2013-07-16 17:31:15

റവ.ഡോ. ജോസഫ് കൊല്ലംപറമ്പില്‍ ജഗ്ദല്‍പൂര്‍ മെത്രാന്‍


16 ജൂലൈ 2013, വത്തിക്കാന്‍
ഫാ.ജോസഫ് കൊല്ലംപറമ്പില്‍ സി.എം.ഐ.യെ ജഗ്ദല്‍പൂര്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പാപ്പായുടെ നിയമന ഉത്തരവ് ജൂലൈ 16നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. 1993 മുതല്‍ ജഗ്ദല്‍പൂര്‍ രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് സൈമണ്‍ സ്റ്റോക്ക് പാലത്തറ വിരമിച്ചതിനെ തുടര്‍ന്നാണ് പാപ്പ പുതിയ നിയമനം നടത്തിയത്.

പാലാ രൂപതയിലെ ചേര്‍പ്പുങ്കല്‍ സ്വദേശിയാണ് റവ.ഡോ.കൊല്ലംപറമ്പില്‍. 1979ല്‍ അമലോല്‍ഭമാതാവിന്‍റെ കര്‍മലീത്താ സന്ന്യസ്ത സഭയില്‍ (CMI) അംഗമായി വ്രതവാഗ്ദാനം നടത്തിയ അദ്ദേഹം 1985ല്‍ വൈദിക പട്ടം സ്വീകരിച്ചു. പിന്നീട് ഉപരിപഠനത്തിനായി റോമിലെത്തി, ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. സി.എം.ഐ സന്ന്യസ്ത സഭയുടെ മിഷന്‍ കേന്ദ്രങ്ങളിലായിരുന്നു പിന്നീട് അദ്ദേഹത്തിന്‍റെ ശുശ്രൂഷ. സി.എം.ഐ സഭയില്‍ ചേരാനാഗ്രഹിക്കുന്ന സന്ന്യസ്താര്‍ത്ഥികളുടെ പരിശീലനം, സെമിനാരി റെക്ടര്‍, നിര്‍മല്‍ പ്രോവിന്‍സിന്‍റെ അഡ്മിനിസ്റ്ററേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ച ഫാ.ജോസഫ് കൊല്ലംപറമ്പില്‍ 2011വരെ നിര്‍മല്‍ പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായും ശുശ്രൂഷ ചെയ്തിരുന്നു. ഭോപ്പാലിലെ ‘സമന്വയ’ ദൈവശാസ്ത്ര പഠനകേന്ദ്രത്തിന്‍റെ റെക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ ജഗ്ദല്‍പൂര്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ അദ്ധ്യക്ഷനായി പാപ്പ നിയമിച്ചിരിക്കുന്നത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.