2013-07-17 18:32:24

ഒറീസ്സാ സംഭവം ക്രൂരവും
ബീഭത്സകവുമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


17 ജൂലൈ 2013, ഒറീസ്സാ
ഒറീസ്സാ വീണ്ടും നീചമായ ക്രൈസ്തവ പീഡനത്തിന്‍റെ കേന്ദ്രമാകുന്നുണ്ടെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അപലപിച്ചു. ജൂലൈ 6-മുതല്‍ 11-വരെ തിയതികളില്‍ ഒറീസ്സായിലെ ബാമുനിഗാമില്‍ നടമാടിയ കത്തോലിക്കാ സന്ന്യാസിനിയുടെ കൂട്ടമാനഭംഗപ്പെടുത്തല്‍ സംഭവത്തെ അപലപിച്ചുകൊണ്ട് മുംമ്പയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രതികരിച്ചത്. ദൈവത്തിന് തന്നെ സമര്‍പ്പിച്ചൊരു സന്ന്യാസിനെ മാനഭംഗപ്പെടുത്തിയത് ഭാരത സംസ്ക്കാരത്തിനും ആത്മീയതയ്ക്കും നിരക്കാത്ത നീചവും നിന്ദ്യവുമായ പ്രവൃത്തിയാണെന്നും, സാമൂഹ്യ നീതിയുടെയും ധാര്‍മ്മികതയുടെയും അതിര്‍വരമ്പുകള്‍‍ ലംഘിച്ച സംഭവം കിരാതവും സംഘടിതവുമാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് കുറ്റപ്പെടുത്തി.

നിയമപാലകരുടെയും സര്‍ക്കാരിന്‍റെയും ഭാഗത്തുനിന്നും കാണുന്ന നിര്‍വ്വികാരപരമായ നിസംഗത രാഷ്ട്രത്തിന്‍റെ ക്രമസമാധാന ചട്ടങ്ങളോടും മതേതരത്വത്തോടുതന്നെയും കാണിക്കുന്ന ക്രൂരമായ അവഗണയാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആരോപിച്ചു. കട്ടാക്ക് ഭുവനേശ്വര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോണ്‍ ബാവ്റായും സംഭവത്തെ അപലപിക്കുകയും അഭ്യന്തര മന്ത്രാലയത്തില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

നാട്ടില്‍ അമ്മ വളരെ അത്യാസന്നനിലയിലാണ് എന്ന സന്ദേശമയച്ച് ബന്ധുചമഞ്ഞൊരു സ്ത്രീയാണ് മദ്രാസില്‍ പഠിക്കുകയായിരുന്ന 28-വയസ്സുകാരി സന്ന്യാസിനിയെ നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി ക്രൂരതയ്ക്ക് വിധേയയാക്കിയ സംഘത്തിന് വിട്ടുകൊടുത്തത്. ജൂലൈ 5-ാം തിയതി റെയില്‍ മാര്‍ഗ്ഗം ബാമുഗാമിലെത്തിയ സന്ന്യസിനിയെ അജ്ഞാതസംഘം ബന്ധിയാക്കുകയായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന ക്രൂരതയ്ക്കും ബീഭത്സതയുക്കുംശേഷം ജൂലൈ 11- തിയതി മാത്രമാണ് അവശനിലയില്‍ സന്ന്യസിനിയെ തന്‍റെ ഗ്രാമമായ കാണ്ഡമാലില്‍ ആക്രമികള്‍ ഉപേക്ഷിച്ചത്.
Reported : nellikal, Asia News









All the contents on this site are copyrighted ©.