2013-07-16 16:58:32

വി.കമിലസിന്‍റെ നാനൂറാം ചരമശതാബ്ദി


16 ജൂലൈ 2013, റോം
രോഗികളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സ്വര്‍ഗീയ മദ്ധ്യസ്ഥനായ ലെലിസിലെ വിശുദ്ധ കമില്ലസിന്‍റെ നാനൂറാം ചരമശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു. ലോകമെമ്പാടും വളര്‍ന്ന കമിലസ് സന്ന്യസ്ത സഭയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെയാണ് വി.കമില്ലസിന്‍റെ നാനൂറാം ചരമശതാബ്ദി ആഘോഷിക്കുന്നത്.
വി.കമില്ലസിന്‍റെ ചരമദിനമായ ജൂലൈ 14ന് ഫ്രാന്‍സിസ് മാര്‍പാപ്പ കാസില്‍ഗണ്‍ഡോള്‍ഫോയില്‍ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍, ആതുരസേവന രംഗത്ത് വി.കമില്ലസിന്‍റെ ഉദാത്ത മാതൃകയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. വി.കമ്മില്ലസിന്‍റെ ജീവിത മാതൃക സുവിശേഷത്തിലെ നല്ല സമരിയാക്കാരനോടാണ് മാര്‍പാപ്പ ഉപമിച്ചത്. വി.കമില്ലസിന്‍റെ ആത്മീയ പുത്രരായി അദ്ദേഹത്തിന്‍റെ മാതൃക അനുകരിച്ച്, ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമില്ലസ് സന്ന്യസ്ത സഭയിലെ അംഗങ്ങള്‍ക്കും പാപ്പ ആശംസകള്‍ നേര്‍ന്നു.
1550 മെയ് 25ന് കെയ്ത്തി എന്ന ഇറ്റാലിയന്‍ പട്ടണത്തില്‍ ജനിച്ച കമിലസ് 1614 ജൂലൈ 14ന് തന്‍റെ 64ാമത്തെ വയസിലാണ് മരണമടഞ്ഞത്. 1746ല്‍ ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. രോഗികളുടേയും ആശുപത്രികളുടേയും, ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സ്വര്‍ഗീയ മദ്ധ്യസ്ഥനാണ് വി.കമില്ലസ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.