന്‍റെ ഉമ്മറത്തുനിന്നും ഏലീശ്വാ വൈപ്പിശ്ശേരി എന്ന സ്ത്രീരത്നം ആദ്യമായി വെട്ടിത്തെളിച്ച കേരളമണ്ണിലെ സ്ത്രീകള്‍ക്കുള്ള സന്ന്യാസത്തിന്‍റെ പാത ഇന്ന് വികസിച്ച് ഭാരതത്തിന്‍റെ മാത്രമല്ല, ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലുമായി പരന്നുകിടക്കുന്നു. ദൈവദാസി ഏലീശ്വാമ്മ സ്വര്‍ഗ്ഗം പൂകിയത് 1913 ജൂലൈ 18-ാം തിയതി വരാപ്പുഴയിലെ മാതൃസ്ഥാപനത്തില്‍തന്നെയാണ്. അതിനോടു ചേര്‍ന്നുള്ള സ്മൃതിമണ്ഡപത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിമോചനത്തിനുമായി കത്തിയെരിഞ്ഞ ആ ജീവിതം ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും മങ്ങാത്തസ്മരണകള്‍ ഉയര്‍ത്തിക്കൊണ്ടു വിരാജിക്കുന്നു.
Reported : nellikal, Vatican Radio








All the contents on this site are copyrighted ©.